ശക്തന്‍ തമ്പുരാന്‍ മെമ്മോറിയല്‍ യുപി സ്കൂള്‍.
നഴ്സറിയില്‍ പോവാന്‍ മടി കാണിച്ചിരുന്ന എന്നെ നാലു വയസ്സായപ്പോഴേയ്ക്കും അച്ഛന്‍ വീടിന്റെ തൊട്ടടുത്തുള്ള മലയാളം മീഡിയം യു പി സ്കൂളില്‍ ചേര്‍ത്തു. മഹാനായ ശക്തന്‍ തമ്പുരാന്‍ തിരുമനസ്സ് തീപ്പെട്ടതിനുശേഷം അദ്ദേഹത്തിന്റെ പേരില്‍ പണി കഴിപ്പിക്കപ്പെട്ട സ്കൂളായിരുന്നു അത്. വളരെ പഴക്കം ചെന്നതിനാല്‍ ദ്രവിച്ചു തുടങ്ങിയ കട്ടിളകളും തട്ടികകളും അവിടുത്തെ പ്രത്യേകതകളായിരുന്നു.
ദുര്‍ഗ്ഗയ്ക്കു നാല് ഉറ്റ സുഹൃത്തുക്കളുണ്ടായിരുന്നു- നിഷ, സംഗീത, സ്മിത. ഇവരില്‍ തന്നെ അയല്‍ വാസി ആയതുകൊണ്ടും അച്ഛന്റെ സുഹൃത്തിന്റെ മകളായതുകൊണ്ടും സ്മിതയായിരുന്നു സന്തതസഹചാരി.
എല്ലാ ക്ലാസ്സുകളിലും രണ്ടു ഡിവിഷന്‍ വീതം മാത്രമാണ് ഉണ്ടായിരുന്നത്. ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുവാന്‍ അച്ഛന്‍ കൊണ്ടുചെന്നപ്പോള്‍ രണ്ടു ഡിവിഷനിലേയും ടീച്ചര്‍മാര്‍ മുന്നില്‍ വന്നു നിന്നു.അച്ഛന്റെ അകന്ന ബന്ധത്തിലെ ഒരു അമ്മായി ആയ സുശീലട്ടീച്ചര്‍ “ഈ മോള്‍ എന്റടുത്തേയ്ക്കല്ലാതെ എങ്ങോട്ട് പോകാന്‍?” എന്ന ഭാവത്തില്‍ നോക്കി നിന്നു. എന്നാല്‍ മറ്റേ ഡിവിഷനിലെ, ഭംഗിയുള്ള സാരിയുടുത്ത, ചെറുപ്പക്കാരിയും സുന്ദരിയുമായ, നല്ലപോലെ ചിരിക്കുന്ന കുമാരിടീച്ചറെയാണ് ദുര്‍ഗ്ഗയ്ക്ക് ബോധിച്ചത്. ഓടിച്ചെന്ന് ആ സാരിയില്‍ തൂങ്ങി. അന്നു തൊട്ടിന്നോളം അമ്മ കഴിഞ്ഞാല്‍ അടുത്ത സ്ഥാനമാണ് ആ ടീച്ചര്‍ക്ക് എന്റെ മനസ്സില്‍. സ്വന്തം മക്കളെയെന്നപോലെ ഞങ്ങളെ സ്നേഹിച്ചിരുന്ന ടീച്ചര്‍ ചിരിക്കുമ്പോള്‍ വാത്സല്യം തുളുമ്പിയിരുന്നു.ബഞ്ചില്‍ ഇരിക്കുന്നതിനേക്കാള്‍, സ്ലേറ്റും പിടിച്ച്, ചോക്കുപൊടി നിറഞ്ഞ ആ മേശയ്ക്കരികില്‍ എന്നും ടീച്ചറോട് ചേര്‍ന്ന് നില്‍ക്കാനായിരുന്നു ദുര്‍ഗ്ഗയ്ക്കിഷ്ടം.:)
തന്റെ ഉറ്റ സുഹൃത്തായ ലീലട്ടീച്ചറോട് ഇന്റര്‍വെല്‍ സമയത്തെങ്കിലും സ്വസ്ഥമായി വര്‍ത്തമാനം പറയാമെന്നു കരുതി ഇരിക്കുമ്പോഴും ഈ അരുമശിഷ്യ വെറുതെ വിട്ടിരുന്നില്ല ടീച്ചറെ. പദ്യം ചൊല്ലിക്കേള്‍പ്പിക്കുകയായി-“ഒടുവിലൊരുവിധമൊന്നു കണ്ണടച്ചപ്പോള്‍ ഒരു കോമളബാലനരികെക്കാണായ് വന്നു....’ (അന്നത്തെ എടുത്തുപറയാവുന്ന ഒരേ ഒരു നേട്ടം, പത്താം സ്റ്റാന്‍ഡേഡിലെ ‘ഭക്തിയും വിഭക്തിയും’ എന്ന പദ്യം മുഴുവന്‍ കുഞ്ഞമ്മാവന്റെ പുസ്തകം നോക്കി കാണാതെ പഠിച്ചതായിരുന്നു).
