Durga

the travelogue of life

Friday, October 24, 2014

കച്ചും ഞാനും - 3

ഭുജിൽ മാരീഡ് ഓഫീസർ അക്കോമ്മഡേഷൻ ശരിയാവുന്നതിനു മുൻപ്, ബാച്ചിലർ അക്കോമ്മഡേഷനിൽ കഴിഞ്ഞുപോരുന്ന കാലം.   ഒരു മുറി മാത്രമുണ്ടായിരുന്ന അവിടം പകൽ സമയം എന്നെ വല്ലാതെ  ബോറടിപ്പിച്ചിരുന്നുനാത്തൂൻറെ വിവാഹസമ്മാനമായ ലാപ്ടോപ്പിൽ പാട്ടുകൾ കേട്ടും, ഇന്ന്  മെസ്സിൽ നിന്നും വരാൻ പോകുന്ന ഭക്ഷണം എന്തായിരിക്കുമെന്ന് ചിന്തിച്ചും ഉച്ചക്ക് ഭർത്താവ് വരുന്നതുവരെ കഴിച്ചുകൂട്ടിപ്പോന്നു.

നാട്ടിൻപുരത്തു നിന്നും പറിച്ചു നട്ടത് കൊണ്ട് ഗൃഹാതുരത്വത്തിൻറെ അതിപ്രസരത്താൽ ചെടി കാണുന്നതെല്ലാം തന്റെ ഗ്രാമത്തിൽ ഉള്ളതുമായി താരതമ്യം ചെയ്തുപോന്നു.
ഒരിക്കൽ നട്ടുച്ച സമയം ! അമ്മ വീട്ടിൽ അടിച്ചു വാരി വേസ്റ്റ്കത്തിക്കുന്നത് കണ്ട് വളര്ന്ന പാവം മേംസാബ്, സഫായി തൊട്ടുതീണ്ടാത്ത സഫായിവാല വന്നു പോയതിനു പിന്നാലെ  തൻറേതായ രീതിയിൽ മുറി വൃത്തിയാക്കാൻ തുടങ്ങിവേസ്റ്റ്കുന്നുകൂടിവൃത്തിയിൽ കണിശക്കാരനായ ക്യാപ്ടൻ ഊണ് കഴിക്കാൻ എത്തുന്നതിനു മുൻപേ ഇതൊന്നു കത്തിച്ചു കളയണമല്ലോ. മുകളിലത്തെ നിലയിൽ ആയതിനാൽ മുറ്റവും പറമ്പും ഒന്നുമില്ലഅങ്ങനെയിരിക്കുമ്പോഴാണ് ഉച്ചയൂണുമായി സഹായ്കിന്റെ വരവ്.
ബാലരമയിലെ ലുട്ടാപ്പിയുടെ ഛായയുള്ള നേപ്പാളി ഗൂർഖ പുഞ്ചിരിച്ചു കൊണ്ട് ഒരു സ്ഥലം ചൂണ്ടിക്കാണിച്ചു.
'ഇതെന്തേ എൻറെ ശ്രദ്ധയിൽ പെടാഞ്ഞത്തോന്നിപ്പിക്കും വണ്ണം അനുയോജ്യമായ ഒരു സ്ഥലം...കെട്ടിടത്തിൻറെ പിന്നിലായി ഒഴിഞ്ഞ പറമ്പ് വേനലവധിക്ക് കശുമാങ്ങ പെറുക്കി ഈർക്കിലിയിൽ കോര്ത്ത് പശുവിനു തിന്നാൻ കൊടുക്കാറുള്ള പടിഞ്ഞാറേ പറമ്പ് ഓർമ്മ വന്നു
.എനിക്ക്.
ഗൃഹാതുരത്വം അങ്ങനെയാണ് . അതിന് സമയവും സന്ദർഭവും നോട്ടമില്ല. എപ്പോൾ വേണമെങ്കിലും വന്നുകളയും-പ്രേമത്തെപ്പോലെ സർഗ്ഗാത്മകതയെപ്പോലെ…

ഞാൻ വേസ്റ്റ് കുട്ടയും തീപ്പെട്ടിയുമെടുത്തു താഴേക്കോടി...

