Durga

the travelogue of life

Wednesday, December 20, 2006

ശക്തന്‍ തമ്പുരാന്‍ മെമ്മോറിയല്‍ യുപി സ്കൂള്‍.


നഴ്സറിയില്‍ പോവാന്‍ മടി കാണിച്ചിരുന്ന എന്നെ നാലു വയസ്സായപ്പോഴേയ്ക്കും അച്ഛന്‍ വീടിന്റെ തൊട്ടടുത്തുള്ള മലയാളം മീഡിയം യു പി സ്കൂളില്‍ ചേര്‍ത്തു. മഹാനായ ശക്തന്‍ തമ്പുരാന്‍ തിരുമനസ്സ് തീപ്പെട്ടതിനുശേഷം അദ്ദേഹത്തിന്റെ പേരില്‍ പണി കഴിപ്പിക്കപ്പെട്ട സ്കൂളായിരുന്നു അത്. വളരെ പഴക്കം ചെന്നതിനാല്‍ ദ്രവിച്ചു തുടങ്ങിയ കട്ടിളകളും തട്ടികകളും അവിടുത്തെ പ്രത്യേകതകളായിരുന്നു.

ദുര്‍ഗ്ഗയ്ക്കു നാല് ഉറ്റ സുഹൃത്തുക്കളുണ്ടായിരുന്നു- നിഷ, സംഗീത, സ്മിത. ഇവരില്‍ തന്നെ അയല്‍ വാസി ആയതുകൊണ്ടും അച്ഛന്റെ സുഹൃത്തിന്റെ മകളായതുകൊണ്ടും സ്മിതയായിരുന്നു സന്തതസഹചാരി.

എല്ലാ ക്ലാസ്സുകളിലും രണ്ടു ഡിവിഷന്‍ വീതം മാത്രമാണ് ഉണ്ടായിരുന്നത്. ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുവാന്‍ അച്ഛന്‍ കൊണ്ടുചെന്നപ്പോള്‍ രണ്ടു ഡിവിഷനിലേയും ടീച്ചര്‍മാര്‍ മുന്നില്‍ വന്നു നിന്നു.അച്ഛന്റെ അകന്ന ബന്ധത്തിലെ ഒരു അമ്മായി ആയ സുശീലട്ടീച്ചര്‍ “ഈ മോള്‍ എന്റടുത്തേയ്ക്കല്ലാതെ എങ്ങോട്ട് പോകാന്‍?” എന്ന ഭാവത്തില്‍ നോക്കി നിന്നു. എന്നാല്‍ മറ്റേ ഡിവിഷനിലെ, ഭംഗിയുള്ള സാരിയുടുത്ത, ചെറുപ്പക്കാരിയും സുന്ദരിയുമായ, നല്ലപോലെ ചിരിക്കുന്ന കുമാരിടീച്ചറെയാണ് ദുര്‍ഗ്ഗയ്ക്ക് ബോധിച്ചത്. ഓടിച്ചെന്ന് ആ സാരിയില്‍ തൂങ്ങി. അന്നു തൊട്ടിന്നോളം അമ്മ കഴിഞ്ഞാല്‍ അടുത്ത സ്ഥാനമാണ് ആ ടീച്ചര്‍ക്ക് എന്റെ മനസ്സില്‍. സ്വന്തം മക്കളെയെന്നപോലെ ഞങ്ങളെ സ്നേഹിച്ചിരുന്ന ടീച്ചര്‍ ചിരിക്കുമ്പോള്‍ വാത്സല്യം തുളുമ്പിയിരുന്നു.ബഞ്ചില്‍ ഇരിക്കുന്നതിനേക്കാള്‍, സ്ലേറ്റും പിടിച്ച്, ചോക്കുപൊടി നിറഞ്ഞ ആ മേശയ്ക്കരികില്‍ എന്നും ടീച്ചറോട് ചേര്‍ന്ന് നില്‍ക്കാനായിരുന്നു ദുര്‍ഗ്ഗയ്ക്കിഷ്ടം.:)
തന്റെ ഉറ്റ സുഹൃത്തായ ലീലട്ടീച്ചറോട് ഇന്റര്‍വെല്‍ സമയത്തെങ്കിലും സ്വസ്ഥമായി വര്‍ത്തമാനം പറയാമെന്നു കരുതി ഇരിക്കുമ്പോഴും ഈ അരുമശിഷ്യ വെറുതെ വിട്ടിരുന്നില്ല ടീച്ചറെ. പദ്യം ചൊല്ലിക്കേള്‍പ്പിക്കുകയായി-“ഒടുവിലൊരുവിധമൊന്നു കണ്ണടച്ചപ്പോള്‍ ഒരു കോമളബാലനരികെക്കാ‍ണായ് വന്നു....’ (അന്നത്തെ എടുത്തുപറയാവുന്ന ഒരേ ഒരു നേട്ടം, പത്താം സ്റ്റാന്‍ഡേഡിലെ ‘ഭക്തിയും വിഭക്തിയും’ എന്ന പദ്യം മുഴുവന്‍ കുഞ്ഞമ്മാവന്റെ പുസ്തകം നോക്കി കാണാതെ പഠിച്ചതായിരുന്നു).