ഒന്നാം ക്ലാസും രണ്ടാം ക്ലാസും അങ്ങനെ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ കടന്നുപോയി. മൂന്നാം ക്ലാസില്‍ വെച്ച് സ്മിത വേറെ സ്കൂളില്‍ ചേര്‍ന്നതോടെ സംഗീതയും നിഷയും മാത്രമായി എന്റെ കൂട്ടുകാര്‍. പക്ഷേ ഞാന്‍ വേറെ ഡിവിഷനിലുമായി. കുമാരിട്ടീച്ചറുടെ ക്ലാസ്സില്‍നിന്നും സരസ്വതി ടീച്ചറുടെ ക്ലാസ്സിലേയ്ക്കുള്ള ആ ചുവടുമാറ്റം എന്നെ ഏറെ സ്വാധീനിച്ച ഒന്നാണ്. കുമാരി ടീച്ചറുടെ ക്ലാസില്‍ ഭൂരിഭാഗവും സമൂഹത്തിലെ ഇടത്തരം കുടുംബങ്ങളില്‍ നിന്നും ആയിരുന്നു എങ്കില്‍ സരസ്വതിറ്റീച്ചറുടേതില്‍ കൂലിപ്പണിക്കാരുടേയും മറ്റും കുട്ടികളായിരുന്നു. ഒരു ഇടവേള കിട്ടിയാല്‍ ബി ഡിവിഷനിലേയ്ക്ക് ഓടിച്ചെന്ന് പഴയ കൂട്ടുകാരോടൊത്ത് മാത്രം കളിച്ചിരുന്ന എന്നെ ആദ്യമൊക്കെ അവര്‍ കൂട്ടത്തില്‍ കൂട്ടിയിരുന്നില്ല. പക്ഷേ കുറച്ചുനാള്‍ കഴിഞ്ഞപ്പഴേയ്ക്കും “ഇല്ലത്തു നിന്നു ഇറങ്ങ്വേം ചെയ്തു, അമ്മാത്തൊട്ടെത്തീതുമില്ല” എന്ന അവസ്ഥയായി എന്റേത്! അവസാനം, ഇനി ബി ക്ലാസ്സുകാരെ തിരിഞ്ഞുനോക്കില്ല എന്ന വ്യവസ്ഥയില്‍ പാവപ്പെട്ട കുട്ട്യോള്‍ടെ നേതാവ് എന്നെ കൂട്ടത്തില്‍ കൂട്ടി.
തലേ വര്‍ഷം നിഷയ്ക്കു കിട്ടിയിരുന്ന ഫോറിന്‍ ഉടുപ്പുകളില്‍ അസൂയപ്പെട്ടിരുന്ന ഞാന്‍, ആ വര്‍ഷമായപ്പോഴേയ്ക്കും, താഴേയ്ക്കിടയിലെന്നു മുദ്രകുത്തപ്പെട്ടിരുന്ന കൂട്ടുകാരുടെ പിഞ്ഞിയ ഉടുപ്പുകള്‍ നോക്കി മനം നൊന്തു നെടുവീര്‍പ്പിട്ടു തുടങ്ങിയിരുന്നു. സ്കൂളില്‍ നിന്നും ഉച്ചക്കഞ്ഞികുടിക്കുന്നവരായിരുന്നു എന്റെ ക്ലാസ്സിലേറെയും. പക്ഷേ ഒന്നു രണ്ടുകൊല്ലം കഴിഞ്ഞതോടെ എനിക്കു മനസിലായി അവരുടെ കറയറ്റ സൌഹൃദത്തിനു പകരം വെയ്ക്കാന്‍ മറ്റൊന്നില്ലെന്ന്. അവരില്‍ ചിലര്‍ വീട്ടില്‍ നിന്നു വരുന്ന വഴി ശേഖരിച്ചിരുന്ന പുളിയും ജാതിക്കയും കണ്ണിമാങ്ങയും പുളിങ്കുരു വറുത്തതുമെല്ലാം എനിക്കു സമ്മാനിക്കാറുണ്ട്. ജാതിക്കയും മാങ്ങയുമൊക്കെ കട്ടിളയ്ക്കും വാതിലിനും ഇടയില്‍ വെച്ച്, വാതിലടച്ചാണ് ഞങ്ങള്‍ പൊട്ടിച്ചിരുന്നത്.
