Durga

the travelogue of life

Thursday, February 22, 2007

കാളി.

കാളിക്ക് അന്നു ഒരു തൊണ്ണൂറു വയസ്സെങ്കിലും ഉണ്ടായിരുന്നിരിക്കണം. കറ്റ മെതിക്കുന്ന പെണ്ണുങ്ങള്‍ക്കിടയിലൂടെയും മറ്റും കൂനിക്കൂടി, ഒരു മുഷിഞ്ഞ വെള്ളമുണ്ടുടുത്ത് എപ്പോഴും വിറച്ചുകൊണ്ടിരിക്കുന്ന തലയിലെ പഞ്ഞിമുടി കെട്ടിവച്ച് ഒരു വടിയും കുത്തി ഉമ്മറക്കോലായിലേയ്ക്ക് വന്നിരുന്ന കറുകറുത്ത കാളിയെ എങ്ങനെ മറക്കാന്‍ കഴിയും?
അമ്മയുടെ വീടെന്നു പറഞ്ഞാല്‍ സ്വര്‍ഗ്ഗമായിരുന്നു. അച്ഛന്റെ വീട്ടിലെ പട്ടാളച്ചിട്ടയില്‍ നിന്നും ഒരു മോചനമായിരുന്നു ഞങ്ങള്‍ക്കത്. വീട്ടുകാരും ആശ്രിതരും പണിക്കാരും ഒക്കെയായി എപ്പോഴും വീടും മുറ്റവും തൊടിയും നിറയെ ആളുകള്‍! ആകപ്പാടെ ഒരു ഉത്സവപ്രതീതി!

കാളിയെ എനിക്ക് പേടിയായിരുന്നെങ്കിലും അവര്‍ എന്നെ കാണാനായിരുന്നു വന്നിരുന്നത് എന്നതിനാല്‍ അനുകമ്പ കലര്‍ന്ന ചെറിയൊരിഷ്ടവും ഉള്ളില്‍ തോന്നിയിരുന്നു.
ഒരിക്കല്‍, അവരുടെ അടുത്തു ചെല്ലാന്‍ മടിച്ചു മടിച്ചു വാതിലിനപ്പുറം മറഞ്ഞു നിന്ന ദുര്‍ഗ്ഗയെ അവര്‍ കൈകാട്ടി അവര്‍ ആ മുഷിഞ്ഞ മുണ്ടിന്റെ കോന്തലയില്‍ നിന്നും ഒരു സമ്മാനം പുറത്തെടുത്തു. പഴുത്തു ചീയാറായ ഒരു ഏത്തപ്പഴം. അതിന്റെ ആ കറുകറുത്ത തൊലി ഇപ്പോഴും ഓര്‍മ്മയിലുണ്ട്. അവര്‍ പോയതും അതിന്റെ തൊലി കളഞ്ഞു കഴിക്കാന്‍ പോയ ദുര്‍ഗ്ഗയെ അമ്മ ശാസിച്ചു. “എവിടെ നിന്നൊക്കെ കൊണ്ടുവരുന്നതാണെന്നു ആര്‍ക്കറിയാം? ഞാന്‍ പറഞ്ഞിട്ടില്ലേ ഇങ്ങനെ ആരുടെ അടുത്തുന്നും വാങ്ങി കഴിക്കരുതെന്ന്!” പഴം പശുവിന്റെ ‘കാടി‘(വീട്ടില്‍ പശുവിനു കൊടുക്കാറുള്ള ഒരു ഹെല്‍ത്ത് ഡ്രിങ്ക്) യില്‍ വീണു...അത് കഴിക്കാന്‍ പറ്റാത്ത സങ്കടം ഒരു വശത്ത്..മറുവശത്ത് അമ്മയുടെ ഈ പ്രവൃത്തിയെ ഈശ്വരന്‍ എങ്ങനെ വിലയിരുത്തുമെന്ന ചിന്തയും...നരകത്തില്‍ കൊണ്ടുപോയി ഇത്തരം നൂറു പഴങ്ങള്‍ തീറ്റിച്ചാലോ? അല്ലെങ്കില്‍ കാളിയുടെ വേലക്കാരി ആക്കിയാലോ....അവര്‍ പണിയെടുത്തുണ്ടാക്കിയ കാശുകൊണ്ട് വാങ്ങിയതല്ലേ? എത്ര ചീത്തയാണെങ്കിലും കുറച്ചെങ്കിലും കഴിച്ചിട്ടല്ലേ കളയാവൂ..അല്ലെങ്കില്‍ ആ നിസ്വാര്‍ത്ഥസ്നേഹത്തെ ചവിട്ടിയരയ്ക്കുന്നതിനു സമമല്ലേ?...ഈ ചിന്തകള്‍ അമ്മയോടു പിണങ്ങുവാന്‍ ഇടയാക്കി. എന്തായാലും ഒരു കുശുമ്പിയും ധാര്‍ഷ്ട്യകാരിയുമായ വീട്ടമ്മയുടെ പരിവേഷം അമ്മയ്ക്കു കൊടുക്കാന്‍ ഞാനിഷ്ടപ്പെട്ടില്ല...കാളിയുടെ ആ പഴം വാങ്ങി കഴിച്ചിരുന്നെങ്കില്‍ വല്ല മാറാരോഗവും പിടിപെട്ടേനെ എന്നു വലിയ വൃത്തിക്കാരിയായ അമ്മ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചു.

കാളിക്ക് ഒരു സഹോദരനുണ്ടായിരുന്നു-ചാര്‍ത്താവ്. തൊടിയിലെ പണിക്കാരനായിരുന്നു..ആ സാധുവിന്റെ കറുത്ത മുഖത്തെ, നിഷ്കളങ്കമായ, വാത്സല്യം കലര്‍ന്ന ചിരി ഇപ്പോഴും ഓര്‍മ്മയിലുണ്ട്! മുത്തശ്ശന്റേയും അമ്മൂമ്മയുടേയും അമ്മാവന്മാരുടെയും ഒക്കെ മുന്നിലെത്തുമ്പോഴുള്ള ആ വിധേയത്വത്തിന് ഞങ്ങള്‍ കുട്ടികളുടെ മുന്നിലെത്തുമ്പോള്‍ വാത്സല്യത്തിന്റെ ഛായയും കൈവന്നിരുന്നു.
പിന്നീട് കാളിയെ കാണാതായി. തീരെ വയ്യെന്നു ആരോ പറഞ്ഞുകേട്ടു. വീട്ടില്‍ നിന്നും ഇടയ്ക്കിടെ ചെറിയ തുകകള്‍ കൈപ്പറ്റിയിരുന്നതിനാല്‍ പകരം ചാര്‍ത്താവിനെ മാത്രം ഉമ്മറത്തു കാണാം. ഒരിക്കല്‍ അവിടെ ചെന്നപ്പോള്‍ ചാര്‍ത്താവിന്റെ മുഖത്തു വ്യസനം കലര്‍ന്ന ചിരി...കാളി മരിച്ചെന്നു അപ്പോഴാണറിയുന്നത്!!
അദ്ദേഹത്തിനും വയ്യാതായിരിക്കുന്നു...കാലം എത്ര പെട്ടെന്നാണ് കടന്നു പോകുന്നത്..പറക്കമുറ്റിയപ്പോള്‍ അവര്‍ക്കു വേണ്ടി ഒന്നും ചെയ്യാനായില്ലല്ലോ എന്ന വിഷമം ബാക്കി.
നിഷ്കളങ്കമായി സ്നേഹിച്ച ആ ആശ്രിതയുടെ ആത്മാവിന് എന്റെ പ്രണാമം!