Durga

the travelogue of life

Tuesday, July 28, 2009

എന്റ്റെ കാലിഡോസ്കോപ്പും യുകെ ഡോക്ടറും.

വിവാഹാലോചന തുടങ്ങിയ കാലം.പത്രപ്പരസ്യം കണ്ടുവന്ന ഒരാലോചന ചേര്‍ത്തലക്കാരനായ ഒരു യു.കെ ഡോക്ടറുടേതായിരുന്നു. ഡോക്ടറെന്നും യു.കെ എന്നും കേട്ടപ്പോള്‍ സ്വാഭാവികമായും ഏതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനേയും പോലെ ദുര്‍ഗ്ഗയുടെ അച്ഛനും മകളുടെ ശോഭനമായ ഭാവി സ്വപ്നം കണ്ടുതുടങ്ങി. ആദ്യം ഒരെതിര്‍പ്പാണു തോന്നിയതെങ്കിലും പിന്നീട് അമ്മയുടേയും അമ്മായിമാരുടേയും അച്ഛമ്മയുടേയും അമ്മാവന്മാരുടേയും മറ്റും നിറ്ബന്ധത്തിനു വഴങ്ങി പെണ്ണുകാണലിനു തയ്യാറായ ദുര്‍ഗ്ഗയുടെ കാലിഡോസ്കോപ്പിലും കുറേ വര്‍ണ്ണശബളിമ തെളിഞ്ഞു.സിനിമയിലും മറ്റും ദൈവപുരുഷന്മാരെപ്പോലെ, ഇളം നിറത്തിലുള്ള ഷര്‍ട്ട് ഒക്കെ ധരിച്ച് നല്ല ഉയരവും മുഖത്ത് ആശ്വാസമേകുന്ന ഒരു പുഞ്ചിരിയും ഒക്കെയായി, വൃത്തിയായി വെട്ടിയൊതുക്കിയ തിളങ്ങുന്ന മുടിയും കൃത്യമായി വൃത്തിയോടെ പരിപാലിക്കുന്ന വെട്ടിനിരത്തിയ നഖങ്ങളും ഒക്കെയായി കാണാറുള്ള സുന്ദരന്മാരായ ഡോക്ടര്‍-നായകന്മാരെപ്പോലെ ഒരു വരനെ ഛായ അറിഞ്ഞു കൂടെങ്കിലും ദുര്‍ഗ്ഗ മനസില്‍ സങ്കല്പിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പയ്യന് ലീവില്ലെന്നും പകരം ഫോട്ടോയുമായി അച്ഛനമ്മമാരാണു വരുന്നതെന്നും അറിയിപ്പ് കിട്ടി. അതൊരു തരത്തില്‍ ദുര്‍ഗ്ഗയ്ക്ക് സമാധാനമേകി. കണ്ണീക്കണ്ട ചെക്കന്മാരുടെ മുന്നില്‍ അണിഞ്ഞൊരുങ്ങി നില്ക്കേണ്ടല്ലോ! ഫോട്ടോ ഇഷ്ടപ്പെട്ടാല്‍ മാത്രം മുന്നോട്ടു പോയാല്‍ മതിയല്ലോ.
അങ്ങനെ ആ ഞായറാഴ്ച വന്നെത്തി. ഒരുങ്ങാനൊക്കെ ഇഷ്ടമാണെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ ഒരു വേഷം കെട്ടലില്‍ താത്പര്യം ഇല്ലാത്തതുകൊണ്ട് ദുര്‍ഗ്ഗ ഒരു ചുരിദാറാണിട്ടത്. ജോലിക്കു പോകുവാന്‍ വേണ്ടി തയ്യാറാകുന്നതുപോലെ മാത്രമേ കണ്ടാല്‍ തോന്നൂ. കോണ്‍ വെന്‍റില്‍ ഒക്കെ പഠിച്ച കാരണം ആഭരണങ്ങള്‍ വാങ്ങലും അണിയലും ഒക്കെ വളരെ കുറവായിരുന്നു. കമ്മല്‍ പോലും ഇടാന്‍ മറക്കാറുള്ള ദുര്‍ഗ്ഗയെ പലപ്പോഴും അതൊക്കെ കൂട്ടുകാരും ബസിലുള്ള ചേച്ചിമാരും ഒക്കെ ഓര്‍മ്മിപ്പിക്കുകയാണ് പതിവ്. രാവിലത്തെ തിരക്കിനിടയില്‍ അമ്മയ്ക്ക് അതൊക്കെ ശ്രദ്ധിക്കാന്‍ എവിടെ നേരം…ഇനി റ്റാറ്റാ കാണിക്കുന്ന സമയത്തു ഒന്നു ശ്രദ്ധിച്ചാല് തന്നെ അതു പറയാമെന്നു വെച്ചാല്‍ അന്നത്തെ ബസ് കിട്ടില്ല. അതുകൊണ്ട് അമ്മ കണ്ടുവെച്ചിരുന്ന ഒരുപായം എന്റ്റെ ബാഗില്‍ ഒരു കമ്മല്‍ എപ്പോഴും സൂക്ഷിക്കുക എന്നതായിരുന്നു.:-))