ഡ്രില്‍ പീരീയഡില്‍ ഞങ്ങളെ മിക്കവാറും കളിക്കാന്‍ വിടുകയായിരുന്നു പതിവ്. സാറ്റ്, തൊങ്ങിത്തൊടല്‍ തുടങ്ങിയവ പെണ്‍കുട്ട്യോളും ക്രിക്കറ്റ്, ഫുട്ബോള്‍ എന്നിവ ആണ്‍കുട്ട്യോളും കളിച്ചു പോന്നു.
മൂന്നാം ക്ലാസ്സിലെ സരസ്വതിട്ടീച്ചറുടെ തൊടി സ്കൂളിനോട് ചേര്‍ന്നായിരുന്നു. അവിടെ നിറയെ മരച്ചീനി കൃഷി ചെയ്തിരുന്നു. ടീച്ചര്‍ക്ക് ദേഷ്യം വരുമ്പോള്‍ കപ്പക്കൊള്ളി ഒടിച്ച് അടിക്കുമെന്ന് സീനിയേഴ്സ് ഭീഷണിപ്പെടുത്തിയിരുന്നു. അതുകൊണ്ട് കുമാരിടീച്ചറുടെ അടുത്തെന്നപോലെ അടുത്തിടപഴകാന്‍ ഞാന്‍ മടിച്ചു. ഒരു അമ്പലവാസിയായ സരസ്വതിടീച്ചര്‍ നന്നേ കറുത്തിട്ടാണ്. പക്ഷേ ചിരിക്കുമ്പോള്‍ നല്ല ഭംഗിയായിരുന്നു കാണാന്‍.കണ്ണില്‍ നിന്നും വാത്സല്യവും പ്രകാശവും വഴിയുന്ന ചിരി. ടീച്ചറുടെ തലയില്‍ ഒരു മുഴയുണ്ടായിരുന്നു. അല്പം തടിച്ച ശരീരപ്രകൃതം.ഒരു വശത്തേയ്ക്കു ചരിഞ്ഞുള്ള നടപ്പ്. കുറച്ചു നാള്‍ കൊണ്ട് ടീച്ചറേയും ദുര്‍ഗ്ഗ കയ്യിലെടുത്തു.
ആയിടെയാണ് ഞങ്ങള്‍ക്കിടയില്‍ ആ വാര്‍ത്ത പ്രചരിച്ചത്. സരസ്വതിടീച്ചറുടെ തൊടിയില്‍ ഒത്ത നടുവിലായി ഒരു രാക്ഷസന്‍പ്ലാവുണ്ടായിരുന്നു. അതില്‍ അഞ്ചുതലയുള്ള സര്‍പ്പമുണ്ടത്രേ!! അതിനെ കണ്ടവരുണ്ടെന്നും പലരും നിരാശരായി മടങ്ങിയിട്ടുണ്ടെന്നും ഒക്കെ പ്രചരിച്ചു.സ്കൂള്‍ സമയത്ത് കുട്ടികള്‍ പറമ്പിലേയ്ക്ക് ഇറങ്ങാതിരിക്കാന്‍ അദ്ധ്യാപകര്‍ തന്നെ ഉണ്ടാക്കിയ നുണക്കഥയാവാനാണ് സാധ്യത. കാളിയന്റേയും അനന്തന്റേയുമൊക്കെ കഥകള്‍ കേട്ടിട്ടുള്ളതിനാല്‍ അക്കാലത്ത് ഞാനുമതു വിശ്വസിച്ചു. ഒരിക്കല്‍ ജിജ്ഞാസ മൂത്ത് ഞാന്‍ ആ മരത്തിനടുത്തേയ്ക്ക് നടന്നു...ആകെ ഒരു നിഗൂഢത നിറഞ്ഞുനില്‍ക്കുന്നു ചുറ്റിനും.ചെറിയ ഒരു ഭയം തോന്നി. പക്ഷേ, അപ്പോഴേയ്ക്കും അതുവഴി വന്ന ഷീബ എന്നെ ടഞ്ഞു. അങ്ങനെ ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു.