ഒന്നാം ക്ലാസും രണ്ടാം ക്ലാസും അങ്ങനെ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ കടന്നുപോയി. മൂന്നാം ക്ലാസില്‍ വെച്ച് സ്മിത വേറെ സ്കൂളില്‍ ചേര്‍ന്നതോടെ സംഗീതയും നിഷയും മാത്രമായി എന്റെ കൂട്ടുകാര്‍. പക്ഷേ ഞാന്‍ വേറെ ഡിവിഷനിലുമായി. കുമാരിട്ടീച്ചറുടെ ക്ലാസ്സില്‍നിന്നും സരസ്വതി ടീച്ചറുടെ ക്ലാസ്സിലേയ്ക്കുള്ള ആ ചുവടുമാറ്റം എന്നെ ഏറെ സ്വാധീനിച്ച ഒന്നാണ്. കുമാരി ടീച്ചറുടെ ക്ലാസില്‍ ഭൂരിഭാഗവും സമൂഹത്തിലെ ഇടത്തരം കുടുംബങ്ങളില്‍ നിന്നും ആയിരുന്നു എങ്കില്‍ സരസ്വതിറ്റീച്ചറുടേതില്‍ കൂലിപ്പണിക്കാരുടേയും മറ്റും കുട്ടികളായിരുന്നു. ഒരു ഇടവേള കിട്ടിയാല്‍ ബി ഡിവിഷനിലേയ്ക്ക് ഓടിച്ചെന്ന് പഴയ കൂട്ടുകാരോടൊത്ത് മാത്രം കളിച്ചിരുന്ന എന്നെ ആദ്യമൊക്കെ അവര്‍ കൂട്ടത്തില്‍ കൂട്ടിയിരുന്നില്ല. പക്ഷേ കുറച്ചുനാള്‍ കഴിഞ്ഞപ്പഴേയ്ക്കും “ഇല്ലത്തു നിന്നു ഇറങ്ങ്വേം ചെയ്തു, അമ്മാത്തൊട്ടെത്തീതുമില്ല” എന്ന അവസ്ഥയായി എന്റേത്! അവസാനം, ഇനി ബി ക്ലാസ്സുകാരെ തിരിഞ്ഞുനോക്കില്ല എന്ന വ്യവസ്ഥയില്‍ പാവപ്പെട്ട കുട്ട്യോള്‍ടെ നേതാവ് എന്നെ കൂട്ടത്തില്‍ കൂട്ടി.

തലേ വര്‍ഷം നിഷയ്ക്കു കിട്ടിയിരുന്ന ഫോറിന്‍ ഉടുപ്പുകളില്‍ അസൂയപ്പെട്ടിരുന്ന ഞാന്‍, ആ വര്‍ഷമായപ്പോഴേയ്ക്കും, താഴേയ്ക്കിടയിലെന്നു മുദ്രകുത്തപ്പെട്ടിരുന്ന കൂട്ടുകാരുടെ പിഞ്ഞിയ ഉടുപ്പുകള്‍ നോക്കി മനം നൊന്തു നെടുവീര്‍പ്പിട്ടു തുടങ്ങിയിരുന്നു. സ്കൂളില്‍ നിന്നും ഉച്ചക്കഞ്ഞികുടിക്കുന്നവരായിരുന്നു എന്റെ ക്ലാസ്സിലേറെയും. പക്ഷേ ഒന്നു രണ്ടുകൊല്ലം കഴിഞ്ഞതോടെ എനിക്കു മനസിലായി അവരുടെ കറയറ്റ സൌഹൃദത്തിനു പകരം വെയ്ക്കാന്‍ മറ്റൊന്നില്ലെന്ന്. അവരില്‍ ചിലര്‍ വീട്ടില്‍ നിന്നു വരുന്ന വഴി ശേഖരിച്ചിരുന്ന പുളിയും ജാതിക്കയും കണ്ണിമാങ്ങയും പുളിങ്കുരു വറുത്തതുമെല്ലാം എനിക്കു സമ്മാനിക്കാറുണ്ട്. ജാതിക്കയും മാങ്ങയുമൊക്കെ കട്ടിളയ്ക്കും വാതിലിനും ഇടയില്‍ വെച്ച്, വാതിലടച്ചാണ് ഞങ്ങള്‍ പൊട്ടിച്ചിരുന്നത്.


ഡ്രില്‍ പീരീയഡില്‍ ഞങ്ങളെ മിക്കവാറും കളിക്കാന്‍ വിടുകയായിരുന്നു പതിവ്. സാറ്റ്, തൊങ്ങിത്തൊടല്‍ തുടങ്ങിയവ പെണ്‍കുട്ട്യോളും ക്രിക്കറ്റ്, ഫുട്ബോള്‍ എന്നിവ ആണ്‍കുട്ട്യോളും കളിച്ചു പോന്നു.
മൂന്നാം ക്ലാസ്സിലെ സരസ്വതിട്ടീച്ചറുടെ തൊടി സ്കൂളിനോട് ചേര്‍ന്നായിരുന്നു. അവിടെ നിറയെ മരച്ചീനി കൃഷി ചെയ്തിരുന്നു. ടീച്ചര്‍ക്ക് ദേഷ്യം വരുമ്പോള്‍ കപ്പക്കൊള്ളി ഒടിച്ച് അടിക്കുമെന്ന് സീനിയേഴ്സ് ഭീഷണിപ്പെടുത്തിയിരുന്നു. അതുകൊണ്ട് കുമാരിടീച്ചറുടെ അടുത്തെന്നപോലെ അടുത്തിടപഴകാന്‍ ഞാന്‍ മടിച്ചു. ഒരു അമ്പലവാസിയായ സരസ്വതിടീച്ചര്‍ നന്നേ കറുത്തിട്ടാണ്. പക്ഷേ ചിരിക്കുമ്പോള്‍ നല്ല ഭംഗിയായിരുന്നു കാണാന്‍.കണ്ണില്‍ നിന്നും ‍വാത്സല്യവും പ്രകാശവും വഴിയുന്ന ചിരി. ടീച്ചറുടെ തലയില്‍ ഒരു മുഴയുണ്ടായിരുന്നു. അല്പം തടിച്ച ശരീരപ്രകൃതം.ഒരു വശത്തേയ്ക്കു ചരിഞ്ഞുള്ള നടപ്പ്. കുറച്ചു നാള്‍ കൊണ്ട് ടീച്ചറേയും ദുര്‍ഗ്ഗ കയ്യിലെടുത്തു.


