Durga

the travelogue of life

Tuesday, January 23, 2007

ഞാന്‍ കല്യാണം വിളിക്കാന്‍ വന്നതാ....:)


ഈ വരണ മീനം പത്തിന് രാവിലെ 10.30-നും 11.30 നും മധ്യേ പുതിയേടം ദേവി ക്ഷേത്രത്തില്‍ വച്ച് എന്റെ കല്യാണമാണ്.തീര്‍ച്ചയായും വരണം. ഇപ്പൊ ചായ ഒന്നും എടുക്കണ്ട. ഒരുപാട് സ്ഥലത്ത് പോയിട്ടാ വരണേ. സന്ധ്യയ്ക്ക് മുന്‍പ് വീട്ടിലെത്തണം. ഇനിയും ഒരുപാടു ഇടത്ത് പോകാനുണ്ട്.ഇറങ്ങട്ടേ ...
എല്ലാരും കാലേകൂട്ടി എത്തണം, ട്ടോ..:)

Tuesday, January 02, 2007

‘പാതിരാപ്പൂചൂടി........“

ഹാവൂ! നല്ല ക്ഷീണം...ഇന്നലെ രാത്രി കഷ്ടിച്ച് മൂന്ന് മണിക്കൂര്‍ ഉറങ്ങീട്ട്ണ്ടാവും..കളിയും പാതിരാപ്പൂചൂടലുമൊക്കെയായി ആഘോഷങ്ങള്‍ വെളുപ്പിന് രണ്ടുമണിവരെ നീണ്ടു.
ഇത്തവണ തിരുവാതിര ക്ഷേത്രത്തോടുചേര്‍ന്ന എന്‍ എസ് എസ് കെട്ടിടത്തില്‍ ആയിരുന്നു.പന്ത്രണ്ടു ദിവസായിട്ട് കളീണ്ടവിടെ. ജോലിത്തിരക്കിനിടയില്‍ ഒന്നു തലകാണിക്കാനേ പറ്റീരുന്നുള്ളൂ. എന്നാല്‍ എട്ടങ്ങാടിയും തിരുവാതിരയും മുടക്കണ്ടാന്നു കരുതി, വിവാഹത്തിനു മുമ്പുള്ള അവസാനത്തെ തിരുവാതിരയല്ലേ. അതുമല്ല, അമ്മ അലക്കി വെച്ചിരിക്കുന്ന മുണ്ടും നേര്യതുമൊക്കെ എടുത്തു പയറ്റാനുള്ള അവസരങ്ങള്‍ പാഴാക്കാമോ?;)

എട്ടങ്ങാടി ചടങ്ങ് ലളിതമായിരുന്നു.നവധാന്യങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന, ഒരു വിശിഷ്ടവിഭവമാണ് എട്ടങ്ങാടി-വളരെ സ്വാദിഷ്ഠം, തിരുവാതിരനോമ്പില്‍ ഒഴിച്ചുകൂടാനാകാത്തതും. മകയിരം തുടങ്ങാന്‍ താമസിച്ചതിനാല്‍ മിനിഞ്ഞാന്ന് എട്ടു മണി കഴിഞ്ഞു എട്ടങ്ങാടി പൂജ തുടങ്ങിയപ്പോള്‍. എന്നാല്‍ ഏഴരയോടെ കളി തുടങ്ങിയിരുന്നു. അമ്മായിയുടെ മകളുടേയും മറ്റും ‘പൂത്തിരുവാതിര‘(വിവാഹം കഴിഞ്ഞ് ആദ്യത്തെ തിരുവാതിര) ആയതിനാല്‍ ഇക്കൊല്ലം കുറച്ച് ഭംഗിയായിട്ടായിരുന്നു ചടങ്ങുകള്‍. ആള്‍ക്കാരും കൂടുതലുണ്ടായിരുന്നു. സുമംഗലിമാര്‍ എട്ടങ്ങാടി പൂജിച്ച് വിതരണം ചെയ്തതോടെ തിരുവാതിരനോമ്പിനു തുടക്കമായി. ഇനി പുണര്‍തം തുടങ്ങീട്ടേ അരിഭക്ഷണം പാടുള്ളൂ എന്ന് വിശ്വാസം. അന്നു രാത്രി ഒന്‍പതുമണിയോടെ ചടങ്ങുകള്‍ അവസാനിച്ചു.