വീട് സ്കൂളിനടുത്തായതിനാല്‍ വീടിന്റെ മുറ്റത്തു നിന്നാല്‍ ആ മരം കാണാമായിരുന്നു. ഭക്ഷണം കഴിക്കാനോ മറ്റോ ആ സര്‍പ്പം താഴെയിറങ്ങി വന്നാലോ എന്ന് വിചാരിച്ച് മണിക്കൂറുകളോളം ഞാന്‍ ശനിയും ഞായറും ആ മരത്തെയും നിരീക്ഷിച്ച് നിന്നിട്ടുണ്ട്.
മഴക്കാലമായിരുന്നു ഞങ്ങള്‍ക്ക് ഏറെ രസകരം. സ്കൂളിലേയ്ക്ക് വരുമ്പോഴും പോവുമ്പോഴും ഇടവഴിയില്‍ കൂടി ഒഴുകുന്ന വെള്ളവും തട്ടിത്തെറിപ്പിച്ച് നടക്കാം. ഇടവഴിയുടെ രണ്ടു വശത്തും ചെടികളില്‍ തൂങ്ങിക്കിടക്കുന്ന ‘കണ്ണീര്‍ത്തുള്ളി’ എന്നറിയപ്പെട്ടിരുന്ന ജലകണങ്ങള്‍ ശേഖരിക്കലായിരുന്നു ഞങ്ങളുടെ പ്രധാന വിനോദം. അതു കണ്ണില്‍ വെച്ചാല്‍ ഹായ് എന്താ തണുപ്പ്!! കുളിര്‍മ്മ! ഊതിയാല്‍ പറക്കുന്ന കായ, മഷിത്തണ്ട്, കമ്മ്യൂണിസ്റ്റ്പച്ച, ഞൊട്ടാഞ്ഞൊടിയന്‍ പഴം എന്നിവയായിരുന്നു ഞങ്ങള്‍ ശേഖരിച്ചിരുന്ന മറ്റു ‘വിലപിടിപ്പുള്ള’ സാധനങ്ങള്‍.
അന്നു യൂണിഫോം നിര്‍ബന്ധമാക്കിയിരുന്നില്ല.ഓണക്കോടിയും ചിലപ്പോള്‍ വല്ല കല്യാണങ്ങള്‍ക്കുമാത്രം അച്ഛന്‍ വാങ്ങിത്തന്നിരുന്ന ഉടുപ്പുകളുമൊഴിച്ചാല്‍ ഞങ്ങളുടെ പ്രധാന വേഷങ്ങള്‍ അമ്മ തന്റെ തയ്യല്‍മെഷീനില്‍ നടത്തിയിരുന്ന പരീക്ഷണങ്ങളായിരുന്നു.
ഭാഗ്യമോ നിര്‍ഭാഗ്യമോ, എന്റെ കഴിവുകൂടുതലോ അദ്ധ്യാപകരുടെ കഴിവില്ലായ്മയോ, എല്ലാ ക്ലാസിലും ലീഡര്‍ പദവി എനിക്കു നല്‍കിപ്പോന്നു. വീട്ടില്‍ തയ്യല്‍ മെഷീന്‍ ഉള്ളതിനാല്‍ ഇടയ്ക്കിടെ പുതിയ ഡസ്റ്റര്‍ ഉണ്ടാക്കിക്കൊടുത്തു ടീച്ചര്‍മാരുടെ കണ്ണിലുണ്ണിയാവാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു.