ആയിടെയാണ് ഞങ്ങള്‍ക്കിടയില്‍ ആ വാര്‍ത്ത പ്രചരിച്ചത്. സരസ്വതിടീച്ചറുടെ തൊടിയില്‍ ഒത്ത നടുവിലായി ഒരു രാക്ഷസന്‍പ്ലാവുണ്ടായിരുന്നു. അതില്‍ അഞ്ചുതലയുള്ള സര്‍പ്പമുണ്ടത്രേ!! അതിനെ കണ്ടവരുണ്ടെന്നും പലരും നിരാശരായി മടങ്ങിയിട്ടുണ്ടെന്നും ഒക്കെ പ്രചരിച്ചു.സ്കൂള്‍ സമയത്ത് കുട്ടികള്‍ പറമ്പിലേയ്ക്ക് ഇറങ്ങാ‍തിരിക്കാന്‍ അദ്ധ്യാപകര്‍ തന്നെ ഉണ്ടാക്കിയ നുണക്കഥയാവാനാണ് സാധ്യത. കാളിയന്റേയും അനന്തന്റേയുമൊക്കെ കഥകള്‍ കേട്ടിട്ടുള്ളതിനാ‍ല്‍ അക്കാലത്ത് ഞാനുമതു വിശ്വസിച്ചു. ഒരിക്കല്‍ ജിജ്ഞാസ മൂത്ത് ഞാന്‍ ആ മരത്തിനടുത്തേയ്ക്ക് നടന്നു...ആകെ ഒരു നിഗൂഢത നിറഞ്ഞുനില്‍ക്കുന്നു ചുറ്റിനും.ചെറിയ ഒരു ഭയം തോന്നി. പക്ഷേ, അപ്പോഴേയ്ക്കും അതുവഴി വന്ന ഷീബ എന്നെ ടഞ്ഞു. അങ്ങനെ ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു.
വീട് സ്കൂളിനടുത്തായതിനാല്‍ വീടിന്റെ മുറ്റത്തു നിന്നാല്‍ ആ മരം കാണാമായിരുന്നു. ഭക്ഷണം കഴിക്കാനോ മറ്റോ ആ സര്‍പ്പം താഴെയിറങ്ങി വന്നാലോ എന്ന് വിചാരിച്ച് മണിക്കൂറുകളോളം ഞാന്‍ ശനിയും ഞായറും ആ മരത്തെയും നിരീക്ഷിച്ച് നിന്നിട്ടുണ്ട്.


മഴക്കാലമായിരുന്നു ഞങ്ങള്‍ക്ക് ഏറെ രസകരം. സ്കൂളിലേയ്ക്ക് വരുമ്പോഴും പോവുമ്പോഴും ഇടവഴിയില്‍ കൂടി ഒഴുകുന്ന വെള്ളവും തട്ടിത്തെറിപ്പിച്ച് നടക്കാം. ഇടവഴിയുടെ രണ്ടു വശത്തും ചെടികളില്‍ തൂങ്ങിക്കിടക്കുന്ന ‘കണ്ണീര്‍ത്തുള്ളി’ എന്നറിയപ്പെട്ടിരുന്ന ജലകണങ്ങള്‍ ശേഖരിക്കലായിരുന്നു ഞങ്ങളുടെ പ്രധാന വിനോദം. അതു കണ്ണില്‍ വെച്ചാല്‍ ഹായ് എന്താ തണുപ്പ്!! കുളിര്‍മ്മ! ഊതിയാല്‍ പറക്കുന്ന കായ, മഷിത്തണ്ട്, കമ്മ്യൂണിസ്റ്റ്പച്ച, ഞൊട്ടാഞ്ഞൊടിയന്‍ പഴം എന്നിവയായിരുന്നു ഞങ്ങള്‍ ശേഖരിച്ചിരുന്ന മറ്റു ‘വിലപിടിപ്പുള്ള’ സാധനങ്ങള്‍.

അന്നു യൂണിഫോം നിര്‍ബന്ധമാക്കിയിരുന്നില്ല.ഓണക്കോടിയും ചിലപ്പോള്‍ വല്ല കല്യാണങ്ങള്‍ക്കുമാത്രം അച്ഛന്‍ വാങ്ങിത്തന്നിരുന്ന ഉടുപ്പുകളുമൊഴിച്ചാല്‍ ഞങ്ങളുടെ പ്രധാന വേഷങ്ങള്‍ അമ്മ തന്റെ തയ്യല്‍മെഷീനില്‍ നടത്തിയിരുന്ന പരീക്ഷണങ്ങളായിരുന്നു.

ഭാഗ്യമോ നിര്‍ഭാഗ്യമോ, എന്റെ കഴിവുകൂടുതലോ അദ്ധ്യാപകരുടെ കഴിവില്ലായ്മയോ, എല്ലാ ക്ലാസിലും ലീഡര്‍ പദവി എനിക്കു നല്‍കിപ്പോന്നു. വീട്ടില്‍ തയ്യല്‍ മെഷീന്‍ ഉള്ളതിനാല്‍ ഇടയ്ക്കിടെ പുതിയ ഡസ്റ്റര്‍ ഉണ്ടാക്കിക്കൊടുത്തു ടീച്ചര്‍മാരുടെ കണ്ണിലുണ്ണിയാവാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു.മൂന്നാം ക്ലാസില്‍ വെച്ചായിരുന്നു ആ സംഭവം. എന്റെ ക്ലാസ്സിലെ മഹാവികൃതിയായിരുന്നു മനോജ്. ഒരിക്കല്‍ ഉച്ചയൂണു കഴിഞ്ഞു നേരത്തേ ക്ലാസില്‍ തിരിച്ചെത്തിയ എന്നെ അവന്‍ പ്രൊപ്പോസ് ചെയ്തിരിക്കുന്നു!! അതു കേള്‍ക്കാത്ത ഭാവത്തില്‍ ഞാന്‍ ആ വരാന്തയിലൂടെ തലയും വെട്ടിച്ചു നടന്നു-ആയിടെ അമ്മയുടെ കൂടെയിരുന്നു കണ്ട ‘കാശ്മീര്‍ കീ കലി’ യിലെ നായികയെപ്പോലെ. പിന്നാലെ ഷമ്മികപൂറിനെപ്പോലെ മനോജും!! മറ്റുള്ള കുട്ടികള്‍ ഊണുകഴിഞ്ഞെത്തുന്നതുവരെ ഇതു തുടര്‍ന്നു.:) നാണക്കേടോര്‍ത്ത് ഞാന്‍ ക്ലാസില്‍ ആരോടും ഈ വിവരം പറഞ്ഞില്ല.വീട്ടില്‍ ഇതൊരു കൂട്ടച്ചിരി ഉയര്‍ത്തിയതോര്‍ക്കുന്നു.

