Durga

the travelogue of life

Wednesday, December 06, 2006

പരമാനന്ദം സംഗീതം....

കുട്ടിക്കാലം മുതല്‍ക്കേ തുടങ്ങീതാണ് ശാസ്ത്രീയസംഗീതത്തോടുള്ള ഭ്രമം! എന്നാല്‍ അതറിയാമോ? അതൊട്ടില്ല താനും. പണ്ട് ഭരതനാട്യം ക്ലാസ്സില്‍ നിന്നും പേടിച്ചോടി പ്പോന്നതിന്റെ പ്രതികാരമായിട്ടാണോ ആവോ, അതില്‍പ്പിന്നെ കലാലോകത്തിന്റെ പടി കാണിച്ചിട്ടില്ല എന്നെയച്ഛന്‍.

എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ചെറുപ്പത്തിലേ, വീട്ടില്‍ സ്വൈര്യം കൊടുക്കായ്കയാല്‍ പതിനൊന്നു വയസ്സായപ്പോഴേയ്ക്കും എട്ടിലെത്തിയിരുന്നു. അച്ഛന്റെ മൂത്ത പെങ്ങളുടെ മകളെ കാലടിയിലെ എതോ സംഗീതക്ലാസ്സില്‍ ചേര്‍ക്കുവാന്‍ പോകുന്നു. ഒരു കൂട്ടിനു എന്നെയും വിടാന്‍ അമ്മായി അച്ഛന്റെ മുന്നില്‍ നിവേദനം സമര്‍പ്പിച്ചു. ഇതു തന്നെ സുവര്‍ണ്ണാ‍വസരമെന്നു കരുതി ഞാന്‍ കച്ചേരി നടത്തുന്നതുവരെ സ്വപ്നം കണ്ടു തുടങ്ങി. പക്ഷേ അച്ഛനോ? ഇതിനു പുല്ലുവില കല്‍പ്പിക്കാതെ, “പിള്ളേര്‍ അങ്ങനെ പാട്ടും കൂത്തുമായി നടന്നാല്‍ ശരിയാവില്ല, നാലക്ഷരം പഠിക്കട്ടെ” എന്നു ആജ്ഞാപിക്കുകയാണുണ്ടായത്. പ്രതിരോധമന്ത്രാലയത്തില്‍ ജോലി ലഭിക്കുന്നതിനുമുമ്പ് സ്ഥലത്തെ പ്രധാന കണക്കുമാഷായിരുന്ന അച്ഛനിലെ ബുദ്ധിജീവി ഇടയ്ക്കിടെ ഉണര്‍ന്നു ഇതേപോലെ കത്തിവേഷമണിയാറുണ്ടായിരുന്നു.
എന്തു വേണ്ടെന്നു പറയുന്നോ അതു വേണമെന്നു ശഠിക്കുന്ന മനുഷ്യമനസ്സിനു ഞാനും അടിപ്പെട്ടു. അമ്മായിയുടെ മകള്‍ അഞ്ജുവ്നെ ഏതോ മഹാഭാഗ്യം സിദ്ധിച്ചവളെയെന്നപോലെ ആരാധനയോടെയും തെല്ലസൂയയോടെയും കണ്ടുപോന്നു. വെറ്റിലയും അടയ്ക്കയുമൊന്നും വയ്ക്കാതെയാണെങ്കിലും പ്രായം കൊണ്ടിളയ അവള്‍ക്കു ഞാനും അനിയത്തിയും ശിഷ്യപ്പെട്ടു. നാഴികയ്ക്കുനാല്‍പ്പതുവട്ടമെന്നൊണം അമ്മായിയുടെ വീട്ടിലേയ്ക്കുള്ള സംഗീതാഭ്യസനയാത്രകള്‍ തുടങ്ങി. അമ്മാവന്‍ സഹൃദയനായ ഒരു മലയാളം മാഷായതിനാല്‍ ഇതിനൊക്കെ മൌനാനുവാദം നല്‍കിപ്പോന്നു. സരളിവരിസകള്‍ തീരുന്നതിനുമുമ്പേ അനിയത്തി ‘മംഗളം’ പാടി. പക്ഷേ ഞാന്‍ ‘മദ്ധ്യസ്ഥായി‘ വരെ തുടര്‍ന്നു. പിന്നെ പരീക്ഷത്തിരക്കുകള്‍ക്കിടയിലും മറ്റുമായി പഠനം മുടങ്ങി. എന്നാലും അഞ്ജു