ഇന്നലെ രാത്രി പത്തുമണിയോടെ ദുര്‍ഗ്ഗ എല്ലാരുമൊത്ത് കളിക്കാനെത്തി. പത്തുമിനിറ്റിനകം കളി തുടങ്ങി. ഗണപതി, സരസ്വതി സ്തുതികള്‍, മറ്റനേകം തിരുവാതിരപ്പാട്ടുകള്‍ ഒക്കെയായി നല്ല രസമായിരുന്നു. കൊച്ചു കുട്ടികള്‍ മുതല്‍ പല്ലുകൊഴിഞ്ഞ അമ്മൂമ്മമാര്‍ വരെ ആടിപ്പാടുന്ന അപൂര്‍വ്വം അവസരങ്ങളിലൊന്ന്. പുരുഷന്മാര്‍ക്ക് പ്രവേശനമില്ല, പുറമേ നിന്നു കളി കാണണമെങ്കില്‍ ആവാം ന്നു മാത്രം. ഞങ്ങള്‍ അങ്ങിനെ ഇടയ്ക്കിടെ കുശലം പറഞ്ഞും കൂവപ്പായസം നുണഞ്ഞും കളി തുടര്‍ന്നു.....

“ഏഴു തൊഴുത്തില്‍ പശുവെക്കറന്നമ്മ പാരാതെ പാല്‍ കാച്ചി ഉറിയില്‍ വെച്ചു..........എലിയല്ല പുലിയല്ല ഇടിമുഴക്കവുമല്ല നിന്മകന്‍ ശ്രീകൃഷ്ണന്‍ വെണ്ണ കട്ടു.”
“മൂന്നു വയസ്സായി പാര്‍വതിക്കു.......”....

“പങ്കജാക്ഷന്‍....”
“കോടക്കാര്‍വര്‍ണ്ണന്റെ ഓടക്കുഴല്‍ വിളി..”
“പണ്ടു ദശരഥനെന്നൊരു ഭൂപാലന്‍..” എന്നിങ്ങനെ രസകരങ്ങളായ പാട്ടുകള്‍ പാടി ചടുലമായ താളങ്ങളോടെ കളി ഗംഭീരമായി. ഇടയ്ക്കു എന്നെപ്പോലുള്ളവര്‍ക്കു ചില ചുവടുകള്‍ പിഴച്ചതൊഴിച്ചാല്‍.

പന്ത്രണ്ടുമണി കഴിഞ്ഞതോടെ ‘പാതിരാപ്പൂ പറിക്കാന്‍’ സമയമായി. നിലവിളക്കും കിണ്ടിയുമേന്തിയ സുമംഗലിമാരോടു കൂടി, നേരത്തേ ഒരിലയില്‍ പറിച്ചു വെച്ചിരുന്ന ‘അടയ്ക്കാമണിയന്‍‘ ചെടികളുമായി എല്ലാവരും രണ്ടുനിരയായി ക്ഷേത്രപരിസരത്തേയ്ക്ക്....അകമ്പടിയായി നാടന്‍ പാട്ടുകളും......

‘ഒന്നാം കുന്നിലെ .......എന്നോടു പൂവിരന്നു.....പൂവു കണ്ടിട്ടോ പൂക്കുട്ട കണ്ടിട്ടോ......പൂവും കണ്ടില്ല പൂക്കുട്ടേം കണ്ടില്ല നിന്നെക്കണ്ടപ്പോള്‍ ഞാനിരന്നു..” മുഴുവന്‍ ഓര്‍മ്മയില്ല...ഇങ്ങനെ എന്തൊക്കെയോ എല്ലാരും ചേര്‍ന്ന് പാടി...പന്ത്രണ്ടരയോടെ കളിസ്ഥലത്ത് തിരിച്ചെത്തി, പൂജ തുടങ്ങി. ഇക്കുറി സുമംഗലികള്‍ക്കു മാത്രല്ല, മംഗല്യം കാത്തിരിക്കുന്ന ദുര്‍ഗ്ഗയ്ക്കും കൂട്ടുകാര്‍ക്കും കൂടെ പൂജ ചെയ്യാന്‍ അവസരം ലഭിച്ചു. ജീവിതത്തിലാദ്യായിട്ടാണു ഇങ്ങനെയൊക്കെ..സാധാരണ ഉറക്കമിളയ്ക്കാന്‍ അച്ഛന്‍ വിടാത്തതാണ്.

