Durga

the travelogue of life

Tuesday, September 19, 2006

വിട.


വിട.

രണ്ട് കൈവഴികള്‍ പോലെ നാം കണ്ടുമുട്ടി. ഇടയ്ക്കെവിടെയോ അവിചാരിതമായി ഏതോ ഒരു പാറക്കെട്ടില്‍ തട്ടി, ഞാന്‍ പിരിഞ്ഞു, ഒരു യാത്ര പോലും പറയാതെ.
നിന്റെ മനസ്സിന്റെ അടിയൊഴുക്കുകള്‍ അറിഞ്ഞു തന്നെ ഞാന്‍ സമാന്തരമായൊഴുകി. ഇടയ്ക്ക് മറ്റൊരു പാറയില്‍ തട്ടി വീണ്ടും നിന്റെയടുത്തെത്തി. ഇരുകയ്യും നീട്ടി നീ എന്നെ സ്വീകരിച്ചു. നമുക്കു പറയാന്‍ ഏറെയുണ്ടായിരുന്നു, കേള്‍ക്കാനും.നാം ഏറെ ദൂരം സഞ്ചരിച്ചിരിക്കുന്നു, തീരങ്ങളോടും തോണികളോടുമൊക്കെ സല്ലപിച്ചുകൊണ്ട്, ഓളങ്ങളെ നെഞ്ചിലേറ്റിക്കൊണ്ട്, വേര്‍പിരിക്കാന്‍ പാറകളില്ലാതെ, അടിയൊഴുക്കുകളറിഞ്ഞ്.....
ഉത്ഭവസ്ഥാനത്തിനടുത്തെവിടെയോ വച്ച് എന്നെ പിരിഞ്ഞുപോയ ആ കൊച്ചു കൈവഴിയെ നിന്നില്‍ ഞാന്‍ കണ്ടിരുന്നു, പലവുരു- നിന്റെ ഉത്സാഹത്തിലും പ്രസരിപ്പിലും ചിരിയിലും കളിയിലും, ഭാവഹാവാദികളിലും, എന്തിന് വാചാലമായ ആ മൌനങ്ങളില്‍പ്പോലും.

നമുക്ക് പോകേണ്ടിവരും, അവിചാരിതമായി ഏതെങ്കിലും പാറക്കെട്ടില്‍ തട്ടി, യാത്ര പറയാന്‍ കഴിഞ്ഞെന്നുവരില്ല. അല്ലെങ്കിലും ഒരു യാത്ര പറച്ചില്‍ വേദനാജനകമല്ലേ?
ഇടയ്ക്ക് ഞാന്‍ അതു വിഭാവനം ചെയ്യാന്‍ ശ്രമിക്കാറുണ്ട്. പ്രതീക്ഷിച്ചിരിക്കുന്ന ദു:ഖസത്യങ്ങള്‍ക്ക് വേദന കുറയുമെന്നാണല്ലോ.
നിന്നെ കാത്തു ഒരുപാട് പാറക്കെട്ടുകളും മുള്‍പ്പടര്‍പ്പുകളും, ചുഴികളും എല്ലാമുണ്ടാകും.വഴികാണിക്കാന്‍ ഞാന്‍ എപ്പോഴും ഉണ്ടാകില്ലെന്ന ഓര്‍മ്മ വേണം.
മറ്റു പുഴകളോടു ചേര്‍ന്നൊഴുകി അവസാനം കടലിലെത്തുമ്പോള്‍ നീയെന്നെ തിരിച്ചറിയുക കൂടിയില്ല. ഒരു വേള അതിനു മുന്‍പ് ചുഴികളിലും കുഴികളിലും എന്റെ ശ്വാസം നിലച്ചേക്കാം. എന്നാല്‍ എന്റെ ആത്മാവിന്റെ സങ്കല്പത്തിനു മരണമില്ല- നീയെന്നും എനിക്കെന്റെയാ കൊച്ചുകൈവഴി തന്നെയായിരുന്നു.

14 Comments:

  • At 3:23 AM, Blogger kusruthikkutukka said…

    നീ വിട പറയുമ്പോള്‍ ..
    സൂര്യ ഹ്യ്‌ദയം തേങ്ങുന്നു.......

     
  • At 3:24 AM, Blogger വാളൂരാന്‍ said…

    ദെന്തൂന്നാ....?!

     
  • At 3:26 AM, Blogger സൂര്യോദയം said…

    നല്ല ഭാവന... നന്നായി എഴുതിയിരിക്കുന്നു. തന്റെ കൊച്ചു കൈവഴിയെ നിസ്വാര്‍ത്ഥമായി സ്നേഹിക്കാന്‍ കഴിയുന്ന ആ നല്ല മനസ്സ്‌...

     
  • At 4:05 AM, Blogger മുല്ലപ്പൂ said…

    പുഴ ഒഴുകട്ടെ , ഒരുപാടു ദൂരം.
    കടലില്‍ സംഗമിക്കട്ടെ .
    ഞനോ നീയോ എന്നു വേര്‍ തിരിച്ചറിയാനവാത്ത കടലില്‍...
    അന്നു നമ്മോടൊപ്പം, പിന്നിട്ട വഴികളിലെ നന്മയും,
    നല്ല ഓര്‍മ്മകളും മാത്രം ഉണ്ടാവട്ടെ.