സംഗീതക്ലാസില്‍ നിന്നു വരുമ്പോള്‍ ആ ബുക്ക് നോക്കി ഞാന്‍ വെള്ളമിറക്കാറുണ്ടായിരുന്നു-ട്രെയിന്‍ യാത്രക്കിടയില്‍ നമ്മുടെ ഭക്ഷണപ്പൊതിയിലേയ്ക്കു ധര്‍മ്മക്കാരുപിള്ളേര്‍ കൊതിയോടെ നോക്കുന്നതുപോലെ. അവള്‍ പതിനൊന്നുവര്‍ഷം കഴിഞ്ഞു പാട്ടുപഠിത്തം നിര്‍ത്തുന്നതുവരെ ഞാനിതു തുടര്‍ന്നു. ഇതിനിടെ,അച്ഛന്‍ കാണാതെ കാസറ്റുകളില്‍ നിന്നുമൊക്കെ കീര്‍ത്തനങ്ങള്‍ മന:പാഠമാക്കിക്കൊണ്ടിരിക്കുകയും യുവജനോത്സവങ്ങളില്‍ യാതൊരു സങ്കോചവും കൂടാതെ നെപ്പോളിയനെ വെല്ലുന്ന ആത്മവിശ്വാസത്തോടെ പങ്കെടുക്കുകയും എട്ടുതരത്തില്‍ പൊട്ടുകയും ചെയ്തുപോന്നു.
ശാസ്ത്രീയസംഗീതമത്സരത്തില്‍ എനിക്കാകെ കിട്ടിയിട്ടുള്ള സമ്മാനം, ഒന്‍പതാം ക്ലാസ്സില്‍ വച്ച് മത്സരാര്‍ത്ഥികളുടെ എണ്ണം തികയാഞ്ഞിട്ടു നിര്‍ബന്ധിച്ചുപാടിച്ചപ്പോള്‍ കിട്ടിയ രണ്ടാംസ്ഥാനമായിരുന്നു. സ്കൂളിലെ 2 ഗാനകോകിലങ്ങള്‍ മത്സരം റദ്ദാക്കപ്പെടുമല്ലോ എന്നു വ്യസനിച്ച്, ഒന്നാം സ്റ്റേജില്‍ ഡാന്‍സ് കണ്ടുകൊണ്ടിരുന്ന പാവം ഈ ദുര്‍ഗ്ഗയെ കൈ പിടിച്ചുവലിച്ചു രണ്ടാം സ്റ്റേജില്‍ കയറ്റുകയായിരുന്നു. ഒരാള്‍ ‘ഗജാനനയുതം‘ പാടി ഒന്നാമതെത്തി. മറ്റേ കുട്ടി ‘വരവീണാ മൃദുപാണീ’ എന്ന ഗീതം ഭംഗിയായി പാടി. മൂന്നാമതു ദുര്‍ഗ്ഗ കയറി. അന്നു ആകെ അറിയാവുന്നത് “ശ്രീഗണനാഥ” എന്ന ആദ്യത്തെ ഗീതമായിരുന്നു. അതു മാത്രായാല്‍ മോശല്ലേന്ന് കരുതി അപ്പോഴത്തെ സ്പിരിറ്റില്‍ ‘മദ്ധ്യസ്ഥായി‘യും തകര്‍ത്തുപാടി. സമ്മാനം സ്വപ്നത്തില്‍ പോലുമില്ലാത്തതിനാല്‍ പതുക്കെ സ്ഥലം കാലിയാക്കി. എന്താണെന്നറിയില്ല മത്സരം കഴിഞ്ഞാല്‍ ഞാനൊരിക്കലും വേദിയുടെ പരിസരത്തെങ്ങും നില്‍ക്കാറില്ല.;)
ഫലം വന്നപ്പോള്‍ ഞെട്ടിപ്പോയി. ഒരു ഗാനകോകിലം നോക്കിപ്പാടിയതിനാല്‍ രണ്ടാം സ്ഥാനം എനിക്ക്! ഹായ്! ഇനി വീട്ടില്‍ ചെന്നു വീമ്പ് പറയാമല്ലോ!
രണ്ടു ദിവസം കഴിഞ്ഞ് സാമൂഹ്യപാഠം പഠിപ്പിച്ചിരുന്ന സിസ്റ്റര്‍ മരിയ ക്ലാസ് കഴിഞ്ഞ് എന്നെ അടുത്തുവിളിച്ചു. അതിരറ്റ വാത്സല്യത്തോടെ..”മോള്‍ടെ ശബ്ദം എത്ര നല്ലതാണ്! പാട്ടു പഠിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ പഠിക്കണം, നന്നായി വരും. കഴിവുകളൊന്നും പാഴാക്കരുത്!“