ഈ സ്കൂളിലെ ആനിവേഴ്സറികള്‍ ഞങ്ങള്‍ക്ക് ഒരുതരം ഉത്സവത്തിമര്‍പ്പേകിയിരുന്നു. നാല്, അഞ്ച്, ആറ് എന്നീ ക്ലാസുകള്‍ തമ്മില്‍ വേര്‍തിരിച്ചിരുന്നത് തട്ടികകള്‍ വെച്ചായിരുന്നതിനാല്‍, വേറൊരു ഹാളിന്റെ ആവശ്യമില്ലായിരുന്നു. തട്ടികകള്‍ വശങ്ങളിലേയ്ക്ക് നീക്കി, ബഞ്ചുകള്‍ കൂട്ടിയിട്ടുണ്ടാക്കുന്ന സ്റ്റേജില്‍ എന്തൊക്കെ കലാപരിപാടികളാണ് ഞങ്ങള്‍ ആ അരണ്ട വെളിച്ചത്തില്‍ കാട്ടിക്കൂട്ടിയിട്ടുള്ളത്!!!!! ഒരിക്കല്‍ മൂന്നില്‍ വെച്ച് ഒപ്പന കളിച്ചതോര്‍ക്കുന്നു- ദുര്‍ഗ അന്നു മണവാട്ടിയായിരുന്നു. അമ്മയുടെ ചന്ദനനിറമുള്ള ഒരു കസവുസാരി നീളത്തില്‍ രണ്ടായി മടക്കിയാണ് എന്നെ ഉടുപ്പിച്ചത്!

ഞങ്ങളുടെ ഒരു മാഷിനു നഖം കടിക്കുന്ന ദുശ്ശീലമുണ്ടായിരുന്നു. ഒരിക്കല്‍ ഒരു പാഠഭാഗം വായിക്കാന്‍ തന്നിട്ട് മാഷ് നഖം കടിച്ചുകൊണ്ടിരുന്ന കുട്ടിയോട് മാഷ് പറഞ്ഞു “ നഖം കടിക്കല്ലേടാ...”....മാഷ് ഇപ്പറയുന്നതും നഖം കടിച്ചുകൊണ്ടാണ്! ആ വിരുതന്‍ തിരിച്ച് മാഷിനോട് “ അപ്പോള്‍ മാഷ് കടിക്കണതോ?”....ഉടനെ ചമ്മല്‍ മറച്ച് ഒരു ചിരിയോടെ
മാഷ് “എനിക്കോ അതു ശീലമായി മോനേ, നീയെങ്കിലും നന്നാവാന്‍ വേണ്ടി പറഞ്ഞതല്ലേ.....”....16 * 16 = 256 വരെ ഊണിലും ഉറക്കത്തിലും മന:പാഠമായിരിക്കണമെന്നു ശഠിച്ചിരുന്ന കണക്കുമാഷ് തന്റെ ഓരോ പിരീയഡും തുടങ്ങിയിരുന്നത് പട്ടിക ചോദിച്ചുകൊണ്ടായിരുന്നു. ഉടനെ തന്നെ ക്ലാസില്‍ മതിലുകള്‍ ഉയരുകയായി; ഓരോ ബഞ്ചിലും. കനം കുറഞ്ഞ ആ ചൂരലിന്റെ ഭംഗി നോക്കുവാനെന്നോണം ഒരറ്റം സൂക്ഷ്മമായി പരിശോധിച്ചുകൊണ്ട് മാഷ് കറുത്ത ഫ്രെയിമുള്ള കണ്ണടയ്ക്കുള്ളിലൂടെയോ അതിനു മുകളിലൂടെയോ തീക്ഷ്ണമായി ഒന്നുനോക്കും-തന്റെ അടുത്ത ഇരയെ! ഋഷികപൂറിനെപ്പോലെ ക്ലീന്‍ഷേവ് ചെയ്ത മുഖത്ത് ഒരു ചെറുപുഞ്ചിരിയുമായി.:)

സാമൂഹ്യപാഠം റ്റീച്ചറുടെ വേഷം വേറൊരുതരത്തിലായിരുന്നു- സാരിത്തുമ്പ് മറുതോളിലൂടെയെടുത്ത് ബ്ലൌസില്‍ കുത്തി, 180 ഡിഗ്രിയില്‍ തല തിരിച്ചുകൊണ്ടാണ് ടീച്ചര്‍ നടക്കാറ്. പിന്നീട് ഹെഡ്മിസ്റ്റ്രസ് ആയപ്പോള്‍ അത് 360 ഡിഗ്രി ആയി മാറി.