     
  • At 4:21 AM, Blogger ഏറനാടന്‍ said…

    കരിമുകില്‍ കാട്ടിലെ
    രജനിതന്‍ മേട്ടിലെ
    കനകാമ്പരങ്ങള്‍ വാടി
    കടത്തുവള്ളം യാത്രയായി, യാത്രയായി
    കരയില്‍ നീ മാത്രമായി..

    (ദുര്‍ഗ്ഗേ, രൗദ്രഭാവം കളിയാടേണ്ടുന്ന അവിടുത്തെ മനസ്സിലും ദു:ഖമുണ്ടല്ലേ)

     
  • At 4:23 AM, Blogger Rasheed Chalil said…

    മറ്റൊരു സമാഗമത്തിന്റെ കാത്തിരിപ്പുമായി, ഒരിക്കാലും പിരിയാത്ത ഒരു സമഗമവും സ്വപ്നം കണ്ട് യാത്ര തുടരട്ടേ...

    വേര്‍പാടിന്റെ ആധിയും ദുഃഖവും നന്നായി ചിത്രീകരിച്ച വരികള്‍.

    ദുര്‍ഗ്ഗാ മനോഹരം. അസ്സലായി

     
  • At 4:28 AM, Blogger മുസാഫിര്‍ said…

    വിട എന്ന ശിര്‍ഷകം കണ്ടപ്പോള്‍ ഞന്‍ കരുതി ദുര്‍ഗ്ഗ യാത്ര പറഞ്ഞു എവിടേക്കൊ പോവുകയാണെന്ന്.

    പിന്നെ വരികളെക്കുറ്രിച്ച്.
    അത്ര സുഖകരമല്ലാത്ത ജീവിത യഥാര്‍ത്ഥ്യങ്ങള്‍ നല്ല സുന്ദര്‍മായ ഭാഷയില്‍ പറഞിരിക്കുന്നു.

     
  • At 4:33 AM, Blogger Durga said…

    രൌദ്രഭാവോ?!!! ദുര്‍ഗയുടെ മുഖത്തു ഞാനത് ഒരിക്കലും കണ്ടിട്ടില്ല.:) ഞാനവിടെ കണ്ടിട്ടുള്ളത് ഒരമ്മയുടെ സ്നേഹവും, വാത്സല്യവും,കരുണയും ഒക്കെയാണ്.
    അളവറ്റ സ്ത്രീ ശക്തിയുടെ മൂര്‍ത്തീഭാവമാണ് ദുര്‍ഗ്ഗ-ഇച്ഛാശക്തിയുടെ ദേവത! ഞാനുള്‍‍പ്പെടെയുള്ള സ്ത്രീവര്‍ഗ്ഗത്തിന്റെ പരമൌന്നത്യം!ആയമ്മയുടെ പേരു ഞാന്‍ സ്വീകരിച്ചതും അതേ ബഹുമാനം കൊണ്ടുതന്നെ!
    ഏറനാടന്‍ ഉദ്ദേശിച്ചത് ഭദ്രകാളിയെയാവും.:) രൊദ്രഭാവം കൈക്കൊള്ളുമ്പോള്‍ ആ പേരാണമ്മയ്ക്ക്.

    എല്ലാവര്‍ക്കും നന്ദി.:)

     
  • At 4:37 AM, Blogger മനോജ് കുമാർ വട്ടക്കാട്ട് said…

    പുഴയും മനസും ഒഴുകുന്ന വഴി മറ്റാരറിയാന്‍...

     
  • At 5:19 AM, Blogger സു | Su said…

    നിനക്കെന്നോട് വിട പറയാന്‍ ആവില്ല. കാരണം, ഞാനെന്നും നീയെന്നും രണ്ടില്ല. നമ്മളൊന്നേയുള്ളൂ. വിടയ്ക്കതില്‍ സ്ഥാനമില്ല.
    :)

     
  • At 5:38 AM, Blogger SunilKumar Elamkulam Muthukurussi said…

    സൂവിന് ഒരു ക്ലാപ്പ് അല്ല പതിനായിരം... -സു-

     
  • At 5:58 AM, Blogger thoufi | തൗഫി said…

    പിരിയാനാകാതെ ഒഴുകട്ടെ കാലങ്ങളോളം
    കടലില്‍ ചേരാന്‍ ദൂരങ്ങളേറെ ബാക്കിയുണ്ടിനി
    ഇടക്കു ചുഴികളും കുഴികളും കണ്ടേക്കാം,
    എന്നാലും,വഴിമാറിയൊഴുകാതിരിക്കട്ടെ

     
  • At 4:24 AM, Blogger Durga said…

    എന്റെ ഗുരുവായൂരപ്പാ‍!!!! എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു അല്ല്ല്ലേ!!! പ്രേമനൈരാശ്യമൊന്നുമല്ലാട്ടൊ!! :-O

    ( ഉണ്ടായാലല്ലേ നിരാശിക്കാനാകൂ :( അതെന്റെ വേറൊരു നിരാശ.;) )


    കൂടപ്പിറപ്പിനെപ്പോലെ കാണുന്ന എന്റെ ഒരു സുഹൃത്ത് വിട പറയുന്നതിന്റെ സങ്കടം!! :(( അത്രേ ഉള്ളൂ!! :)

     
  • At 7:59 AM, Blogger Pankaj said…

    നീലകുറിഞ്ഞികൾ വടിപോകുന്നതിനു മുന്പു ...ചിത്രം പൂര്ണമാക്കുക ...ചായംനൽകുക ..

     

Post a Comment

<< Home