അവിടെ ഉറക്കം തൂങ്ങി നിന്നിരുന്ന ദുര്‍ഗ്ഗയെ “എന്താ മുഖത്തൊരു വിഷാദം? അവിടിരുന്നു പൂജിക്കൂ...സന്തോഷാവട്ടെ“..എന്നുപറഞ്ഞ് ആരൊക്കെയോ അവിടെ പിടിച്ചിരുത്തി. മുതിര്‍ന്നവര്‍ പറഞ്ഞു തന്നത് അതേ പടി ചെയ്തു. ശ്രീപാര്‍വ്വതീ ദേവി തന്റെ ഭര്‍ത്താവായ സാക്ഷാല്‍ പരമശിവനെ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിവസം പൂജിച്ചതെങ്ങനെയോ അങ്ങനെ..ആവണപ്പലകമേലിരുന്ന് തെച്ചിപ്പൂവും പാതിരാപ്പൂവുമൊക്കെയെടുത്തു ശിവപാര്‍വ്വതിമാരെ മനസ്സില്‍ ധ്യാനിച്ചു പൂജിച്ചു.
പൂജ കഴിഞ്ഞ് ഇലയില്‍ നിന്നു ഒരു പാതിരാപ്പൂവെടുത്തു ചൂടണം. കായുള്ള നല്ല ചെടി നോക്കിയെടുത്തുവേണം ചൂടാന്‍. ഒരനീത്തിക്കുട്ടി കാണിച്ചു തന്ന ഒരു സുന്ദരന്‍ കമ്പ് വലിച്ചെടുത്തു ദുര്‍ഗ്ഗ.യ്യോ!! അതൊരു വലിയ ചെടിയായിരുന്നു-വേരുകള്‍ ഒക്കെ ഉള്ളത്..കുറേ ശാഖകളുമുണ്ട്! കിട്ടുന്ന ചെടി ഒടിച്ചു കൂടാ, അങ്ങനെ തന്നെ തലയില്‍ വെക്കണമത്രേ!
ദുര്‍ഗ്ഗ അതെല്ലാം തലയില്‍ എങ്ങനെയോ കുത്തിത്തിരുകി മുടി വട്ടത്തില്‍ കെട്ടിവെച്ചു. അപ്പോഴതാ അക്കൂട്ടത്തില്‍ നിന്നും ഒരു കമന്റ്:“കാടാമ്പുഴ ഭഗവതി കാട്ടാളത്തീടെ വേഷം കെട്ടീതു പോലുണ്ട്!“

കണ്ണെഴുത്തൊക്കെ വീട്ടീന്നേ ചെയ്തിരുന്നതിനാല്‍ ആ ചടങ്ങ് ഒഴിവായി. വെറ്റിലയും ചുണ്ണാമ്പും കളിയടയ്ക്കയും ചേര്‍ത്തു മുറുക്കലാണത്രേ അടുത്ത ചടങ്ങ്! ചുണ്ണാമ്പെടുത്ത് വെറ്റിലയില്‍ തേച്ചുകൊണ്ടിരുന്നപ്പോള്‍ അക്കൂട്ടത്തിലൊരു വിരുതത്തി “ ഭക്ഷണമാണെന്നു കരുതീട്ടാണോ ഇങ്ങനെ ചുണ്ണാമ്പ് വാരിത്തേയ്ക്കണെ? വായ് പൊള്ളിപ്പോവും, കുറച്ചേ എടുക്കാവൂ!“

അങ്ങനെ ദുര്‍ഗ്ഗ ആസ്വദിച്ചുമുറുക്കുന്നതു കണ്ടപ്പോള്‍ വേറൊരു കമന്റ്” ഇതൊരു ശീലാക്കണ്ടാട്ടോ..”
എല്ലാവരും പൂവൊക്കെ എടുത്തു ചൂടിക്കഴിഞ്ഞ് മംഗളം പാടി കളി അവസാനിപ്പിച്ചു. കൈയും വായുമൊക്കെ കഴുകി വന്നതോടെ ഉപ്പുമാവും പപ്പടവും കട്ടന്‍ചായയും റെഡി. പോളിങ്ങ് താരതമ്യേന ദുര്‍ബ്ബലമായിരുന്നു.;) രണ്ടുമണി കഴിഞ്ഞതോടെ വീട്ടിലെത്തി, കുറച്ചുനേരം ഒന്നു നടുനിവര്‍ത്തി. (ഉറങ്ങിക്കൂടാത്തതാണ്, എന്നാല്‍ ശരീരം അതിനനുവദിച്ചില്ല, ഒരു ചെറിയ മയക്കം അനിവാര്യമായിരുന്നു) വെളുപ്പിന് ശിവക്ഷേത്രത്തില്‍ കരിക്കൊക്കെ നേദിച്ചു, തിരുവാതിരവ്രതത്തിnte bhaagamaayi... innu vaikeettu vare undu vratham.