മൂന്നാം ക്ലാസില്‍ വെച്ചായിരുന്നു ആ സംഭവം. എന്റെ ക്ലാസ്സിലെ മഹാവികൃതിയായിരുന്നു മനോജ്. ഒരിക്കല്‍ ഉച്ചയൂണു കഴിഞ്ഞു നേരത്തേ ക്ലാസില്‍ തിരിച്ചെത്തിയ എന്നെ അവന്‍ പ്രൊപ്പോസ് ചെയ്തിരിക്കുന്നു!! അതു കേള്‍ക്കാത്ത ഭാവത്തില്‍ ഞാന്‍ ആ വരാന്തയിലൂടെ തലയും വെട്ടിച്ചു നടന്നു-ആയിടെ അമ്മയുടെ കൂടെയിരുന്നു കണ്ട ‘കാശ്മീര്‍ കീ കലി’ യിലെ നായികയെപ്പോലെ. പിന്നാലെ ഷമ്മികപൂറിനെപ്പോലെ മനോജും!! മറ്റുള്ള കുട്ടികള്‍ ഊണുകഴിഞ്ഞെത്തുന്നതുവരെ ഇതു തുടര്‍ന്നു.:) നാണക്കേടോര്‍ത്ത് ഞാന്‍ ക്ലാസില്‍ ആരോടും ഈ വിവരം പറഞ്ഞില്ല.വീട്ടില്‍ ഇതൊരു കൂട്ടച്ചിരി ഉയര്‍ത്തിയതോര്‍ക്കുന്നു.
ഈ സ്കൂളിലെ ആനിവേഴ്സറികള്‍ ഞങ്ങള്‍ക്ക് ഒരുതരം ഉത്സവത്തിമര്‍പ്പേകിയിരുന്നു. നാല്, അഞ്ച്, ആറ് എന്നീ ക്ലാസുകള്‍ തമ്മില്‍ വേര്‍തിരിച്ചിരുന്നത് തട്ടികകള്‍ വെച്ചായിരുന്നതിനാല്‍, വേറൊരു ഹാളിന്റെ ആവശ്യമില്ലായിരുന്നു. തട്ടികകള്‍ വശങ്ങളിലേയ്ക്ക് നീക്കി, ബഞ്ചുകള്‍ കൂട്ടിയിട്ടുണ്ടാക്കുന്ന സ്റ്റേജില്‍ എന്തൊക്കെ കലാപരിപാടികളാണ് ഞങ്ങള്‍ ആ അരണ്ട വെളിച്ചത്തില്‍ കാട്ടിക്കൂട്ടിയിട്ടുള്ളത്!!!!! ഒരിക്കല്‍ മൂന്നില്‍ വെച്ച് ഒപ്പന കളിച്ചതോര്‍ക്കുന്നു- ദുര്‍ഗ അന്നു മണവാട്ടിയായിരുന്നു. അമ്മയുടെ ചന്ദനനിറമുള്ള ഒരു കസവുസാരി നീളത്തില്‍ രണ്ടായി മടക്കിയാണ് എന്നെ ഉടുപ്പിച്ചത്!
ഞങ്ങളുടെ ഒരു മാഷിനു നഖം കടിക്കുന്ന ദുശ്ശീലമുണ്ടായിരുന്നു. ഒരിക്കല്‍ ഒരു പാഠഭാഗം വായിക്കാന്‍ തന്നിട്ട് മാഷ് നഖം കടിച്ചുകൊണ്ടിരുന്ന കുട്ടിയോട് മാഷ് പറഞ്ഞു “ നഖം കടിക്കല്ലേടാ...”....മാഷ് ഇപ്പറയുന്നതും നഖം കടിച്ചുകൊണ്ടാണ്! ആ വിരുതന്‍ തിരിച്ച് മാഷിനോട് “ അപ്പോള്‍ മാഷ് കടിക്കണതോ?”....ഉടനെ ചമ്മല്‍ മറച്ച് ഒരു ചിരിയോടെ
മാഷ് “എനിക്കോ അതു ശീലമായി മോനേ, നീയെങ്കിലും നന്നാവാന്‍ വേണ്ടി പറഞ്ഞതല്ലേ.....”....