പ്യൂണ്‍ ‘ഉണ്ണിമാഷ്’(അദ്ദേഹത്തെ മാത്രമായി മാഷെന്ന് വിളിക്കാതിരിക്കാന്‍ കഴിയാത്തതുകൊണ്ട് അങ്ങനെയാണ് വിളിക്കാറ്.) ഒരു സഹൃദയനായിരുന്നു.വായില്‍ നിറയെ മുറുക്കാനും ചുണ്ടില്‍ നിറയെ ചിരിയും വെളുത്തു ചുവന്ന് സുന്ദരമായ വട്ടമുഖത്തു ഒരു വട്ടക്കണ്ണടയുമായി, പിന്‍ഭാഗത്തും വശങ്ങളിലും മാത്രം അല്പം ചെമ്പിച്ച് ചുരുണ്ട മുടിയുള്ള തന്റെ കഷണ്ടിത്തല പെന്‍ഡുലം കണക്കെ ആട്ടി, ഒരു ലാഘവത്തോടെ ചുറ്റും നോക്കി, ഇടയ്ക്ക് കാണുന്നവരോടൊക്കെ തന്റെ ഇടറിയ സ്വരത്തില്‍ കുശലം ചോദിച്ച്, കയ്യില്‍ മണിയുമായും അല്ലാതെയുമൊക്കെ അദ്ദേഹം ആ വരാന്തയിലൂടെ നടന്നുപോന്നു.ഏറെക്കാലത്തിനു ശേഷം, കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായിട്ടാണ് ഞാനീ വിദ്യാലയത്തിന്റെ പടി ചവിട്ടിയത്. ആകെ മാറിയിരിക്കുന്നു പരിസരമൊക്കെ. വിദ്യാര്‍ത്ഥികളുടെ എണ്ണം നന്നേ കുറവാണത്രേ. എല്ലാവരും ഇംഗ്ലീഷ്മീഡിയത്തിന്റെ പിന്നാലെയല്ലേ..ഒരു വ്യാഴവട്ടം പിന്നിലേയ്ക്ക് കൊണ്ടുപോകുന്നു ആ മണ്ണ്. അച്ഛനും അമ്മയും തങ്ങളുടെ സഹോദരങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വ്യത്യസ്തമായി, മക്കളെ സാധാരണ ഒരു മലയാളം മീഡിയം സ്കൂളില്‍ ചേര്‍ത്തതിന് ഞങ്ങളെന്നും അവരോട് കടപ്പെട്ടിരിക്കുന്നു. കാരണം, പാഠപുസ്തകങ്ങള്‍ക്കുമുപരിയായി ഒരുലോകമുണ്ടെന്നും, എത്ര കഷ്ടപ്പെട്ടാണ് പല കുട്ടികളും പഠിക്കുന്നതെന്നും, മറ്റുള്ളവര്‍ക്കു കിട്ടാ‍ത്തതു പലതും ഞങ്ങള്‍ക്ക് കിട്ടുന്നുണ്ടെന്നും, അവയുടെയൊക്കെ വില എത്രത്തോളമുണ്ടെന്നും എല്ലമെല്ലാം ഞങ്ങളെ പഠിപ്പിച്ചത് മറ്റൊന്നല്ല.

Thursday, December 14, 2006

വിവാഹനിശ്ചയം ഫോട്ടോകള്‍..
Wednesday, December 06, 2006

പരമാനന്ദം സംഗീതം....

കുട്ടിക്കാലം മുതല്‍ക്കേ തുടങ്ങീതാണ് ശാസ്ത്രീയസംഗീതത്തോടുള്ള ഭ്രമം! എന്നാല്‍ അതറിയാമോ? അതൊട്ടില്ല താനും. പണ്ട് ഭരതനാട്യം ക്ലാസ്സില്‍ നിന്നും പേടിച്ചോടി പ്പോന്നതിന്റെ പ്രതികാരമായിട്ടാണോ ആവോ, അതില്‍പ്പിന്നെ കലാലോകത്തിന്റെ പടി കാണിച്ചിട്ടില്ല എന്നെയച്ഛന്‍.

എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ചെറുപ്പത്തിലേ, വീട്ടില്‍ സ്വൈര്യം കൊടുക്കായ്കയാല്‍ പതിനൊന്നു വയസ്സായപ്പോഴേയ്ക്കും എട്ടിലെത്തിയിരുന്നു. അച്ഛന്റെ മൂത്ത പെങ്ങളുടെ മകളെ കാലടിയിലെ എതോ സംഗീതക്ലാസ്സില്‍ ചേര്‍ക്കുവാന്‍ പോകുന്നു. ഒരു കൂട്ടിനു എന്നെയും വിടാന്‍ അമ്മായി അച്ഛന്റെ മുന്നില്‍ നിവേദനം സമര്‍പ്പിച്ചു. ഇതു തന്നെ സുവര്‍ണ്ണാ‍വസരമെന്നു കരുതി ഞാന്‍ കച്ചേരി നടത്തുന്നതുവരെ സ്വപ്നം കണ്ടു തുടങ്ങി. പക്ഷേ അച്ഛനോ? ഇതിനു പുല്ലുവില കല്‍പ്പിക്കാതെ, “പിള്ളേര്‍ അങ്ങനെ പാട്ടും കൂത്തുമായി നടന്നാല്‍ ശരിയാവില്ല, നാലക്ഷരം പഠിക്കട്ടെ” എന്നു ആജ്ഞാപിക്കുകയാണുണ്ടായത്. പ്രതിരോധമന്ത്രാലയത്തില്‍ ജോലി ലഭിക്കുന്നതിനുമുമ്പ് സ്ഥലത്തെ പ്രധാന കണക്കുമാഷായിരുന്ന അച്ഛനിലെ ബുദ്ധിജീവി ഇടയ്ക്കിടെ ഉണര്‍ന്നു ഇതേപോലെ കത്തിവേഷമണിയാറുണ്ടായിരുന്നു.
എന്തു വേണ്ടെന്നു പറയുന്നോ അതു വേണമെന്നു ശഠിക്കുന്ന മനുഷ്യമനസ്സിനു ഞാനും അടിപ്പെട്ടു. അമ്മായിയുടെ മകള്‍ അഞ്ജുവ്നെ ഏതോ മഹാഭാഗ്യം സിദ്ധിച്ചവളെയെന്നപോലെ ആരാധനയോടെയും തെല്ലസൂയയോടെയും കണ്ടുപോന്നു. വെറ്റിലയും അടയ്ക്കയുമൊന്നും വയ്ക്കാതെയാണെങ്കിലും പ്രായം കൊണ്ടിളയ അവള്‍ക്കു ഞാനും അനിയത്തിയും ശിഷ്യപ്പെട്ടു. നാഴികയ്ക്കുനാല്‍പ്പതുവട്ടമെന്നൊണം അമ്മായിയുടെ വീട്ടിലേയ്ക്കുള്ള സംഗീതാഭ്യസനയാത്രകള്‍ തുടങ്ങി. അമ്മാവന്‍ സഹൃദയനായ ഒരു മലയാളം മാഷായതിനാല്‍ ഇതിനൊക്കെ മൌനാനുവാദം നല്‍കിപ്പോന്നു. സരളിവരിസകള്‍ തീരുന്നതിനുമുമ്പേ അനിയത്തി ‘മംഗളം’ പാടി. പക്ഷേ ഞാന്‍ ‘മദ്ധ്യസ്ഥായി‘ വരെ തുടര്‍ന്നു. പിന്നെ പരീക്ഷത്തിരക്കുകള്‍ക്കിടയിലും മറ്റുമായി പഠനം മുടങ്ങി. എന്നാലും അഞ്ജു സംഗീതക്ലാസില്‍ നിന്നു വരുമ്പോള്‍ ആ ബുക്ക് നോക്കി ഞാന്‍ വെള്ളമിറക്കാറുണ്ടായിരുന്നു-ട്രെയിന്‍ യാത്രക്കിടയില്‍ നമ്മുടെ ഭക്ഷണപ്പൊതിയിലേയ്ക്കു ധര്‍മ്മക്കാരുപിള്ളേര്‍ കൊതിയോടെ നോക്കുന്നതുപോലെ. അവള്‍ പതിനൊന്നുവര്‍ഷം കഴിഞ്ഞു പാട്ടുപഠിത്തം നിര്‍ത്തുന്നതുവരെ ഞാനിതു തുടര്‍ന്നു. ഇതിനിടെ,അച്ഛന്‍ കാണാതെ കാസറ്റുകളില്‍ നിന്നുമൊക്കെ കീര്‍ത്തനങ്ങള്‍ മന:പാഠമാക്കിക്കൊണ്ടിരിക്കുകയും യുവജനോത്സവങ്ങളില്‍ യാതൊരു സങ്കോചവും കൂടാതെ നെപ്പോളിയനെ വെല്ലുന്ന ആത്മവിശ്വാസത്തോടെ പങ്കെടുക്കുകയും എട്ടുതരത്തില്‍ പൊട്ടുകയും ചെയ്തുപോന്നു.
ശാസ്ത്രീയസംഗീതമത്സരത്തില്‍ എനിക്കാകെ കിട്ടിയിട്ടുള്ള സമ്മാനം, ഒന്‍പതാം ക്ലാസ്സില്‍ വച്ച് മത്സരാര്‍ത്ഥികളുടെ എണ്ണം തികയാഞ്ഞിട്ടു നിര്‍ബന്ധിച്ചുപാടിച്ചപ്പോള്‍ കിട്ടിയ രണ്ടാംസ്ഥാനമായിരുന്നു. സ്കൂളിലെ 2 ഗാനകോകിലങ്ങള്‍ മത്സരം റദ്ദാക്കപ്പെടുമല്ലോ എന്നു വ്യസനിച്ച്, ഒന്നാം സ്റ്റേജില്‍ ഡാന്‍സ് കണ്ടുകൊണ്ടിരുന്ന പാവം ഈ ദുര്‍ഗ്ഗയെ കൈ പിടിച്ചുവലിച്ചു രണ്ടാം സ്റ്റേജില്‍ കയറ്റുകയായിരുന്നു. ഒരാള്‍ ‘ഗജാനനയുതം‘ പാടി ഒന്നാമതെത്തി. മറ്റേ കുട്ടി ‘വരവീണാ മൃദുപാണീ’ എന്ന ഗീതം ഭംഗിയായി പാടി. മൂന്നാമതു ദുര്‍ഗ്ഗ കയറി. അന്നു ആകെ അറിയാവുന്നത് “ശ്രീഗണനാഥ” എന്ന ആദ്യത്തെ ഗീതമായിരുന്നു. അതു മാത്രായാല്‍ മോശല്ലേന്ന് കരുതി അപ്പോഴത്തെ സ്പിരിറ്റില്‍ ‘മദ്ധ്യസ്ഥായി‘യും തകര്‍ത്തുപാടി. സമ്മാനം സ്വപ്നത്തില്‍ പോലുമില്ലാത്തതിനാല്‍ പതുക്കെ സ്ഥലം കാലിയാക്കി. എന്താണെന്നറിയില്ല മത്സരം കഴിഞ്ഞാല്‍ ഞാനൊരിക്കലും വേദിയുടെ പരിസരത്തെങ്ങും നില്‍ക്കാറില്ല.;)
ഫലം വന്നപ്പോള്‍ ഞെട്ടിപ്പോയി. ഒരു ഗാനകോകിലം നോക്കിപ്പാടിയതിനാല്‍ രണ്ടാം സ്ഥാനം എനിക്ക്! ഹായ്! ഇനി വീട്ടില്‍ ചെന്നു വീമ്പ് പറയാമല്ലോ!
രണ്ടു ദിവസം കഴിഞ്ഞ് സാമൂഹ്യപാഠം പഠിപ്പിച്ചിരുന്ന സിസ്റ്റര്‍ മരിയ ക്ലാസ് കഴിഞ്ഞ് എന്നെ അടുത്തുവിളിച്ചു. അതിരറ്റ വാത്സല്യത്തോടെ..”മോള്‍ടെ ശബ്ദം എത്ര നല്ലതാണ്! പാട്ടു പഠിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ പഠിക്കണം, നന്നായി വരും. കഴിവുകളൊന്നും പാഴാക്കരുത്!“

ഇതു കേട്ട് എനിക്കുണ്ടായ പരമാനന്ദം! -അവാര്‍ഡ് കിട്ടിയില്ലെങ്കിലെന്ത്, ജനസമ്മതിയുണ്ടല്ലോ എന്ന് ആശ്വസിക്കുന്ന നായികയെപ്പോലെ ഞാന്‍ ഊറ്റം കൊണ്ടു. ഇതൊന്ന് എന്റച്ഛനോട് ചെന്ന് പറയുമോന്ന് ചോദിക്കാന്‍ തോന്നി എനിക്കപ്പോള്‍.

