Durga

the travelogue of life

Thursday, September 21, 2006

അവിസ്മരണീയനായ ഒരു സുഹൃത്തിന്റെ ഓര്‍മ്മയ്ക്ക്..;)


ബി സി എ യ്ക്ക് മാറമ്പിള്ളി എം ഇ എസ് കോളേജില്‍ പഠിക്കുന്ന കാലം. ഒരു കടത്തു കടക്കേണ്ടിയിരുന്നു കോളേജിലെത്താന്‍. ഇക്കരെ നിന്ന് എന്റെ ക്ലാസിലെ ദിയ യും ഉണ്ടായിരുന്നതിനാല്‍ ആ യാത്ര ഞങ്ങള്‍ നന്നായി ആസ്വദിച്ചു വന്നു. വീട്ടില്‍ നിന്നും ആ കടത്തിലേയ്ക്ക് 20 മിനിറ്റ് നടക്കേണ്ടിയിരുന്നുവെങ്കിലും രാവിലത്തെ തിരക്കില്‍ ഞാനാ ദൂരം കേവലം പത്തുമിനിറ്റ് കൊണ്ട് താണ്ടിയിരുന്നു. ദിയയെപ്പോലെ മന്ദം മന്ദം നടന്ന് വഞ്ചിയില്‍ കയറുന്ന തരുണീമണിയാവാന്‍ ഞാനേറെ ആശിച്ചിട്ടുണ്ട്, കിം ഫലം! :(

രാവിലത്തെ അഞ്ചലോട്ടത്തിനിടയിലും വഴിയില്‍ കാണുന്ന ഒറ്റ ഇരുകാലിയേയും നാല്‍ക്കാലിയേയും വെറുതെ വിടാറുണ്ടായിരുന്നില്ല. എന്നെ നോക്കാതെ പോയാലും ഒരു ‘ഹായ്’‘പറഞ്ഞു ചിരിച്ചില്ലെങ്കില്‍ എനിക്കുറക്കം വരില്ലായിരുന്നു.

അച്ഛന്റെ സഹപാഠി കൂടിയായിരുന്ന വഞ്ചിക്കാരന്‍ ഔസേപ്പ് ചേട്ടന്‍ പുഴക്കരയോട് ചേര്‍ന്നായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹം മകന്‍ കൊണ്ടുവരുന്ന കഞ്ഞിവെള്ളവും കുടിച്ച്, ഒരേമ്പക്കവും വിട്ട്, വഞ്ചി തള്ളാന്‍ റെഡിയായി അവിടെ നില്‍പ്പുണ്ടാകും. വഞ്ചിയിലെ സ്ഥിരയാത്രക്കാര്‍ വരാതെ എടുക്കാന്‍ പറ്റില്ലല്ലോ. പി ആന്‍ഡ് ടി യിലെ ജോലിക്കാരി ലതികച്ചേച്ചി, രണ്ട് സ്കൂള്‍ റ്റീച്ചര്‍മാര്‍, എപ്പോഴും വിരലുകള്‍ കൊണ്ട് കണക്കുകൂട്ടി മാത്രം നടന്നിരുന്ന മദ്ധ്യവയസ്കനായ ലോക്കല്‍ രാമാനുജന്‍(കണക്കൊക്കെ നമുക്കു അക്കരെ ചെന്നിട്ടു കൂട്ടാം എന്നത് അദ്ദേഹത്തോട് ഔസേപ്പ് ചേട്ടന്റെ സ്ഥിരം പല്ലവിയായിരുന്നു), യൂണിവേഴ്സിറ്റി ജീവനക്കാരന്‍ പൌലോസ് ചേട്ടന്‍ എന്നിവരായിരുന്നു ഞങ്ങളുടെ സ്ഥിരം സഹയാത്രികര്‍.