ഏതായാലും കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ഒരു നീല കാറ് വീടിന്ന്റ്റെ ഗേറ്റിനുമുന്നില്‍ നിര്‍ത്തി. അതില്‍ നിന്ന് സി വി രാമന്‍ പിള്ളയുടെ അരത്തമ്മപ്പിള്ളത്തങ്കച്ചിയെ ഓര്‍മ്മിപ്പിക്കുന്ന, തടിച്ച, സര്‍വ്വാഭരണവിഭൂഷിതയായ ഇരുനിറത്തിലൊരു കഥാപാത്രം ആദ്യം പുറത്തിറങ്ങി! ചിരി എന്നത് അവര്‍ക്കു ജീവിതത്തിലിതേവരെ ഉണ്ടാകാത്ത ഒരു സാധനമാണെന്നു തോന്നി. അവരെ കണ്ടതും ദുര്‍ഗ്ഗയുടെ ശ്വാസം മേല്പ്പോട്ടായി. ഇതാണോ ഭഗവാനേ എന്ന്റ്റെ അമ്മായിയമ്മ!!!?? പിന്നാലെ തോട്ടിയും വടിയുമൊന്നുമിലാത്ത ആനക്കാരനെപ്പോലെ മെലിഞ്ഞു പഞ്ചപുച്ഛ മടക്കി അതീവവിനീതനായി ഇറങ്ങി വന്നത് പയ്യന്ന്റ്റെ അച്ഛനായിരിക്കണം. എനിക്കു പാവം തോന്നി. സാധാരണ അച്ഛന്ന്റ്റെ പ്രായമുള്ള, തലയൊക്കെ കുറച്ച് നരച്ചു തുടങ്ങിയവരെ കണ്ടാല്‍ ദുര്‍ഗ്ഗയ്ക്ക് ഒരു ബഹുമാനം തോന്നാറുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന്ന്റ്റെ മട്ടും ഭാവവും കണ്ടപ്പോള്‍ തോന്നിയത് സഹതാപമാണ്.

