Durga

the travelogue of life

Thursday, September 21, 2006

അവിസ്മരണീയനായ ഒരു സുഹൃത്തിന്റെ ഓര്‍മ്മയ്ക്ക്..;)


ബി സി എ യ്ക്ക് മാറമ്പിള്ളി എം ഇ എസ് കോളേജില്‍ പഠിക്കുന്ന കാലം. ഒരു കടത്തു കടക്കേണ്ടിയിരുന്നു കോളേജിലെത്താന്‍. ഇക്കരെ നിന്ന് എന്റെ ക്ലാസിലെ ദിയ യും ഉണ്ടായിരുന്നതിനാല്‍ ആ യാത്ര ഞങ്ങള്‍ നന്നായി ആസ്വദിച്ചു വന്നു. വീട്ടില്‍ നിന്നും ആ കടത്തിലേയ്ക്ക് 20 മിനിറ്റ് നടക്കേണ്ടിയിരുന്നുവെങ്കിലും രാവിലത്തെ തിരക്കില്‍ ഞാനാ ദൂരം കേവലം പത്തുമിനിറ്റ് കൊണ്ട് താണ്ടിയിരുന്നു. ദിയയെപ്പോലെ മന്ദം മന്ദം നടന്ന് വഞ്ചിയില്‍ കയറുന്ന തരുണീമണിയാവാന്‍ ഞാനേറെ ആശിച്ചിട്ടുണ്ട്, കിം ഫലം! :(

രാവിലത്തെ അഞ്ചലോട്ടത്തിനിടയിലും വഴിയില്‍ കാണുന്ന ഒറ്റ ഇരുകാലിയേയും നാല്‍ക്കാലിയേയും വെറുതെ വിടാറുണ്ടായിരുന്നില്ല. എന്നെ നോക്കാതെ പോയാലും ഒരു ‘ഹായ്’‘പറഞ്ഞു ചിരിച്ചില്ലെങ്കില്‍ എനിക്കുറക്കം വരില്ലായിരുന്നു.

അച്ഛന്റെ സഹപാഠി കൂടിയായിരുന്ന വഞ്ചിക്കാരന്‍ ഔസേപ്പ് ചേട്ടന്‍ പുഴക്കരയോട് ചേര്‍ന്നായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹം മകന്‍ കൊണ്ടുവരുന്ന കഞ്ഞിവെള്ളവും കുടിച്ച്, ഒരേമ്പക്കവും വിട്ട്, വഞ്ചി തള്ളാന്‍ റെഡിയായി അവിടെ നില്‍പ്പുണ്ടാകും. വഞ്ചിയിലെ സ്ഥിരയാത്രക്കാര്‍ വരാതെ എടുക്കാന്‍ പറ്റില്ലല്ലോ. പി ആന്‍ഡ് ടി യിലെ ജോലിക്കാരി ലതികച്ചേച്ചി, രണ്ട് സ്കൂള്‍ റ്റീച്ചര്‍മാര്‍, എപ്പോഴും വിരലുകള്‍ കൊണ്ട് കണക്കുകൂട്ടി മാത്രം നടന്നിരുന്ന മദ്ധ്യവയസ്കനായ ലോക്കല്‍ രാമാനുജന്‍(കണക്കൊക്കെ നമുക്കു അക്കരെ ചെന്നിട്ടു കൂട്ടാം എന്നത് അദ്ദേഹത്തോട് ഔസേപ്പ് ചേട്ടന്റെ സ്ഥിരം പല്ലവിയായിരുന്നു), യൂണിവേഴ്സിറ്റി ജീവനക്കാരന്‍ പൌലോസ് ചേട്ടന്‍ എന്നിവരായിരുന്നു ഞങ്ങളുടെ സ്ഥിരം സഹയാത്രികര്‍.