ഇതു കേട്ട് എനിക്കുണ്ടായ പരമാനന്ദം! -അവാര്‍ഡ് കിട്ടിയില്ലെങ്കിലെന്ത്, ജനസമ്മതിയുണ്ടല്ലോ എന്ന് ആശ്വസിക്കുന്ന നായികയെപ്പോലെ ഞാന്‍ ഊറ്റം കൊണ്ടു. ഇതൊന്ന് എന്റച്ഛനോട് ചെന്ന് പറയുമോന്ന് ചോദിക്കാന്‍ തോന്നി എനിക്കപ്പോള്‍.

അന്നു കിട്ടിയ ആ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തിലായിരുന്നു പിന്നീടുള്ള എന്റെ കീര്‍ത്തനപരീക്ഷണങ്ങള്‍! സ്കൂള്‍ മുതല്‍ കൊച്ചി സര്‍വ്വകലാശാല വരെ!
കൊച്ചി സര്‍വകലാശാലാ യുവജനോത്സവം നടക്കുന്ന സമയം! എന്നിലെ കലാഹൃദയം ഉണര്‍ന്നു. ഒരു കീര്‍ത്തനം പഠിച്ചു പാടുക തന്നെ! പക്ഷേ, എന്നെപ്പോലുള്ള കള്ളനാണയങ്ങളെ ഒഴിവാക്കുവാനും യഥാര്‍ത്ഥ പ്രതിഭകള്‍ക്ക് മാത്രം അവസരമൊരുക്കാനുമായി ‘സ്ക്രീനിംഗ്’ എന്ന ഒരു കീറാമുട്ടിയുണ്ടല്ലോ!:( ഏതായാലും അരക്കൈ നോക്കുക തന്നെ. വൈകീട്ട് ഷിപ്പ് ടെക്നോളജി ബില്‍ഡിങ്ങില്‍ എത്തി. ഒരു മാഡം കസേരയില്‍ ഇരിക്കുന്നുണ്ട്. ഓരോരുത്തരായി അവര്‍ക്കു മുന്നില്‍ ഇരുന്നു പാടിത്തുടങ്ങി. എന്റെ ഊഴമെത്തി. അഞ്ജു രണ്ടുകൊല്ലം മുമ്പ് പഠിപ്പിച്ചു തന്ന ‘ഹിമഗിരി തനയേ’ എന്ന ശുദ്ധധന്യാസി രാഗത്തിലുള്ള മനോഹരമായ കീര്‍ത്തനം എന്നാലാവുന്ന വിധം പാടിയൊപ്പിച്ചു. പിറ്റേന്ന് ഷോര്‍ട്ട് ലിസ്റ്റില്‍ എന്റെ പേരു കണ്ടപ്പോഴുണ്ടായ ആഹ്ലാദം!! പക്ഷേ വേറൊരു പ്രശ്നമുണ്ട്. ഇനി കുസാറ്റിന്റെ പേരു ചീത്തയാക്കാതെ നോക്കണം. അഫീലിയേറ്റഡ് കോളേജുകളില്‍ നിന്നൊക്കെയുള്ള മത്സരാര്ത്‍ഥികളുണ്ട്കും അടുത്താഴ്ച യഥാര്‍ത്ഥഗോദയില്‍!! മുട്ടുകാലിടിച്ചോ? നെറ്റിത്തടം വിയര്‍ത്തോ? തൊണ്ട വരണ്ടോ?? ഏയ്! ഇല്ലില്ല. അതൊക്കെ ഭീരുത്വത്തിന്റെ ലക്ഷണങ്ങളല്ലേ? പിന്നീടുള്ള ശ്രമം പറ്റിയ ഒരു രാഗം തെരഞ്ഞെടുക്കാനായിരുന്നു.
ബുദ്ധിമുട്ടേറിയ രാഗം വല്ലതും തെരഞ്ഞെടുത്താല്‍ വിധികര്‍ത്താക്കളുടെ പ്രത്യേക പരിഗണന കിട്ടിയേക്കും എന്ന മിഥ്യാധാരണ എങ്ങനെയോ ആയിടയ്ക് എന്റെ മനസ്സില്‍ കയറിക്കൂടി. അങ്ങനെ ‘തോടി‘ക്കു നറുക്കുവീണു. ‘തായേ യശോദാ” എന്ന കീര്‍ത്തനവും തെരഞ്ഞെടുത്തു. ഒരു കൂട്ടുകാരി തന്ന കാസറ്റില്‍ നിന്ന് എന്റെ കാസറ്റിലേയ്ക്ക് റെക്കോഡ് ചെയ്തു. ആവര്‍ത്തിച്ച് കേട്ടും ഒപ്പം പാടിയും എഴുതിയെടുത്തും ഒക്കെ ഒരാഴ്ചകൊണ്ട് അതു ഹൃദിസ്ഥമാക്കി. അച്ഛന്‍ മദ്രാസില്‍ നിന്നും എല്ലാ ആഴ്ചയും വീട്ടില്‍ വന്നിരുന്നതിനാല്‍ ശനിയും ഞായറും മേല്‍ സ്ഥായി പോലും കീഴ് സ്ഥായിയായി മാറിയിരുന്നു.
ദസേട്ടന്റെ രാഗവിസ്താരം ഏറിപ്പോകുന്തോറും അതിനൊപ്പം പാടാന്‍ ശ്രമിക്കുന്ന എന്റെ ശബ്ദം വോള്‍ട്ടേജ് ഇല്ലാത്തപ്പോള്‍ പ്ലേ ചെയ്യുന്ന ടേപ്പ് റെക്കോര്‍ഡര്‍ പോലെയായി.
അവസാനം ബുദ്ധിമുട്ടേറിയ ഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള ഒരു രാഗവിസ്താരം ഞാന്‍ തന്നെ തയ്യാറാക്കി. ‘ആന വായ വിളിക്കുന്നതുകണ്ട് അണ്ണാന്‍ വായ വിളിക്കരുതെ‘ന്ന് ഉള്ളിലിരുന്ന് ആരോ പറയുന്നതുപോലെ. എന്തായാലും പാവം അമ്മ! എന്റെ പ്രാക്റ്റീസ് മുഴുവന്‍ സഹിച്ചു! അങ്ങനെ ആ ദിവസമെത്തി. അന്നു കുസാറ്റില്‍ അടിച്ചുവാരുന്ന ചേച്ചിയേക്കാളും മുമ്പെത്തീത് ഞാനായിരുന്നു. സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലാണത്രേ മത്സരം. അങ്ങോട്ടു നടന്നു. മത്സരാര്‍ത്ഥികള്‍ ഓരോരുത്തരായി എത്തിത്തുടങ്ങി. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്-എല്ലാവരുടെ കയ്യിലും ശ്രുതിപ്പെട്ടി ഉണ്ട്.ആരോടെങ്കിലും തത്കാലത്തേയ്ക്ക് കടം വാങ്ങുക തന്നെ.