ഒരു ദിവസം വൈകീട്ട്, കോളേജ് വിട്ടു വരുന്ന വഴി, ഇരിക്കാന്‍ സ്ഥലം കിട്ടിയത്, ഒരു കൃശഗാത്രനായ മനുഷ്യന്‍ ഇരുന്നിരുന്ന പലകയ്ക്ക് അടുത്തായിരുന്നു. മുന്‍പെങ്ങും ആ പരിസരത്തൊന്നും കണ്ടതായി ഓര്‍ക്കുന്നില്ല. ദിയ കുറച്ചുമാറിയുള്ള പലകയിലായിരുന്നു ഇരുന്നത്.
വഞ്ചി നീങ്ങവേ, നിശ്ശബ്ദയായിരുന്ന എന്നോട് അയാള്‍ (വല്ല പെണ്ണുങ്ങളുമായിരുന്നെങ്കില്‍ ഐസ് പൊട്ടിക്കുന്നത് ഞാനായിരുന്നേനെ;) ) ചോദിച്ചു-“മോളെവിട്യാ പഠിക്കണെ?”
ഞാന്‍ മൊഴിഞ്ഞു” എമ്മീയെസ്സില്‍”. “വീട് എവിട്യാ?അക്കരെചെന്നിട്ട് ഒരുപാട് നടക്കണോ?” എന്നിങ്ങനെ പോയി ചോദ്യങ്ങള്‍. ഞാന്‍ കൃത്യമായി ഉത്തരം കൊടുത്തുകൊണ്ടുമിരുന്നു..വെളുക്കെ ചിരിച്ചുകൊണ്ട് ചിരപരിചിതനെപ്പോലെ അദ്ദേഹം തലയാട്ടിക്കൊണ്ടിരുന്നു.ഒരു മാന്യദേഹത്തെ പരിചയപ്പെടാനായതില്‍ ഞാനും കൃതാര്‍ത്ഥയായി.
‍അക്കരെയെത്തിയിട്ടും സംസാരം തീരുന്നില്ല...”ഞാനും ആ വഴിക്കാ മോളേ“ ന്ന്‍ കേട്ടപ്പോള്‍ നടക്കാന്‍ ‍നല്ലൊരു കൂട്ട് കിട്ടിയ സന്തോഷം എനിക്ക്!
ദിയ വഞ്ചിക്കാശ് കൊടുത്തിട്ട് വരുമ്പോഴേയ്ക്കും ഞങ്ങള്‍ ഏറെ ദൂരം പിന്നിട്ടിരുന്നു. എന്തോ പറയാന്‍ വരുന്ന പോലെ ദിയ ഓടിക്കിതച്ച് ഞങ്ങള്‍ക്കൊപ്പമെത്തി.അതു കണ്ട് ആ മാന്യദേഹം അത്ഭുതം കൂറി.’ആങ് ഹാ...മക്ക്ള് രണ്ടാളും ഒരു വീട്ടിലെയാ??ഒരേ പോലത്തെ ഉടുപ്പ്!! ഈ മോള്‍ടെ പേരെന്താ?”

ഞാനെന്തോ അപകടം മണത്തു! ദിയയുടെ മുഖത്തേയ്ക്ക് നോക്കിയപ്പോള്‍ അവിടെ വെപ്രാളമോ ഭയമോ എന്നു വേര്‍തിരിച്ചറിയാനാകാത്ത ഒരു ഭാവം!

ദിയ പറഞ്ഞു” ഞങ്ങള്‍ ഇത്തിരി സ്പീഡില്‍ നടക്കട്ടേ...” എന്റെ കയ്യും പിടിച്ചു വലിച്ച് ഓടുന്ന ദിയയോട് എനിക്കരിശം തോന്നി”ഛായ്! എന്റൊരു നല്ല കൂട്ടു കളഞ്ഞില്ലേ?!“

പിന്നീട് ദിയ പറഞ്ഞതോര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു നടുക്കമാണ്. അതു സ്ഥലത്തെ സാമാന്യം അറിയപ്പെടുന്ന ഒരു ഭ്രാന്തനായിരുന്നു! പേര് പോക്കര്‍! രണ്ടുമൂന്നു തവണ ഭ്രാന്താശുപത്രിയില്‍ നിന്നും ഓടിപ്പോന്നവനാണത്രേ!! ഈ വരവും അത്തരത്തിലൊന്നായിക്കൂടെന്നില്ല!!!

ഇനി ദുര്‍ഗ്ഗയെ എവിടെ വച്ചു കണ്ടാലും അയാള്‍ ഓര്‍ക്കുമെന്നു ദിയ പകുതി കളിയായും പകുതി താക്കീതായും പറഞ്ഞു നിര്‍ത്തി, തന്റെ ഇടവഴിയെത്തിയപ്പോള്‍ യാത്ര പറഞ്ഞു. ഞാന്‍ ഓടി- തിരിഞ്ഞു നോക്കാതെ!
എന്നാലും വഞ്ചിയിലുണ്ടായിരുന്ന ആ ചേട്ടന്മാര്‍ എന്തേ എന്നോടിതൊന്ന് സൂചിപ്പിച്ചില്ല! പിന്നീടറിഞ്ഞു-“അല്ലെങ്കിലും ദുര്‍ഗയ്ക്കിത്തിരി ജാഡ കൂടുതലാ..നമ്മളെയൊന്നും കണ്ടാല്‍ മൈന്ഡ് പോലും ചെയ്യില്ല..ഒരു പാഠം പഠിക്കട്ടെ!“ എന്നതായിരുന്നുവത്രേ അന്നവര്‍ മനസ്സില്‍ കണ്ടത്.

Tuesday, September 19, 2006

വിട.


വിട.