ഒരു ദിവസം വൈകീട്ട്, കോളേജ് വിട്ടു വരുന്ന വഴി, ഇരിക്കാന്‍ സ്ഥലം കിട്ടിയത്, ഒരു കൃശഗാത്രനായ മനുഷ്യന്‍ ഇരുന്നിരുന്ന പലകയ്ക്ക് അടുത്തായിരുന്നു. മുന്‍പെങ്ങും ആ പരിസരത്തൊന്നും കണ്ടതായി ഓര്‍ക്കുന്നില്ല. ദിയ കുറച്ചുമാറിയുള്ള പലകയിലായിരുന്നു ഇരുന്നത്.
വഞ്ചി നീങ്ങവേ, നിശ്ശബ്ദയായിരുന്ന എന്നോട് അയാള്‍ (വല്ല പെണ്ണുങ്ങളുമായിരുന്നെങ്കില്‍ ഐസ് പൊട്ടിക്കുന്നത് ഞാനായിരുന്നേനെ;) ) ചോദിച്ചു-“മോളെവിട്യാ പഠിക്കണെ?”
ഞാന്‍ മൊഴിഞ്ഞു” എമ്മീയെസ്സില്‍”. “വീട് എവിട്യാ?അക്കരെചെന്നിട്ട് ഒരുപാട് നടക്കണോ?” എന്നിങ്ങനെ പോയി ചോദ്യങ്ങള്‍. ഞാന്‍ കൃത്യമായി ഉത്തരം കൊടുത്തുകൊണ്ടുമിരുന്നു..വെളുക്കെ ചിരിച്ചുകൊണ്ട് ചിരപരിചിതനെപ്പോലെ അദ്ദേഹം തലയാട്ടിക്കൊണ്ടിരുന്നു.ഒരു മാന്യദേഹത്തെ പരിചയപ്പെടാനായതില്‍ ഞാനും കൃതാര്‍ത്ഥയായി.
‍അക്കരെയെത്തിയിട്ടും സംസാരം തീരുന്നില്ല...”ഞാനും ആ വഴിക്കാ മോളേ“ ന്ന്‍ കേട്ടപ്പോള്‍ നടക്കാന്‍ ‍നല്ലൊരു കൂട്ട് കിട്ടിയ സന്തോഷം എനിക്ക്!
ദിയ വഞ്ചിക്കാശ് കൊടുത്തിട്ട് വരുമ്പോഴേയ്ക്കും ഞങ്ങള്‍ ഏറെ ദൂരം പിന്നിട്ടിരുന്നു. എന്തോ പറയാന്‍ വരുന്ന പോലെ ദിയ ഓടിക്കിതച്ച് ഞങ്ങള്‍ക്കൊപ്പമെത്തി.അതു കണ്ട് ആ മാന്യദേഹം അത്ഭുതം കൂറി.’ആങ് ഹാ...മക്ക്ള് രണ്ടാളും ഒരു വീട്ടിലെയാ??ഒരേ പോലത്തെ ഉടുപ്പ്!! ഈ മോള്‍ടെ പേരെന്താ?”

ഞാനെന്തോ അപകടം മണത്തു! ദിയയുടെ മുഖത്തേയ്ക്ക് നോക്കിയപ്പോള്‍ അവിടെ വെപ്രാളമോ ഭയമോ എന്നു വേര്‍തിരിച്ചറിയാനാകാത്ത ഒരു ഭാവം!

ദിയ പറഞ്ഞു” ഞങ്ങള്‍ ഇത്തിരി സ്പീഡില്‍ നടക്കട്ടേ...” എന്റെ കയ്യും പിടിച്ചു വലിച്ച് ഓടുന്ന ദിയയോട് എനിക്കരിശം തോന്നി”ഛായ്! എന്റൊരു നല്ല കൂട്ടു കളഞ്ഞില്ലേ?!“

പിന്നീട് ദിയ പറഞ്ഞതോര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു നടുക്കമാണ്. അതു സ്ഥലത്തെ സാമാന്യം അറിയപ്പെടുന്ന ഒരു ഭ്രാന്തനായിരുന്നു! പേര് പോക്കര്‍! രണ്ടുമൂന്നു തവണ ഭ്രാന്താശുപത്രിയില്‍ നിന്നും ഓടിപ്പോന്നവനാണത്രേ!! ഈ വരവും അത്തരത്തിലൊന്നായിക്കൂടെന്നില്ല!!!