പിന്നെയും സമയം ബാക്കി മത്സരം തുടങ്ങാന്‍. ഇന്ത്യന്‍ കോഫീ ഹൌസില്‍ പോയി ഒരു കാപ്പി കുടിച്ചിട്ടുവരാം. മറ്റൊരു മത്സരാര്‍ത്ഥിയേയും കൂട്ടി പുറത്തേയ്ക്ക് നടന്നു. തിരിച്ചെത്തിയപ്പോള്‍ ഹാള്‍ മത്സരാര്‍ത്ഥികളെക്കൊണ്ടു നിറഞ്ഞിരുന്നു. അവരിലോരോരുത്തരുടേയും നിലവാരം അറിഞ്ഞിരിക്കുന്നതു എനിക്കു ഗുണം ചെയ്യുമെന്നു തോന്നിയതിനാല്‍ ഞാന്‍ കുശലം ചോദിച്ചുതുടങ്ങി. ഒരു കാര്യം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു-അവരെല്ലാം തന്നെ സംഗീതം അഭ്യസിച്ചിട്ടുള്ളവരാണ്!
അല്ലാതെ എന്നെപ്പോലെ ഒരു ഭ്രാന്തിന്റെ പുറത്തു പാടാന്‍ വന്നിരിക്കയല്ല. സാരമില്ല...ഏതായാലും നനഞ്ഞിറങ്ങി, ഇനി കുളിച്ചുകയറുക തന്നെ. അക്കൂട്ടത്തില്‍ കൊല്ലങ്ങളായി ഒന്നാംസ്ഥാനം കുത്തകയാക്കിയ താരം വരെയുണ്ടായിരുന്നു! വിധികര്‍ത്താക്കളാവട്ടെ, തൃപ്പൂണിത്തുറ സംഗീതകോളേജില്‍ നിന്നും പേരിനേക്കാള്‍ നീളമുള്ള ബിരുദങ്ങള്‍ കൈമുതലായുള്ളവര്‍!! മത്സരം തുടങ്ങി!
അഞ്ചാറുപേര്‍ പാടിക്കഴിയാനുണ്ട്. ഞാന്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍ വരാന്തയിലേയ്ക്കിറങ്ങി. വാക്ക്മാനില്‍ അവസാനാവര്‍ത്തി ആ കീര്‍ത്തനം കേട്ടു നോക്കി. അങ്ങനെ അതിലേ ഉലാത്തവേ, എന്തോഒരു പന്തികേട് തോന്നി. ഈശ്വരാ! എന്റെ നമ്പര്‍ ആണല്ലോ ആ വിളിച്ചത്!(എന്റെ മുമ്പ് പാടേണ്ടിയിരുന്ന ഒരു അസ്സല്‍ പാട്ടുകാരന്‍ മത്സരാര്‍ത്ഥികളുടെ സ്റ്റാന്‍ഡേഡ് കണ്ടുപേടിച്ച് ഓടിപ്പോയി എന്നു പിന്നീടറിഞ്ഞു. ദുര്‍ഗ്ഗയ്ക്കു ഭയം തോന്നിയില്ല. ഒന്നും പഠിക്കാത്തവ്ര്ക്കും എല്ലാം പഠിച്ചവര്‍ക്കും പേടിയുണ്ടാവില്ലല്ലോ.) വേഗം വേദിയിലേയ്ക് ഓടിക്കയറി. അപ്പോഴാണ് ഓര്‍മ്മ വന്നത്- തിരക്കിനിടയില്‍ ശ്രുതിപ്പെട്ടി വാങ്ങാന്‍ മറന്നിരിക്കണൂ!! ഇനി താഴെയിറങ്ങി അതും വാങ്ങിച്ചു കയറി വന്നാല്‍ മാര്‍ക്ക് കുറഞ്ഞാലോ! അതുകൊണ്ട് ആ കുട്ടിയോട് വേണ്ടെന്ന് ആംഗ്യം കാട്ടി ഞാന്‍ വേദിയിലിരുന്നു . മൈക്ക് ഒക്കെ ശരിയാക്കി. രാഗവിസ്താരം തുടങ്ങി...എങ്ങനെയോ അതു പാടിത്തീര്‍ത്ത് അവിടെ നിന്നും പമ്പകടന്നു. വിധികര്‍ത്താക്കളുടേയോ സദസ്യരുടേയോ മുഖത്തു നോക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല. വിധിയറിയാന്‍ കാത്തുനിന്നില്ല. ക്ലാസ്സിലെ എല്ലാവരും ഗ്രൌണ്ടില്‍ ക്രിക്കറ്റ് നടക്കുന്നിടത്തുണ്ടെന്നറിഞ്ഞിട്ടും അങ്ങോട്ടുപോവാതെ ഞാന്‍ വീട്ടിലേയ്ക്കു തിരിച്ചു. പിറ്റേന്നത്തെ ‘ഹിന്ദു’വിന്റെ മൂന്നാം പേജില്‍ എനിക്കു ശ്രുതിപ്പെട്ടി തരാമെന്നേറ്റ ആ താരത്തിന്റെ പടം- മിടുക്കി!കുത്തക നിലനിര്‍ത്തിയിരിക്കുന്നു. ഒന്നാം സ്ഥാനം തന്നെ! :)
ദുര്‍ഗ്ഗയുടെ സംഗീതപരീക്ഷണങ്ങള്‍ ഇവിടെ അവസാനിച്ചുവെന്നു തോന്നിയെങ്കില്‍ തെറ്റി. പറയാന്‍ കിടക്കുന്നതേയുള്ളൂ പറഞ്ഞതിലുമപ്പുറം.:)