രണ്ട് കൈവഴികള്‍ പോലെ നാം കണ്ടുമുട്ടി. ഇടയ്ക്കെവിടെയോ അവിചാരിതമായി ഏതോ ഒരു പാറക്കെട്ടില്‍ തട്ടി, ഞാന്‍ പിരിഞ്ഞു, ഒരു യാത്ര പോലും പറയാതെ.
നിന്റെ മനസ്സിന്റെ അടിയൊഴുക്കുകള്‍ അറിഞ്ഞു തന്നെ ഞാന്‍ സമാന്തരമായൊഴുകി. ഇടയ്ക്ക് മറ്റൊരു പാറയില്‍ തട്ടി വീണ്ടും നിന്റെയടുത്തെത്തി. ഇരുകയ്യും നീട്ടി നീ എന്നെ സ്വീകരിച്ചു. നമുക്കു പറയാന്‍ ഏറെയുണ്ടായിരുന്നു, കേള്‍ക്കാനും.നാം ഏറെ ദൂരം സഞ്ചരിച്ചിരിക്കുന്നു, തീരങ്ങളോടും തോണികളോടുമൊക്കെ സല്ലപിച്ചുകൊണ്ട്, ഓളങ്ങളെ നെഞ്ചിലേറ്റിക്കൊണ്ട്, വേര്‍പിരിക്കാന്‍ പാറകളില്ലാതെ, അടിയൊഴുക്കുകളറിഞ്ഞ്.....
ഉത്ഭവസ്ഥാനത്തിനടുത്തെവിടെയോ വച്ച് എന്നെ പിരിഞ്ഞുപോയ ആ കൊച്ചു കൈവഴിയെ നിന്നില്‍ ഞാന്‍ കണ്ടിരുന്നു, പലവുരു- നിന്റെ ഉത്സാഹത്തിലും പ്രസരിപ്പിലും ചിരിയിലും കളിയിലും, ഭാവഹാവാദികളിലും, എന്തിന് വാചാലമായ ആ മൌനങ്ങളില്‍പ്പോലും.

നമുക്ക് പോകേണ്ടിവരും, അവിചാരിതമായി ഏതെങ്കിലും പാറക്കെട്ടില്‍ തട്ടി, യാത്ര പറയാന്‍ കഴിഞ്ഞെന്നുവരില്ല. അല്ലെങ്കിലും ഒരു യാത്ര പറച്ചില്‍ വേദനാജനകമല്ലേ?
ഇടയ്ക്ക് ഞാന്‍ അതു വിഭാവനം ചെയ്യാന്‍ ശ്രമിക്കാറുണ്ട്. പ്രതീക്ഷിച്ചിരിക്കുന്ന ദു:ഖസത്യങ്ങള്‍ക്ക് വേദന കുറയുമെന്നാണല്ലോ.
നിന്നെ കാത്തു ഒരുപാട് പാറക്കെട്ടുകളും മുള്‍പ്പടര്‍പ്പുകളും, ചുഴികളും എല്ലാമുണ്ടാകും.വഴികാണിക്കാന്‍ ഞാന്‍ എപ്പോഴും ഉണ്ടാകില്ലെന്ന ഓര്‍മ്മ വേണം.
മറ്റു പുഴകളോടു ചേര്‍ന്നൊഴുകി അവസാനം കടലിലെത്തുമ്പോള്‍ നീയെന്നെ തിരിച്ചറിയുക കൂടിയില്ല. ഒരു വേള അതിനു മുന്‍പ് ചുഴികളിലും കുഴികളിലും എന്റെ ശ്വാസം നിലച്ചേക്കാം. എന്നാല്‍ എന്റെ ആത്മാവിന്റെ സങ്കല്പത്തിനു മരണമില്ല- നീയെന്നും എനിക്കെന്റെയാ കൊച്ചുകൈവഴി തന്നെയായിരുന്നു.

Friday, September 15, 2006

ലാറ്ററല്‍ തിങ്കിങ്ങ് വരുത്തിവെക്കുന്ന വിനകള്‍

ഇന്നലെ രാത്രി ഉറക്കം തൂങ്ങി ബസിലിരിക്കുമ്പോള്‍ മുന്‍പില്‍ പോകുന്ന ബസിന്റെ പേരുവായിക്കാന്‍ കൊറേ നേരായി ഞാന്‍ ശ്രമിക്കുന്നു- k p nair bus! ഏതോ ഒരു നായരുടെ ബസാണെന്ന് കരുതി. എത്ര ശ്രമിച്ചിട്ടും മനസ്സിലായില്ല എന്തിനാണ് n കഴിഞ്ഞ് അവര്‍ ഒരു space വിട്ടതെന്ന്! :-O

Thursday, September 14, 2006

അഷ്ടമിരോഹിണി ആശംസകള്‍!

Wednesday, September 13, 2006

ചിരി.:)ചിരിയുടെ മാസ്മരികതയെന്തെന്നറിഞ്ഞപ്പോള്‍, ചിരിക്കാതെ പാഴാക്കിയ നിമിഷങ്ങളെയോര്‍ത്ത് കരയാതെ, ആ വിഡ്ഢിത്തമോര്‍ത്തു ഞാന്‍ ചിരിച്ചു.