ഇനി ദുര്‍ഗ്ഗയെ എവിടെ വച്ചു കണ്ടാലും അയാള്‍ ഓര്‍ക്കുമെന്നു ദിയ പകുതി കളിയായും പകുതി താക്കീതായും പറഞ്ഞു നിര്‍ത്തി, തന്റെ ഇടവഴിയെത്തിയപ്പോള്‍ യാത്ര പറഞ്ഞു. ഞാന്‍ ഓടി- തിരിഞ്ഞു നോക്കാതെ!
എന്നാലും വഞ്ചിയിലുണ്ടായിരുന്ന ആ ചേട്ടന്മാര്‍ എന്തേ എന്നോടിതൊന്ന് സൂചിപ്പിച്ചില്ല! പിന്നീടറിഞ്ഞു-“അല്ലെങ്കിലും ദുര്‍ഗയ്ക്കിത്തിരി ജാഡ കൂടുതലാ..നമ്മളെയൊന്നും കണ്ടാല്‍ മൈന്ഡ് പോലും ചെയ്യില്ല..ഒരു പാഠം പഠിക്കട്ടെ!“ എന്നതായിരുന്നുവത്രേ അന്നവര്‍ മനസ്സില്‍ കണ്ടത്.

15 Comments:

  • At 3:03 AM, Blogger Obi T R said…

    "രാവിലത്തെ അഞ്ചലോട്ടത്തിനിടയിലും വഴിയില്‍ കാണുന്ന ഒറ്റ ഇരുകാലിയേയും നാല്‍ക്കാലിയേയും വെറുതെ വിടാറുണ്ടായിരുന്നില്ല. എന്നെ നോക്കാതെ പോയാലും ഒരു ‘ഹായ്’‘പറഞ്ഞു ചിരിച്ചില്ലെങ്കില്‍ എനിക്കുറക്കം വരില്ലായിരുന്നു.
    "


    അതു പിന്നെ ഇപ്പോഴും അങ്ങിനെ തന്നെയാണെല്ലൊ ;-)

     
  • At 3:05 AM, Blogger viswaprabha വിശ്വപ്രഭ said…

    ഹാവൂ! ദിയ ഓടിവന്ന് ഇടപെട്ടതുകൊണ്ട് പാവം ഭ്രാന്തന്‍ രക്ഷപ്പെട്ടു!

    അല്ലെങ്കില്‍ കുടല്‍മാലയും പുറത്തുചാടി നാവും കണ്ണും തുറുപ്പിച്ച് നിലത്തുകിടക്കുമായിരുന്നു അയാള്‍!

    അയാള്‍ക്കു മേലെ നിന്ന് ദുര്‍ഗ്ഗ ‘കുത്തിപ്പിടി’ നൃത്തം ആടിയേനെ!

    ദൈവം രക്ഷിച്ചു! അല്ലേ?

     
  • At 3:10 AM, Blogger kusruthikkutukka said…

    "അവിസ്മരണീയനായ ഒരു !!!സുഹൃത്തിന്റെ!!!! ഓര്‍മ്മയ്ക്ക്..;)"
    പണ്ടേ ഇങ്ങനെയുള്ളവരുമായിരുന്നു ചങ്ങാത്തം അല്ലെ :)
    ചിത്രത്തിലെ ചെവിയില്‍ വച്ച് പൂവിനെന്തേ ചുവപ്പു നിറം ഇല്ലാത്തതു?

     
  • At 3:19 AM, Blogger ചില നേരത്ത്.. said…

    ദുര്‍ഗാ..
    ഇതു പോലൊരു സുഹൃത്തെന്റെ നാട്ടിലുമുണ്ട്.പക്ഷേ അലസമായൊരു പറച്ചിലുകള്‍ക്കപ്പുറം പഠനാര്‍ഹമായൊരു ജീവിതം അയാള്‍ക്കുണ്ട്. ഭ്രാന്തിലേക്കയാള്‍ നടന്നടുക്കുമ്പോള്‍ ഭ്രാന്തമായാവേശത്തോടെ അയാളെ അതിലേക്ക് തള്ളിവിട്ട കുറേ ബന്ധുക്കളുമുണ്ടയാള്‍ക്ക്..എല്ലാ നാട്ടിലുമത്തരമൊരാള്‍ ഉണ്ടാകുമെന്നതൊരു ക്ലീഷെയല്ല തന്നെ,സാഹചര്യങ്ങളുടെ വൈവിധ്യമാണത്.
    (പുഴയൊഴുകുന്ന എന്റെ നാടിനേയും തുളസിയുടെ രാമന്‍ നായരേയും കൂടെ ഈ പോസ്റ്റ് ഓര്‍മ്മിപ്പിച്ചു)

     
  • At 4:29 AM, Blogger സൂര്യോദയം said…

    നല്ല സുഹൃത്ബന്ധം.... തന്റെ അതേ ലെവലിലുള്ള കൃത്യം ആളെ അയാള്‍ക്ക്‌ മനസ്സിലായല്ലോ... :-)