22 Comments:

  • At 1:59 AM, Blogger Siju | സിജു said…

    ഞാന്‍ കരുതി ദുര്‍ഗ്ഗയുടെ ഫോട്ടോയായിരിക്കും അടിച്ചുവരികയെന്നു
    കുറച്ചു കൂടി ശ്രമിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ, .. :-)

     
  • At 2:12 AM, Blogger അതുല്യ said…

    എന്റെ ദുര്‍ഗ്ഗേ.. ഞാനും പണ്ട്‌, (പട്ടത്തീനേ പാട്ട്‌ പടിപ്പിച്ചിലെങ്കില്‍ പിന്നെ ചെക്കനെ കിട്ടൂല്ലാ, കാരണം വിക്കുണ്ടോ ന്ന് നോക്കാന്‍ ആദ്യം ചെക്കന്റെ വീട്ടുകാരു പറയും. എന്നാ പൊണ്ണെ പാട ചൊല്ലുങ്കള്‍.....) ഇത്‌ പോലെ വരവീണാ മൃദുപാണി പഠിച്ചപ്പോഴേയ്കും പറഞ്ഞു, ഭാവയാമി രഘുരാമാ... ഇനി പഠിയ്കണം!! വേദി, റ്റൈപ്പ്‌ റൈറ്റിംഗ്‌ ഇന്‍സ്റ്റ്യ്ട്ടൂട്ടായത്‌ ഭാഗ്യം. (അതും ഒരു പട്ടരുടെ, ചെരുപ്പൊക്കെ പുറത്ത്‌ അഴിച്ച്‌ വച്ചിട്ടാ അകത്ത്‌ കിടക്കാറു.... :))

    പക്ഷെ പാട പാട രാഗം
    കിടന്നാ കിടന്നാ രോഗം
    എന്നാ,

    ഇനിയും റ്റ്രൈ ദുര്‍ഗ്ഗ, കുഞ്ഞിനെ എങ്കിലും തരാട്ട്‌ പാടാലോ..

     
  • At 3:45 AM, Blogger സു | Su said…

    ദുര്‍ഗേ, എന്നാലും ആ സംഗീതം കൈവിടരുത്. ഇനിയും പഠിക്കാം. സൌകര്യം പോലെ. :)

     
  • At 5:11 AM, Blogger ഡാലി said…

    ദുര്‍ഗ്ഗേ, ക്ലാപ്പ് ക്ലാപ്പ്. ഇങ്ങനെ വേണം പെണ്‍കുട്ടോള്. ഈശ്വരാ ഈ ദുര്‍ഗ്ഗയെ മുന്നേ കണ്ടിരുന്നെങ്കില്‍ അക്കൊല്ലത്തെ കൊച്ചിന്‍ യൂണിവേഴ്സിറ്റി യുവജനോത്സവത്തിനു ഞാനും ശാസ്ത്രീയ സംഗീതത്തിനു മത്സരിച്ചേനെ! ദുര്‍ഗ്ഗയ്ക്ക് അവസാനത്തേന്ന് മുകളിലീ സ്ഥാനം ഉറപ്പയിരുന്നു. ഇനീപ്പോ പറഞ്ഞട്ട് കാര്യമില്ലല്ലോ.

    തോടിയും രാഗവിസ്താരവുമൊക്കെയായി ആ പാട്ട് ബ്ലോഗിലിട് ദുര്‍ഗ്ഗേ. ഞങ്ങള്‍ എന്തായലും കമന്റ് മഴ സമ്മാനമായി തരാം.
    പരീക്ഷണത്തിന് എല്ലാ ഭാവുകങ്ങളും...

     
  • At 5:32 AM, Blogger ശനിയന്‍ \OvO/ Shaniyan said…

    ഹഹ അതു കലക്കി! ഭാവിയുണ്ട് ദുര്‍‌ഗ്ഗേ.. നിര്‍ത്തരുത് എന്നൊരു അപേക്ഷയുണ്ട്. പാടണം, ഇനിയും! (പാവം ഭാവി.. മിക്കവാറും എന്നേ പുള്ളി തട്ടും)

    പരമാനന്ദം സംഗീതമെന്നായിട്ടും, വെട്ടുപോത്തിന്റെ ഭാവവും, ഇരുന്നൂറ്റന്‍പതു പൌണ്ട് ഭാരവും, കരാട്ടേയില്‍ സെക്കന്‍ഡ് ഡിഗ്രീ ബ്ലാക്ക് ബെല്‍റ്റുമുള്ള സ്നേഹ സമ്പന്നനായ സഹപ്രവര്‍ത്തകന്റെ പത്തിനും അഞ്ചിനുമിടയില്‍ പാടിയാല്‍ തട്ടിക്കളയുമെന്ന സ്നേഹത്തോടെയുള്ള പൊതുതാല്‍പ്പര്യ വധഭീഷണി മാനിച്ച് (ഹേയ്, പേടിച്ചിട്ടൊന്നുമല്ല, ധൈര്യം കൊണ്ടൊരു വിറയല്‍, അത്രേള്ളൂ..), കൃത്യം അഞ്ചടിച്ചാല്‍ അപ്പോള്‍ കേള്‍ക്കുന്നതിന്റെ കൂടെപ്പാടി സംതൃപ്തി അടയുന്ന ഒരുവന്റെ വക ഗണ്‍ സല്യൂട്ട്!