അച്ഛന്‍ അതിഥികളെ സ്വീകരിച്ച് ഇരുത്തി. ദുര്‍ഗ്ഗ പതുക്കെ പിന്നിലത്തെ മുറിയിലേക്കു വലിഞ്ഞു. വീട്ടിലെ മൂത്ത കുട്ടിയുടെ കല്യാണാലോചന എന്ന നിലയ്ക്ക് എല്ലാ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. ഒരു കല്യാണത്തിനുള്ള ആള്‍ക്കൂട്ടം. അവസാനം അച്ഛന്ന്റ്റെ സ്വരം കേട്ടു “ അവളെവിടെ, വിളിക്കൂ..” എന്ന്റ്റെ ചങ്കിടിപ്പ് കൂടി. ഇനി പയ്യന്ന്റ്റെ ഫോട്ടോ ഇഷ്ടപ്പെട്ടാല്‍ തന്നെ ഈ അമ്മയുടെ മോളായിച്ചെല്ലാന്‍ വയ്യെന്ന് എന്ന്റ്റെ മനസ്സുപറഞ്ഞു. എനിക്ക് എന്ന്റ്റെയമ്മയെപ്പോലെ തന്നെ എന്തും തുറന്നു പറയാവുന്ന ഒരമ്മയെ മതി. ഇവര്ടെ വീട്ടില്‍ ചെന്നാല്‍ ഞാനും ഭാവിയില്‍ ഇവരെപ്പോലെ ഒരു കൊച്ചമ്മയായിപ്പോവും. എന്തായാലും അവരുടെ മുന്നില്‍ ചെല്ലുക തന്നെ!
ദുര്‍ഗ്ഗ അവരുടെ മുന്നിലെത്തി. ചായക്കപ്പും കൊണ്ട് തലകുനിച്ചൊന്നുമല്ല. ചായയൊക്കെ അമ്മ കൊണ്ടു കൊടുത്തിരുന്നു. ചിരിച്ചുകൊണ്ട് സാധാരണ അതിഥികളുടെ മുന്നിലേയ്ക്ക് ചെല്ലുന്നതു പോലെ ഞാന്‍ ചെന്നു. അച്ഛനിരിക്കാന്‍ പറഞ്ഞപ്പോള്‍ ഇരുന്നു..:) ഒരു മഹാറാണിയുടേതു പോലുള്ള അവരുടെ ആ ഇരിപ്പും അടുത്ത് ഭര്‍ത്താവിന്ന്റ്റെ കാര്യസ്ഥനെപ്പോലുള്ള ഇരിപ്പും ഒക്കെ കണ്ടപ്പോള് തികട്ടിവന്ന ചിരിയടക്കാന്‍ ദുര്‍ഗ്ഗ പാടുപെട്ടു.പട്ടുസാരിക്കും ആഭരണങ്ങള്‍ക്കും കണ്ണുതട്ടാതിരിക്കാനെന്നോണം വെട്ടുപോത്തിനെപ്പോലെ പിടിച്ചിരിക്കുന്ന മുഖം!
എന്നോടെന്തോ കുശലം ചോദിച്ചു രണ്ടാളും. അതുകഴിഞ്ഞു മകന്ന്റ്റെ ഫോട്ടോ ആയമ്മ ബാഗില്‍ നിന്നും പുറത്തെടുത്തു. എന്ന്റ്റെ ഹൃദയമിടിപ്പ് അവരും ചെലപ്പോള്‍ കേട്ടുകാണണം.  ഫോട്ടോ ഓരോരുത്തരായി കണ്ടു കണ്ടു കൈമാറിക്കൊണ്ടിരുന്നു. ഞാന് ഇങ്ങേ മൂലയ്ക്കല്‍ ആയതിനാല്‍ ഇത്തിരി സമയമെടുക്കും അതെന്ന്റ്റെയടുത്തെത്താന്‍. കാലിഡോസ്കോപ്പില്‍ സുമുഖന്മാരായ പലരും ആ നിമിഷങ്ങളില്‍ മിന്നിമാഞ്ഞു.
അവസാനം ഫോട്ടോ കയ്യിലെത്തി. എല്ലാ മുഖങ്ങളും എന്നിലാണെന്ന് നല്ല ബോധ്യമുള്ളതുകൊണ്ടും അവര്‍ പോയിക്കഴിഞ്ഞാല്‍ എല്ലാവരുടേയും കളിയാക്കലിനു പാത്രമാകാനിടയുള്ളതുകൊണ്ടും മുഖത്ത് ഒരു നിസ്സംഗഭാവം വരുത്താന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.എന്നാല്‍ ഫോട്ടോ കണ്ടതും എന്ന്റ്റെ തലയിലൂടെ ഒരു കൊള്ളിയാന് പോയി. കറുത്ത് കുറുകി, കഷണ്ടി കയറിത്തുടങ്ങിയ ഒരാള്. മുഖത്തു ആ അമ്മയുടെ അതേ ഭാവം!
:( ഷറ്ട്ടിനോടു മത്സരിച്ച് പുറത്തുചാടുമെന്നു വാശി പിടിക്കുന്ന, ചന്ത്രക്കാറന്റേതു പോലുള്ള കുടവയറ്. എന്ന്റ്റെ കാലിഡൊസ്കോപ്പിനെ ആ ഫോട്ടോ നിഷ്കരുണം തകര്‍ത്തു കളഞ്ഞു. മുഖഭാവം മാറുന്നതു അവര്‍ അറിയാതിരിക്കാന് ഞാന്‍ പാടുപെട്ടു.  എത്രയായാലും ഒരച്ഛനും അമ്മയുമല്ലേ. എത്ര പ്രതീക്ഷകളോടെയായിരിക്കും അവര്‍ ഇത്ര ദൂരം സഞ്ചരിച്ചു വന്നിട്ടുണ്ടാവുക. കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്!