അന്നു കിട്ടിയ ആ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തിലായിരുന്നു പിന്നീടുള്ള എന്റെ കീര്‍ത്തനപരീക്ഷണങ്ങള്‍! സ്കൂള്‍ മുതല്‍ കൊച്ചി സര്‍വ്വകലാശാല വരെ!
കൊച്ചി സര്‍വകലാശാലാ യുവജനോത്സവം നടക്കുന്ന സമയം! എന്നിലെ കലാഹൃദയം ഉണര്‍ന്നു. ഒരു കീര്‍ത്തനം പഠിച്ചു പാടുക തന്നെ! പക്ഷേ, എന്നെപ്പോലുള്ള കള്ളനാണയങ്ങളെ ഒഴിവാക്കുവാനും യഥാര്‍ത്ഥ പ്രതിഭകള്‍ക്ക് മാത്രം അവസരമൊരുക്കാനുമായി ‘സ്ക്രീനിംഗ്’ എന്ന ഒരു കീറാമുട്ടിയുണ്ടല്ലോ!:( ഏതായാലും അരക്കൈ നോക്കുക തന്നെ. വൈകീട്ട് ഷിപ്പ് ടെക്നോളജി ബില്‍ഡിങ്ങില്‍ എത്തി. ഒരു മാഡം കസേരയില്‍ ഇരിക്കുന്നുണ്ട്. ഓരോരുത്തരായി അവര്‍ക്കു മുന്നില്‍ ഇരുന്നു പാടിത്തുടങ്ങി. എന്റെ ഊഴമെത്തി. അഞ്ജു രണ്ടുകൊല്ലം മുമ്പ് പഠിപ്പിച്ചു തന്ന ‘ഹിമഗിരി തനയേ’ എന്ന ശുദ്ധധന്യാസി രാഗത്തിലുള്ള മനോഹരമായ കീര്‍ത്തനം എന്നാലാവുന്ന വിധം പാടിയൊപ്പിച്ചു. പിറ്റേന്ന് ഷോര്‍ട്ട് ലിസ്റ്റില്‍ എന്റെ പേരു കണ്ടപ്പോഴുണ്ടായ ആഹ്ലാദം!! പക്ഷേ വേറൊരു പ്രശ്നമുണ്ട്. ഇനി കുസാറ്റിന്റെ പേരു ചീത്തയാക്കാതെ നോക്കണം. അഫീലിയേറ്റഡ് കോളേജുകളില്‍ നിന്നൊക്കെയുള്ള മത്സരാര്ത്‍ഥികളുണ്ട്കും അടുത്താഴ്ച യഥാര്‍ത്ഥഗോദയില്‍!! മുട്ടുകാലിടിച്ചോ? നെറ്റിത്തടം വിയര്‍ത്തോ? തൊണ്ട വരണ്ടോ?? ഏയ്! ഇല്ലില്ല. അതൊക്കെ ഭീരുത്വത്തിന്റെ ലക്ഷണങ്ങളല്ലേ? പിന്നീടുള്ള ശ്രമം പറ്റിയ ഒരു രാഗം തെരഞ്ഞെടുക്കാനായിരുന്നു.
ബുദ്ധിമുട്ടേറിയ രാഗം വല്ലതും തെരഞ്ഞെടുത്താല്‍ വിധികര്‍ത്താക്കളുടെ പ്രത്യേക പരിഗണന കിട്ടിയേക്കും എന്ന മിഥ്യാധാരണ എങ്ങനെയോ ആയിടയ്ക് എന്റെ മനസ്സില്‍ കയറിക്കൂടി. അങ്ങനെ ‘തോടി‘ക്കു നറുക്കുവീണു. ‘തായേ യശോദാ” എന്ന കീര്‍ത്തനവും തെരഞ്ഞെടുത്തു. ഒരു കൂട്ടുകാരി തന്ന കാസറ്റില്‍ നിന്ന് എന്റെ കാസറ്റിലേയ്ക്ക് റെക്കോഡ് ചെയ്തു. ആവര്‍ത്തിച്ച് കേട്ടും ഒപ്പം പാടിയും എഴുതിയെടുത്തും ഒക്കെ ഒരാഴ്ചകൊണ്ട് അതു ഹൃദിസ്ഥമാക്കി. അച്ഛന്‍ മദ്രാസില്‍ നിന്നും എല്ലാ ആഴ്ചയും വീട്ടില്‍ വന്നിരുന്നതിനാല്‍ ശനിയും ഞായറും മേല്‍ സ്ഥായി പോലും കീഴ് സ്ഥായിയായി മാറിയിരുന്നു.
ദസേട്ടന്റെ രാഗവിസ്താരം ഏറിപ്പോകുന്തോറും അതിനൊപ്പം പാടാന്‍ ശ്രമിക്കുന്ന എന്റെ ശബ്ദം വോള്‍ട്ടേജ് ഇല്ലാത്തപ്പോള്‍ പ്ലേ ചെയ്യുന്ന ടേപ്പ് റെക്കോര്‍ഡര്‍ പോലെയായി.
അവസാനം ബുദ്ധിമുട്ടേറിയ ഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള ഒരു രാഗവിസ്താരം ഞാന്‍ തന്നെ തയ്യാറാക്കി. ‘ആന വായ വിളിക്കുന്നതുകണ്ട് അണ്ണാന്‍ വായ വിളിക്കരുതെ‘ന്ന് ഉള്ളിലിരുന്ന് ആരോ പറയുന്നതുപോലെ. എന്തായാലും പാവം അമ്മ! എന്റെ പ്രാക്റ്റീസ് മുഴുവന്‍ സഹിച്ചു! അങ്ങനെ ആ ദിവസമെത്തി. അന്നു കുസാറ്റില്‍ അടിച്ചുവാരുന്ന ചേച്ചിയേക്കാളും മുമ്പെത്തീത് ഞാനായിരുന്നു. സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലാണത്രേ മത്സരം. അങ്ങോട്ടു നടന്നു. മത്സരാര്‍ത്ഥികള്‍ ഓരോരുത്തരായി എത്തിത്തുടങ്ങി. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്-എല്ലാവരുടെ കയ്യിലും ശ്രുതിപ്പെട്ടി ഉണ്ട്.ആരോടെങ്കിലും തത്കാലത്തേയ്ക്ക് കടം വാങ്ങുക തന്നെ.