     
  • At 5:54 AM, Blogger P Das said…

    :)

     
  • At 6:11 AM, Blogger ചില നേരത്ത്.. said…

    പാടി പീഡിപ്പിക്ക്യാന്ന് കേട്ടിട്ടേയുള്ളൂ..
    ഇപ്പോ അത് പറഞ്ഞ് രസിപ്പിക്കുന്നു.
    ദുര്‍ഗ, ഒരു കളത്തിനുള്ളില്‍ വരച്ചിട്ടാലും അതിരു വിട്ട് പായുന്ന ശൈലിയിലാണെഴുതുന്നത്.ഇനിയും എഴുതൂ.
    എല്ലാ ആശംസകളും :)

     
  • At 8:17 AM, Blogger ഉമേഷ്::Umesh said…

    നല്ല പോസ്റ്റ്, ദുര്‍ഗ്ഗേ! സംഗീതം ഹൃദയത്തിലാണു്, ശബ്ദത്തിലല്ല.

    (എന്നു പാടാന്‍ കഴിയാത്ത എന്നെപ്പോലുള്ളവര്‍ പറയും :) )

    ഈ പോസ്റ്റ് സംഗീതാഭ്യസനത്തിനുള്ള എന്റെ വിക്രിയകള്‍ ഓര്‍മ്മിപ്പിച്ചു. ചെറുപ്പത്തില്‍ പഠിച്ചിട്ടില്ല. പിന്നെ പുസ്തകങ്ങള്‍ ‍നോക്കി തിയറിയുടെ ബാലപാഠങ്ങള്‍ പഠിച്ചു. 28 വയസ്സുള്ളപ്പോള്‍ ബോംബെയില്‍ ഒരു സംഗീതക്ലാസ്സില്‍ ചേര്‍ന്നു “ശാസ്ത്രീയമായി” അഭ്യസിച്ചു. കൂടെ പഠിച്ചവര്‍ പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളായിരുന്നു അധികവും. (തുറുപ്പുഗുലാനില്‍ മമ്മൂട്ടി ഡാന്‍സു പഠിക്കുന്നതു പോലെ.) അവസാനം എന്റെ ഋഷഭസ്വരം ബാക്കിയുള്ളവരുടെ കോകിലസ്വരത്തോടു ചേര്‍ന്നുപോകാഞ്ഞപ്പോള്‍ ഗുരു ചവിട്ടിപ്പുറത്താക്കാതെ മയത്തില്‍ കാര്യം പറഞ്ഞു-“നിനക്കു പറ്റിയതു് വയലിനോ മൃദംഗമോ ആണു്” എന്നു്.

    സംഗീതം ഹൃദയത്തിലുള്ള ഞാന്‍ ഹൃദയവേദനയോടെ ഈ ശ്ലോകം എഴുതി. (വാല്മീകിയ്ക്കു മാപ്പു്!)

    ഈ ശ്ലോകം ഓര്‍മ്മിപ്പിച്ചതിനും നന്ദി.

     
  • At 7:15 PM, Blogger അനംഗാരി said…

    കൊച്ചി സര്‍വ്വകലാശാലയില്‍ ഞാനും വന്ന് പാടിയിട്ടുണ്ട്.അത് ലാ കാളേജ് വഹ!അടുക്കള പാത്രങ്ങളൊക്കെ ഉപകരണങ്ങളാക്കി ഒരു സംഘവുമായി.അതൊരു കാലം!

     
  • At 7:18 PM, Blogger Adithyan said…

    ആഹാ... എന്താ എഴുത്ത്...
    സംഭവങ്ങള്‍ വിവരിക്കാന്‍ ദുര്‍ഗ്ഗയ്ക്ക് ഒരു പ്രത്യേക ‘നേക്ക്’ (കട്: വിശാല്‍ജി) ഉണ്ട്.

    പിന്നെ പാട്ടിനെപ്പറ്റിപ്പറഞ്ഞാല്‍... ഞാന്‍ മനോഹരമായി പാടുമായിരുന്നു. കോളേജില്‍ ഫ്രീ അവര്‍ ഒക്കെ ഞാന്‍ ഒരു പാട്ടു പാടിയാല്‍ മൂന്ന് ക്ലാസ്സ് അപ്പുറത്തു നിന്നു വരെ ടീച്ചര്‍മാര്‍ ഓടി വരുമായിരുന്നു... ഉടനെ നിര്‍ത്തിക്കാന്‍ :(

     
  • At 8:41 PM, Blogger മുസാഫിര്‍ said…

    ഇനിയും ഒരങ്കത്തിനു ബാല്യമുണ്ട് ദുര്‍ഗ്ഗാ,കല്യാണം കഴിഞ്ഞിട്ടു എന്തെങ്കിലും സാധിച്ചു കിട്ടിയില്ലെങ്കില്‍ ഞാനിപ്പം പാടും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്താം.
    തമാശ പറഞ്ഞതാണു.മന്‍സ്സിലെ സംഗീതത്തിന്റെ വെളിച്ചം കെടാതെ സൂക്ഷിക്കുക.ജീവിതത്തിന്റെ താളം നിലനിര്‍ത്താന്‍ അതു സഹായിക്കും.