ഞാന്‍ പിന്നേയും ചിരിച്ചുകൊണ്ടിരുന്നു അവിടെത്തന്നെ. കുറച്ചു കഴിഞ്ഞ് അവറ് യാത്ര പറഞ്ഞു എഴുന്നേറ്റു. ആ അച്ഛന്‍ എന്റ്റെ അച്ഛമ്മയുടെ നേരെ നോക്കി കൈകൂപ്പി. എന്നാല്‍ ആ സ്ത്രീ തന്ന്റ്റെ പട്ടുസാരിക്കു ചുളിവു തട്ടാതെ നേരെയാക്കുന്ന തിരക്കിലായിരുന്നു.:))
അവരുടെ കാര്‍ പടി കടന്നതും ദുര്‍ഗ്ഗ ഒറ്റക്കരച്ചിലായിരുന്നു. “അയ്യോ എനിക്കിതുവേണ്ടാ……..എനിക്കവരെ പേടിയാ..എനിക്കാ ഫോട്ടോയും ഇഷ്ടായില്ലാ….” അത്രേം നേരം അടക്കിവെച്ചിരുന്നതു മുഴുവന്‍ കണ്ണീരായി പുറത്തുചാടി. ആശ്വസിപ്പിക്കാന്‍ മുറിയിലേയ്ക്കോടി വന്ന അമ്മായിമാരൊക്കെ പറഞ്ഞു.”ചെലപ്പോ നേരിട്ട് കാണുമ്പോള്‍ നല്ലതായിരിക്കും കാണാന്‍. ഫോട്ടോ കണ്ടിട്ടു ഒരു തീരുമാനമെടുക്കണ്ട“ അപ്പോള്‍ ദുര്‍ഗ്ഗയുടെ മനസ്സു പറഞ്ഞു ‘ഫോട്ടോയിലെ ഓം പുരി നേരിട്ട് കാണുമ്പോള്‍ ഷാര്ഊഖ് ഖാനൊന്നുമാവില്ലല്ലോ.’
ചിലര്‍ ഉപദേശിച്ചു “താഴെ അനിയത്തിയും വളര്‍ന്നു വരികയല്ലേ. എല്ലാം തികഞ്ഞ ഒരാലോചന ഒക്കെ വരുന്നത് നോക്കിയിരുന്നാല്‍ അത് ബുദ്ധിമോശമാകും.ഇതിനിപ്പോ എന്താ ഒരു കുഴപ്പം, ഡോക്ടറല്ലേ?അതും വിദേശത്ത്!”
ദുര്‍ഗ്ഗ പക്ഷേ ഒട്ടും സമ്മതിച്ചില്ല. ഇതൊരു ത്യാഗം സഹിക്കേണ്ട സന്ദര്‍ഭമൊന്നുമല്ല. ഇഷ്ടമല്ലെങ്കില്‍ വേണ്ട അത്രതന്നെ. എല്ലാവരുടേയും ഉപദേശം കേട്ടു അനുസരിച്ച് നല്ല കുട്ടിയായി നിന്ന്‍ സ്വന്തം ജീവിതം മറ്റുള്ളവര്‍ക്കു വിട്ടുകൊടുത്തു ഒരു ദുഖകഥാപാത്രമായിത്തീരേണ്ട ആവശ്യമൊന്നുമില്ല. പൈസ മാത്രം മതിയോ ജീവിതത്തില്‍? വിദേശവാസം കുറച്ചെങ്കിലും ഭ്രമിപ്പിച്ചിരുന്നുവെങ്കില്‍, വിദേശത്തയയ്ക്കാന്‍ കടലാസുകള്‍ ശരിയാക്കിക്കൊണ്ടിരുന്ന മദ്രാസിലെ കമ്പനി ഉപേക്ഷിച്ച് ഒരിക്കലും ദുര്‍ഗ്ഗ കേരളത്തിലേയ്ക്കു വരില്ലായിരുന്നു. എന്നും തലച്ചോറിന്റ്റേതിനേക്കാള്‍ ഹൃദയത്തിന്ന്റ്റെ ഉപദേശത്തിനാണ് ഈയുള്ളവള്‍ മുന്‍തൂക്കം കൊടുത്തിരുന്നത്. എന്ന്റ്റെ സങ്കടവും മറ്റുള്ളവരുടെ ഉപദേശങ്ങളും ചിലരുടെ മാറിനിന്നുള്ള ചര്‍ച്ചകളും ഒക്കെച്ചേര്‍ന്ന് വീടൊരു പൂരപ്പറമ്പുപോലെ ശബ്ദമുഖരിതമായി.