പെട്ടെന്ന് കത്തുന്നുണ്ടല്ലോ, മണ്ണെണ്ണയൊന്നും വേണ്ടല്ലോ എന്നാ സന്തോഷത്തോടെ ഞാൻ മുകളിലേയ്ക്ക് കയറിപ്പോയി..പാട്ടുകേൾക്കൽ തുടര്ന്നു.
കുറച്ച് കഴിഞ്ഞപ്പോൾ എന്തോ ഒരു പന്തികേടു തോന്നി. ഒരു പുകയുടെ മണം....
താഴെചെന്നപ്പോൾ കണ്ട കാഴ്ച!   പണ്ട് എന്ട്രന്സ് പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ വേർഷൻ മാറിയാണ് എഴുതിയതെന്നു തിരിച്ചറിഞ്ഞപ്പോഴുണ്ടായ ഒരു തലചുറ്റൽ  എനിക്ക്  വീണ്ടും അനുഭവപ്പെട്ടു.

തീ പടർന്നിരിക്കുന്നു..!! ഞങ്ങളുടെ കോമ്പൌണ്ട് അവസാനിക്കുന്ന മുൾവേലി ലക്ഷ്യമാക്കി തീ കുതിച്ചു പായുന്നു.... കുറേ നാളായി ഭക്ഷണം കാണാത്ത പോലെ !! അയ്യോ എന്നുള്ള ഒരു വിളി ....എൻറെ വയറ്റിൽ നിന്നും വന്നെങ്കിലും തൊണ്ട വരെയേ എത്തിയുള്ളൂ... വീട്ടിൽ നിന്നും ആയിരക്കണക്കിനു കിലോമിറ്ററുകൾക്കപ്പുറം മരുഭൂമിയിൽ ഞാൻ വന്നത് ഇതിനായിരുന്നോ ....പെട്ടെന്ന് ജിപ്സിയുടെ ശബ്ദം!

ഭര്ത്താവും  സഹ ഓഫീസർ മേജര് സുനിലും പുറത്തിറങ്ങി.....എന്റെ പരിഭ്രമം കണ്ട അവർ രണ്ടാളും ജിപ്സി ഡ്രൈവർ ഭയ്യയും കൂടി താഴെയുള്ള ബക്കറ്റുകൾ എടുക്കുന്നതും പൈപ്പിൽ നിന്നും വെള്ളമെടുത്ത് ഓടുന്നതും കണ്ട് അവർക്ക് ശല്യമുണ്ടാക്കാതെ ഞാൻ മാറി നിന്നു..

തീ മുൾവേലി എത്തുന്നതിനു മുൻപേ നിന്നു..!! ..ഭാഗ്യം..വേലിക്കപ്പുറം സിവിൽ ഏരിയ ആണെന്നും തീ പടർന്നിരുന്നെങ്കിൽ  കാര്യം കൈ വിട്ടു പോയേനെ എന്നും പറഞ്ഞു കൊണ്ട് അവർ മൂവരും വിയർത്ത് കുളിച്ച് എൻറെ അടുത്തേയ്ക്ക് നടന്നു വന്നു...മേജർ സുനിൽ ചോദിച്ചു "കിസ്നെ കിയാ മാഡം യേ?"......
ഞാൻ പതുക്കെ പറഞ്ഞ്ഞു ..."ഞാൻ വേസ്റ്റ് കത്തിച്ചതാണ്"...
അയാൾ പരിഭ്രമമോ അത്ഭുതമോ കളിയാക്കലോ എന്നു മനസിലാക്കാൻ പറ്റാത്ത ഒരു ഭാവത്തോടെ  നോക്കി.."മാഡം ആപ്നേ കിയാ യേ സബ്?!!"
ഞാൻ ഒന്നും മിണ്ടിയില്ല ...
പരസ്പരം വിഷ് ചെയ്ത് എല്ലാവരും പിരിഞ്ഞു...തിരിച്ച് റൂമിലെത്തിയ എന്നോട് ഭർത്താവ് പറഞ്ഞ ത് എന്തായിരിക്കും......ഓരോരുത്തരും അവരവരുടെ ഭാവനക്കനുസരിച്ച് ഊഹിച്ചു കൊള്ളുക.:-)