     
  • At 11:33 AM, Blogger ശനിയന്‍ \OvO/ Shaniyan said…

    ഇവിടെ ആദിത്യന്‍ പറഞ്ഞതു ഞാന്‍ സമ്മതിക്കുന്നില്ല.. ആദി ഇപ്പോഴും അസ്സലായിത്തന്നെ പാടുന്നു.. ബൂലോകത്തില്‍ ആ ഭാഗ്യം (ആദി പാടിക്കേള്‍ക്കാന്‍)ഉണ്ടായിക്കാണാവുന്ന അപൂര്‍വം ചിലരിലൊരാളാണ് ഞാന്‍.

    നിങ്ങളെല്ലാവരും കൂടി നിര്‍ബന്ധിക്കാത്തതു കൊണ്ടു മാത്രമാണ് പാടാത്തതെന്നാ എന്റെ അറിവ്‌.

    :)

     
  • At 11:40 AM, Blogger ബിന്ദു said…

    ശുഭപര്യവസാനം ആണ് പ്രതീക്ഷിച്ചത്. തനിയെ പാട്ടു പഠിച്ച് ഒന്നാം സ്ഥാനത്തെത്തി എന്നൊരു...
    ശനിയാ സത്യമാണോ ആദി പാടുമോ? എന്നാല്‍ ഒന്നു നിര്‍ബ്ബന്ധിക്കണമല്ലോ. അവസാനം ജഞ്ജിലിപ്പാവുമൊ ഈശ്വരാ.. ആദീ പ്ലീസ് ഒരു പാട്ട്.. ഒന്നുമല്ലെങ്കിലും..(ആരെങ്കിലും ഒന്നു കൂടന്നെ)

     
  • At 12:09 PM, Blogger Inji Pennu said…

    ഓഹ്, അപ്പൊ അതാണല്ലെ ശനിയന്റെ ഫോട്ടോ കണ്ടപ്പൊ ശനിയനു എന്തോ കാര്യമായ വിഷമം ഉണ്ടെന്ന് എനിക്ക് തോന്നിയത്.ആദീന്റെ പാട്ട് കേട്ടിട്ടുണ്ടായതാണല്ലേ ആ വിഷാദം? പോട്ടേട്ടൊ സാരൂല്ല്യ... ജീവിതത്തില്‍ നമ്മള്‍ എന്തെല്ലാം സഹിക്കണം?

     
  • At 12:10 PM, Blogger Visala Manaskan said…

    ദുര്‍ഗ്ഗേ, ഒരു ഓ.ടോ.ട്ടാ..

    അപ്പോള്‍ പാട്ട് കേള്‍ക്കാന്‍ ഞാന്‍ റെഡി. ആദി ശങ്കരന്‍ പാട്ട് തുടങ്ങിയാട്ടേ.

    ആരവിടെ!! തബലയും സാംഗ്രികകളും ഹാളില്‍ കൊണ്ടുവന്ന് നിരത്തി വക്കൂ.

    ആദി ഒന്നു പാടിഷ്ടാ..

     
  • At 12:24 PM, Blogger അരവിന്ദ് :: aravind said…

    ഈ പോസ്റ്റ് വളരെ നന്നായി.
    കുട്ടികളുടെ വാസന കണ്ടറിഞ്ഞ് മാതാപിതാക്കള്‍ പഠിപ്പിച്ചില്ലെങ്കില്‍ കഷ്ടമാണ്. ഒരു വാസനയുമില്ലാത്തവരെ അവിടെ ചിലര്‍ അടിച്ചു പഠിപ്പിക്കുന്നു.
    ദുര്‍ഗ്ഗയുടെ ധൈര്യവും പാട്ടിനോടുള്ള കമ്പവും ശരിക്കും മതിപ്പുളവാക്കുന്നു.

    ആറുകൊല്ലം, സ്കൂളിലും കോളേജിലും‍ കൊയറിലെ അവിഭാജ്യഘടകമായിരുന്നെങ്കിലും,പാട്ട് എന്നാല്‍ ഭ്രാന്തായിരുന്നുവെങ്കിലും ഞാനിതു വരെ ഒരു പാട്ട് സോളോ പാടിയിട്ടില്ല. പേടിയാ.നാണവും.


    ബൈ ദ ബൈ, എന്റെ വാസനക്കനുസരിച്ച് അമ്മ എന്നെ വിട്ടിരുന്നെങ്കില്‍.....
    ആരാവണ്ടതാരുന്നു ഞ്യാന്‍!

    ചാള്‍‌സ് ശോഭ്‌രാജ്.

    ;-)

     
  • At 12:38 PM, Blogger ശനിയന്‍ \OvO/ Shaniyan said…

    ഹഹഹാ!. ഞാന്‍ ആദിയുടെ പാട്ടിനേക്കുറിച്ചു നല്ലതു മാത്രേ പറഞ്ഞുള്ളു.. ഇഞ്ചി ദേ ഇവിടെ ആരോ-പണമയക്കുന്നേ!!!

    ഇഞ്ചിക്കു ഈ ഫോട്ടോ ഫോട്ടോന്നു പറയുന്നത് ഭയങ്കര ദൌര്‍ബല്യമാണല്ലോ..