16 * 16 = 256 വരെ ഊണിലും ഉറക്കത്തിലും മന:പാഠമായിരിക്കണമെന്നു ശഠിച്ചിരുന്ന കണക്കുമാഷ് തന്റെ ഓരോ പിരീയഡും തുടങ്ങിയിരുന്നത് പട്ടിക ചോദിച്ചുകൊണ്ടായിരുന്നു. ഉടനെ തന്നെ ക്ലാസില്‍ മതിലുകള്‍ ഉയരുകയായി; ഓരോ ബഞ്ചിലും. കനം കുറഞ്ഞ ആ ചൂരലിന്റെ ഭംഗി നോക്കുവാനെന്നോണം ഒരറ്റം സൂക്ഷ്മമായി പരിശോധിച്ചുകൊണ്ട് മാഷ് കറുത്ത ഫ്രെയിമുള്ള കണ്ണടയ്ക്കുള്ളിലൂടെയോ അതിനു മുകളിലൂടെയോ തീക്ഷ്ണമായി ഒന്നുനോക്കും-തന്റെ അടുത്ത ഇരയെ! ഋഷികപൂറിനെപ്പോലെ ക്ലീന്‍ഷേവ് ചെയ്ത മുഖത്ത് ഒരു ചെറുപുഞ്ചിരിയുമായി.:)
സാമൂഹ്യപാഠം റ്റീച്ചറുടെ വേഷം വേറൊരുതരത്തിലായിരുന്നു- സാരിത്തുമ്പ് മറുതോളിലൂടെയെടുത്ത് ബ്ലൌസില്‍ കുത്തി, 180 ഡിഗ്രിയില്‍ തല തിരിച്ചുകൊണ്ടാണ് ടീച്ചര്‍ നടക്കാറ്. പിന്നീട് ഹെഡ്മിസ്റ്റ്രസ് ആയപ്പോള്‍ അത് 360 ഡിഗ്രി ആയി മാറി.
പ്യൂണ്‍ ‘ഉണ്ണിമാഷ്’(അദ്ദേഹത്തെ മാത്രമായി മാഷെന്ന് വിളിക്കാതിരിക്കാന്‍ കഴിയാത്തതുകൊണ്ട് അങ്ങനെയാണ് വിളിക്കാറ്.) ഒരു സഹൃദയനായിരുന്നു.വായില്‍ നിറയെ മുറുക്കാനും ചുണ്ടില്‍ നിറയെ ചിരിയും വെളുത്തു ചുവന്ന് സുന്ദരമായ വട്ടമുഖത്തു ഒരു വട്ടക്കണ്ണടയുമായി, പിന്‍ഭാഗത്തും വശങ്ങളിലും മാത്രം അല്പം ചെമ്പിച്ച് ചുരുണ്ട മുടിയുള്ള തന്റെ കഷണ്ടിത്തല പെന്‍ഡുലം കണക്കെ ആട്ടി, ഒരു ലാഘവത്തോടെ ചുറ്റും നോക്കി, ഇടയ്ക്ക് കാണുന്നവരോടൊക്കെ തന്റെ ഇടറിയ സ്വരത്തില്‍ കുശലം ചോദിച്ച്, കയ്യില്‍ മണിയുമായും അല്ലാതെയുമൊക്കെ അദ്ദേഹം ആ വരാന്തയിലൂടെ നടന്നുപോന്നു.
ഏറെക്കാലത്തിനു ശേഷം, കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായിട്ടാണ് ഞാനീ വിദ്യാലയത്തിന്റെ പടി ചവിട്ടിയത്. ആകെ മാറിയിരിക്കുന്നു പരിസരമൊക്കെ. വിദ്യാര്‍ത്ഥികളുടെ എണ്ണം നന്നേ കുറവാണത്രേ. എല്ലാവരും ഇംഗ്ലീഷ്മീഡിയത്തിന്റെ പിന്നാലെയല്ലേ..ഒരു വ്യാഴവട്ടം പിന്നിലേയ്ക്ക് കൊണ്ടുപോകുന്നു ആ മണ്ണ്. അച്ഛനും അമ്മയും തങ്ങളുടെ സഹോദരങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വ്യത്യസ്തമായി, മക്കളെ സാധാരണ ഒരു മലയാളം മീഡിയം സ്കൂളില്‍ ചേര്‍ത്തതിന് ഞങ്ങളെന്നും അവരോട് കടപ്പെട്ടിരിക്കുന്നു. കാരണം, പാഠപുസ്തകങ്ങള്‍ക്കുമുപരിയായി ഒരുലോകമുണ്ടെന്നും, എത്ര കഷ്ടപ്പെട്ടാണ് പല കുട്ടികളും പഠിക്കുന്നതെന്നും, മറ്റുള്ളവര്‍ക്കു കിട്ടാത്തതു പലതും ഞങ്ങള്‍ക്ക് കിട്ടുന്നുണ്ടെന്നും, അവയുടെയൊക്കെ വില എത്രത്തോളമുണ്ടെന്നും എല്ലമെല്ലാം ഞങ്ങളെ പഠിപ്പിച്ചത് മറ്റൊന്നല്ല.