     
  • At 10:43 AM, Blogger തണുപ്പന്‍ said…

    ഞാനും പറയട്ടെ, ഓരോ നാട്ടില്‍ ഇത് പോലെ ഒരു ഭ്രാന്തനും അയാളെ ഭ്രാന്തനാക്കിയ ഒരു കൂട്ടം ബന്ധുക്കളുമുണ്ട്. ചിലരൊക്കെ ആ നാട്ടിന്‍റെ ഓമനകളാവുന്നു, മറ്റ് ചിലര്‍ വളരെ അഗ്രെസ്സീവായ, കുട്ടികളെ പേടിപ്പിച്ചിരുത്താനുള്ള കഥാപാത്രമാവുന്നു.

    ദുര്‍ഗ്ഗയോട് മിണ്ടിപ്പറഞ്ഞ നേരമെങ്കിലും അയാള്‍ക്കൊരു ആശ്വാസം കിട്ടിക്കാണുമല്ലോ. അത്രയും നല്ലത്.

     
  • At 9:55 PM, Anonymous Anonymous said…

    ശ്ശൊ! കര്‍ത്താവേ! എന്റെ അമ്മേ! നന്നായി ദിയ ഉണ്ടായിരുന്നത്. ഹൊ!

     
  • At 12:01 PM, Blogger "forlovers... said…

    എല്ലാ ഗ്രാമത്തിനും സ്വന്തമാണ്‌ ഒരു ഭ്രാന്തന്‍
    പിന്നെ,
    പട്ടിയെയും പൂച്ചയെയും ഭ്രാന്തനെയും സര്‍വ്വചരാചരങ്ങളെയും സ്നേഹിക്കാന്‍ മാത്രമറിയുന്ന ദൈവത്തിന്റെ മാലാഖയായ ഒരു ദുര്‍ഗ്ഗകുട്ടിയും.....

     
  • At 9:50 AM, Blogger മുസാഫിര്‍ said…

    നല്ല കഥ ദുര്‍ഗ്ഗ.മാന്യനായിട്ടും എന്തിനാണു ചെവിയില്‍ ചെമ്പരത്തിപ്പൂവ് വച്ചു കൊടുത്തത്?പാവം .

     
  • At 2:27 AM, Blogger Durga said…

    vikru, പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളോട് ഇടപഴകുന്നതില് ‍നമ്മുടെ നാട്ടില്‍ ചില പരിമിതികളൊക്കെയുണ്ട്..പ്രറ്റ്യേകിച്ച് ഗ്രാമങ്ങളില്‍.:) ഞാന്‍ ഇക്കാര്യത്തില്‍ പണ്ടേ ഇത്തിരി ശ്രദ്ധാലുവാണ്‍ മാഷേ..‍നാട്ടുകാരുടെ നാവ് അവിടെ സ്വസ്ഥായി കിടന്നോട്ടെ.;)

     
  • At 2:31 AM, Blogger Durga said…

    വിക്രൂസ്, പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളോട് ഇടപഴകുന്നതില്‍ നമ്മുടെ നാട്ടില്‍ കുറച്ച് പരിമിതികളൊക്കെയുണ്ട്. അതുകൊണ്ട് ഞാന്‍ പണ്ടേ ‘സേഫര്‍ സൈഡില്‍’ നില്‍ക്കാന്‍ ശീലിച്ചിരുന്നു. നാട്ടുകാരുടെ നാവ് അവിടെ സ്വസ്ഥായി കിടന്നോട്ടെ.;)

     
  • At 6:15 AM, Blogger ഫാരിസ്‌ said…

    നല്ല കഥ .. അയാള്‍ ഇപ്പോള്‍ എവിടെയായിരിക്കും..??

     
  • At 11:52 PM, Blogger paarppidam said…

    കൊള്ളാം, ഈ സംഭവത്തിലൂടേ സ്വയം ഒരു ജാടയാണെന്ന് തിരിച്ചറിഞ്ഞല്ലോ?
    നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍.

     
  • At 1:23 AM, Anonymous Anonymous said…

    ബി സി എക്ക് ഏത് വര്‍ഷമാണു പഠിച്ചിരുന്നത്
    അന്നത്തെ സാറന്മാര്‍ ആ‍രായിരുന്നു.

     
  • At 11:37 PM, Blogger Unknown said…

    rasamundu vayikkan

     

Post a Comment

<< Home