അവസാനം അതിനൊക്കെ അന്ത്യം കുറിച്ചുകൊണ്ട് അച്ഛന്ന്റ്റെ പ്രഖ്യാപനം-“അവള്‍ക്കിഷ്ടമല്ലെങ്കില്‍ നിര്‍ബന്ധിക്കണ്ടാ..നമുക്കു നല്ല കേസ് വേറെ നോക്കാം..!ആ സ്ത്രീയെ കണ്ടപ്പോള്‍ തന്നെ എനിക്കിഷ്ടപ്പെട്ടിരുന്നില്ല..പെണ്‍ഭരണമുള്ള വീട്ടിലേയ്ക്കു നമുക്കൊരു ബന്ധം വേണ്ട…അവരാ ആഭരണമൊക്കെ ധരിച്ചു വന്നിരിക്കുന്നതുതന്നെ നല്ലൊരുസ്ത്രീധനം ചോദിക്കാനാണ്”.
ഹൊ! ആ നിമിഷത്തില് എനിക്ക് അച്ഛനോട് തോന്നിയ സ്നേഹം!!:)) എന്നാല്‍ അച്ഛന്‍ പറഞ്ഞു നിര്‍ത്തിയില്ല…കോളിംഗ്ബെല്ലിന്റ്റെ ശബ്ദം! പെട്ടെന്നു വീട് നിശ്ശബ്ദമായി. എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. ആരാണാവോ?
അച്ഛന്‍ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു. പെട്ടെന്നതാ ചിരിച്ചുകൊണ്ട് ചെറിയച്ഛന്‍ മുറിയിലേയ്ക്കോടി വരുന്നു..”ഈശ്വരാ ഇവിടെ പറഞ്ഞതൊക്കെ അവിടെ കേട്ടോ ആവോ..അതാ പയ്യന്റ്റെ അച്ഛന്‍ തിരിച്ചുവന്നിരിക്കുന്നു…ചെരിപ്പെടുക്കാന്‍ മറന്നുപോയത്രേ!!!!” അമ്മയുടെ അനുബന്ധം – “ഇനി അയാള് ഈ വഴി വരുംന്നു തോന്നണില്ലാ..”
അത്രയും നേരം കരഞ്ഞുകൊണ്ടിരുന്ന ദുര്‍ഗ്ഗയില്‍ നിന്നും പിന്നീടു വന്നത് ഒരു പൊട്ടിച്ചിരിയായിരുന്നു!

8 Comments:

 • At 12:53 AM, Blogger kazak_mustang said…

  എനിക്കും പെണ്ണ് കാണാന്‍ ഉള്ള സമയമായി. പാവം പെണ്‍കുട്ടികള്‍ എന്നെ കണ്ടെങ്ങാനും ഇങ്ങനെ shock അടിച്ചു നില്കുമോ ആവോ ? കണ്ടു തന്നെ അറിയണം

   
 • At 3:52 AM, Blogger Indiascribe Satire/കിനാവള്ളി said…

  ശരിയാണ് . ഇങ്ങനത്ത കാര്യങ്ങളില്‍ സ്വയം തീരുമാനം ആണ് നല്ലത്. ബന്ധം ബന്ധനം ആവരുതല്ലോ .

   
 • At 5:55 AM, Blogger Durga said…

  അനൂപ് വിഷമിക്കണ്ടാ..:-) എന്തായാലും സ്വന്തം അനുഭവങ്ങള്‍ ഞങ്ങളോടും പറയാന്‍ മറക്കരുത്.

   
 • At 7:06 AM, Blogger Unknown said…

  ellavarum egane ayal enta karyam kashtamavum.

   
 • At 7:09 AM, Blogger Unknown said…

  durga, now are you married?

   
 • At 7:18 AM, Blogger Unknown said…

  durga, now are you married?

   
 • At 3:31 AM, Blogger Bijoy said…

  Dear blogger,

  We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

  you could find our site here: http://enchantingkerala.org

  the site is currently being constructed and will be finished by 1st of Oct 2009.

  we wish to include your blog located here

  http://durgahere.blogspot.com/

  we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

  If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

  pls use the following format to link to us

  KeralaTravel

  Write Back To me Over here bijoy20313@gmail.com

  hoping to hear from you soon.

  warm regards

  Biby Cletus

   
 • At 7:19 PM, Blogger gaurikkutty said…

  Hi Durga,
  Happy to see you again. I used to enjoy your blog before(2-3 years back).Now I couldn't find all those good articles about your child hood n all. All the best
  mili

   

Post a Comment

<< Home