    :)

     
  • At 8:39 PM, Blogger Durga said…

    ആഹാ!! അപ്പോള്‍ ഒരു ഗുണമുണ്ടായി ഈ പോസ്റ്റ് കൊണ്ട്- പലരേയും ‘അടുക്കളയില്‍ നിന്നും അരങ്ങത്തേയ്ക്ക് ‘ കൊണ്ടരാന്‍ കഴിഞ്ഞു.....ആദീ...പോരട്ടേ പാട്ടുകള്‍ ഓരോന്നായിട്ട്..(ആദി മുഴുവന്‍ സമയവും അടുക്കളയില്‍ ആണെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ലാട്ടോ...;) പെട്ടെന്നു വി ടി യെ ഓര്‍ത്തുപോയെന്നുമാത്രം!:)

     
  • At 8:56 PM, Blogger Adithyan said…

    ആ ശനിയഗുരു പറയുന്നത് ആരേലും വിശ്വസിക്കുമോ? ജീവിതത്തില്‍ ഇന്നു വരെ അവന്‍ സത്യം പറഞ്ഞിട്ടില്ല.

    ഞാന്‍ ഈ ആരോപണം ശക്തമായി നിഷേധിക്കുന്നു ;)

     
  • At 11:00 PM, Blogger മുല്ലപ്പൂ said…

    നേരിട്ടറിയാവുന്ന ദുര്‍ഗ്ഗേ, ഇതു വായിച്ചു ശരിക്കും ചിരിച്ചു. :)
    ഇനിയും എഴുതൂ ഇങ്ങനെയുള്ള പോസ്റ്റുകള്‍

     
  • At 11:57 AM, Blogger ദിവാസ്വപ്നം said…

    ഹായ്‌ ദുര്‍ഗ്ഗ

    ഈ പോസ്റ്റ്‌ ഇഷ്ടായിട്ടോ :)

    പണ്ട്‌ ഞങ്ങളുടെ ഇടവകയില്‍ വികാരിയായിരുന്ന, (മനശാസ്ത്രജ്ഞനായ) ഒരു വൈദികന്‍ പറഞ്ഞു : 'ദിവാ'യ്ക്ക്‌ പാടാന്‍ നല്ല കഴിവുണ്ട്‌, മറ്റുകുട്ടികളെക്കാള്‍ നല്ല സ്വരമാണ് അവനുള്ളത്‌ എന്ന്. ഞാനന്നു ചെറുതാണ്; പത്തു വയസ്സോ മറ്റോ praayam.

    സാധാരണ ഇമ്മാതിരിയെന്തെങ്കിലും കേട്ടാല്‍ ഞാന്‍ പിന്നെ നിലത്തെങ്ങും നില്‍ക്കാത്തതാണ്. പക്ഷേ എന്തോ, ഇതുകേട്ടിട്ട്‌ എനിക്ക്‌ പോലും വിശ്വാസം വന്നില്ല. ഒന്നാമതേ ഞാന്‍ ആകെ ഒരു പാട്ടാണ് പാടിയിട്ടുള്ളത്‌; സണ്ഡേ സ്കൂളില്‍, ഒരു ഭക്തിഗാനം.

    അതും അന്നൊരു ചെറിയ ഇടവകയയിരുന്ന ആ സണ്ഡേ സ്കൂളില്‍, അന്നു വേറേ ഒരൊറ്റ കുട്ടികളെയും കിട്ടാഞ്ഞിട്ട്‌, അച്ചന്‍ എന്നെ വീട്ടില്‍ വന്നു വിളിച്ചുവരുത്തി ഒരു ഭക്തിഗാനം പാടിച്ചതാണ് !

    രണ്ടാമത്‌, സ്റ്റേജില്‍ കയറി പാടാനുള്ള എന്റെയൊരു ഭയവും.

    വേറേ കുട്ടികളീരെയും കിട്ടാനില്ലാതെ വരുമ്പോള്‍ ഇവനെക്കൊണ്ട്‌ ഈശ്വരപ്രാര്‍ത്ഥന ചൊല്ലിക്കാം എന്നൊരു കണക്കുകൂട്ടലിലാണ് അച്ചന്‍ എന്നെ അത്രയും പൊക്കിപ്പറഞ്ഞത്‌.

    മനശാസ്ത്രജ്ഞനും എന്റെ മാതാശ്രീയുടെ കസിനുമായ അച്ചന്‍ നോക്കിയപ്പോള്‍, മകനെപ്പറ്റി അന്തവും കുന്തവുമില്ലാത്ത പ്രതീക്ഷകളുമായി നടക്കുന്ന മാതാശ്രീയെ ഇളക്കി, എന്നെക്കൊണ്ട്‌ ഭക്തിഗാനം പാടിക്കാന്‍ ഈ ചെറുബുദ്ധി ധാരാളം.

    ഏതായാലും, പാവം മാതാശ്രീ അതു വിശ്വസിച്ചു.

    'ഇങ്ങനെയൊക്കെ ഒരു ചാന്‍സു കിട്ടുമ്പോളല്ലേ എല്ലാവരും പാടുന്നത്‌' എന്ന പോളിസിയില്‍, എന്നെക്കൊണ്ട്‌ പാട്ടുപാടിക്കാന്‍ മാതാശ്രീ കുറേ കാലം ശ്രമിച്ചു. ഏതായാലും, ഇടവകക്കാരുടെ നല്ലകാലത്തിനു ഞാന്‍ ആ വെല്ലുവിളി സ്വീകരിച്ചില്ല.

    :-))

     
  • At 3:08 AM, Blogger Unknown said…

    നന്നായ്

     

Post a Comment

<< Home