പിന്നെയും സമയം ബാക്കി മത്സരം തുടങ്ങാന്‍. ഇന്ത്യന്‍ കോഫീ ഹൌസില്‍ പോയി ഒരു കാപ്പി കുടിച്ചിട്ടുവരാം. മറ്റൊരു മത്സരാര്‍ത്ഥിയേയും കൂട്ടി പുറത്തേയ്ക്ക് നടന്നു. തിരിച്ചെത്തിയപ്പോള്‍ ഹാള്‍ മത്സരാര്‍ത്ഥികളെക്കൊണ്ടു നിറഞ്ഞിരുന്നു. അവരിലോരോരുത്തരുടേയും നിലവാരം അറിഞ്ഞിരിക്കുന്നതു എനിക്കു ഗുണം ചെയ്യുമെന്നു തോന്നിയതിനാല്‍ ഞാന്‍ കുശലം ചോദിച്ചുതുടങ്ങി. ഒരു കാര്യം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു-അവരെല്ലാം തന്നെ സംഗീതം അഭ്യസിച്ചിട്ടുള്ളവരാണ്!
അല്ലാതെ എന്നെപ്പോലെ ഒരു ഭ്രാന്തിന്റെ പുറത്തു പാടാന്‍ വന്നിരിക്കയല്ല. സാരമില്ല...ഏതായാലും നനഞ്ഞിറങ്ങി, ഇനി കുളിച്ചുകയറുക തന്നെ. അക്കൂട്ടത്തില്‍ കൊല്ലങ്ങളായി ഒന്നാംസ്ഥാനം കുത്തകയാക്കിയ താരം വരെയുണ്ടായിരുന്നു! വിധികര്‍ത്താക്കളാവട്ടെ, തൃപ്പൂണിത്തുറ സംഗീതകോളേജില്‍ നിന്നും പേരിനേക്കാള്‍ നീളമുള്ള ബിരുദങ്ങള്‍ കൈമുതലായുള്ളവര്‍!! മത്സരം തുടങ്ങി!
അഞ്ചാറുപേര്‍ പാടിക്കഴിയാനുണ്ട്. ഞാന്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍ വരാന്തയിലേയ്ക്കിറങ്ങി. വാക്ക്മാനില്‍ അവസാനാവര്‍ത്തി ആ കീര്‍ത്തനം കേട്ടു നോക്കി. അങ്ങനെ അതിലേ ഉലാത്തവേ, എന്തോഒരു പന്തികേട് തോന്നി. ഈശ്വരാ! എന്റെ നമ്പര്‍ ആണല്ലോ ആ വിളിച്ചത്!(എന്റെ മുമ്പ് പാടേണ്ടിയിരുന്ന ഒരു അസ്സല്‍ പാട്ടുകാരന്‍ മത്സരാര്‍ത്ഥികളുടെ സ്റ്റാന്‍ഡേഡ് കണ്ടുപേടിച്ച് ഓടിപ്പോയി എന്നു പിന്നീടറിഞ്ഞു. ദുര്‍ഗ്ഗയ്ക്കു ഭയം തോന്നിയില്ല. ഒന്നും പഠിക്കാത്തവ്ര്ക്കും എല്ലാം പഠിച്ചവര്‍ക്കും പേടിയുണ്ടാവില്ലല്ലോ.) വേഗം വേദിയിലേയ്ക് ഓടിക്കയറി. അപ്പോഴാണ് ഓര്‍മ്മ വന്നത്- തിരക്കിനിടയില്‍ ശ്രുതിപ്പെട്ടി വാങ്ങാന്‍ മറന്നിരിക്കണൂ!! ഇനി താഴെയിറങ്ങി അതും വാങ്ങിച്ചു കയറി വന്നാല്‍ മാര്‍ക്ക് കുറഞ്ഞാലോ! അതുകൊണ്ട് ആ കുട്ടിയോട് വേണ്ടെന്ന് ആംഗ്യം കാട്ടി ഞാന്‍ വേദിയിലിരുന്നു . മൈക്ക് ഒക്കെ ശരിയാക്കി. രാഗവിസ്താരം തുടങ്ങി...എങ്ങനെയോ അതു പാടിത്തീര്‍ത്ത് അവിടെ നിന്നും പമ്പകടന്നു. വിധികര്‍ത്താക്കളുടേയോ സദസ്യരുടേയോ മുഖത്തു നോക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല. വിധിയറിയാന്‍ കാത്തുനിന്നില്ല. ക്ലാസ്സിലെ എല്ലാവരും ഗ്രൌണ്ടില്‍ ക്രിക്കറ്റ് നടക്കുന്നിടത്തുണ്ടെന്നറിഞ്ഞിട്ടും അങ്ങോട്ടുപോവാതെ ഞാന്‍ വീട്ടിലേയ്ക്കു തിരിച്ചു. പിറ്റേന്നത്തെ ‘ഹിന്ദു’വിന്റെ മൂന്നാം പേജില്‍ എനിക്കു ശ്രുതിപ്പെട്ടി തരാമെന്നേറ്റ ആ താരത്തിന്റെ പടം- മിടുക്കി!കുത്തക നിലനിര്‍ത്തിയിരിക്കുന്നു. ഒന്നാം സ്ഥാനം തന്നെ! :)
ദുര്‍ഗ്ഗയുടെ സംഗീതപരീക്ഷണങ്ങള്‍ ഇവിടെ അവസാനിച്ചുവെന്നു തോന്നിയെങ്കില്‍ തെറ്റി. പറയാന്‍ കിടക്കുന്നതേയുള്ളൂ പറഞ്ഞതിലുമപ്പുറം.:)

Sunday, December 03, 2006

കല്യാണനിശ്ചയം.

ഈ ഡിസംബര്‍ പതിമൂന്നാം തീയതി ബുധനാഴ്ച രാവിലെ എട്ടരയ്ക്കും ഒമ്പതരയ്ക്കും മധ്യേ എന്റെ കല്യാണനിശ്ചയമാണ്. രഞ്ജിത് ആണ് വരന്‍. കാലടി, പുതിയേടത്തുള്ള ഞങ്ങളുടെ വീട്ടില്‍ വച്ച് നടക്കുന്ന ചടങ്ങുകള്‍ക്കു ഏവരുടേയും അനുഗ്രഹാശിസ്സുകള്‍ ഉണ്ടാവണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
-ദുര്‍ഗ്ഗ.