Durga

the travelogue of life

Thursday, October 05, 2006

ഭാഗവതസപ്താഹയജ്ഞം

ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന ഭാഗവതപാരായണവും വിവരണവുമാണ് ഭാഗവതസപ്താഹം.
നവരാത്രിയോടനുബന്ധിച്ച് വീടിനടുത്തുള്ള പാര്‍ത്ഥസാരഥിക്ഷേത്രത്തിലും അതുണ്ടായിരുന്നു കഴിഞ്ഞ ആഴ്ച.
വെളുപ്പിന് ഗണപതിഹവനത്തോടെ ആരംഭിക്കുന്ന പാരായണം രാത്രി എട്ടുമണി(അത്താഴശീവേലിക്കു മുന്‍പ്) വരെ നീണ്ടുനിന്നിരുന്നു. അതിനിടയ്ക്ക് പ്രാതലിനും ഉച്ചയ്ക്കലത്തെ പ്രസാദ ഊട്ടിനും ദീപാരാധനയ്ക്കുമുള്ള ഇടവേളകള്‍ മാത്രമേ പതിവുള്ളൂ.
ജോലി കഴിഞ്ഞ് ഏറെ വൈകി മാത്രം വീട്ടിലെത്തുന്ന എനിക്കു ദീപാരാധനയ്ക്കു ശേഷമുള്ള പ്രഭാഷണം മാത്രമേ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. യജ്ഞാചാര്യന്റെ അറിവില്‍ ആകൃഷ്ടയായ എനിക്ക് ഒഴിവുദിവസം കുറേ സമയം അവിടെ ചെലവഴിക്കാന്‍ ആഗ്രഹം തോന്നി. അങ്ങനെ ശനിയാഴ്ച രാവിലത്തെ ക്ഷേത്രദര്‍ശനവും കഴിഞ്ഞ്, യജ്ഞം നടക്കുന്ന
ഊട്ടുപുരയിലെത്തി. അന്നു സന്താനഗോപാലമായിരുന്നു രാവിലെ പാരായണം. ദശമസ്കന്ധത്തിന്റെ അവസാനമാണത്. യജ്ഞശാല നിറയെ ജനം. ഇടവേള കഴിഞ്ഞു ആചാര്യന്‍ വേദിയിലെത്തിയതോടെ അതുവരെ കൂട്ടുകാരോട് കുശലം പറഞ്ഞു കൊണ്ടിരുന്ന ഞാന്‍ പതിയെ അച്ഛമ്മയൂടെ അടുത്തേയ്ക്കു വലിഞ്ഞു. അമ്മൂമ്മമാരുടെ കൂടെയിരുന്നാല്‍ ഒരു ഗുണമുണ്ട്. പരദൂഷണം, മറ്റു വര്‍ത്തമാനങ്ങള്‍ ഇവയൊക്കെ ഒഴിവാക്കാം. ഭാഗവതം മൂന്നാലുവരി വായിക്ക്യേം ചെയ്യാം. അടുത്തിരുന്ന രുദ്രാക്ഷധാരിയായ ഒരമ്മൂമ്മ പതിയെ ഭാഗവതം നിലത്തുവെച്ചിട്ടു എഴുന്നേറ്റു, അതെടുത്തു വായിച്ചുകൊള്ളാന്‍ എനിക്ക് അനുമതിയും തന്നിട്ട്.:)
ഞാന്‍ താളുകള്‍‍ മറിക്കവേ, ആചാര്യന്‍ കഥ പറഞ്ഞു തുടങ്ങി.

പരമഭക്തനായ ഒരു ബ്രാഹ്മണശ്രേഷ്ഠന്‍ തനിക്കുണ്ടായ ഒന്‍പതാമത്തെ കുഞ്ഞും മരിച്ചുപോയതില്‍ വിഷണ്ണനായി, ദ്വാരകയില്‍ ശ്രീകൃഷ്നന്റെ കൊട്ടാരത്തിനുമുന്നില്‍ വന്നു പരിതപിക്കുന്നതോടെയാണ്‍ തുടക്കം. ഭഗവാന്‍ ‍ഇതുകേട്ട് അനങ്ങാതിരിക്കുന്നതു കണ്ട് അവിടെയുണ്ടായിരുന്ന അര്‍ജ്ജുനന്‍ ബ്രാഹ്മണനോട് പറഞ്ഞു.”അങ്ങയുടെ പത്താമത്തെ കുഞ്ഞിനെ ഞാന്‍ രക്ഷിക്കും, അതിനായില്ലെങ്കില്‍ ഞാന്‍ തീയില്‍ ചാടി മരിക്കും.“
ബ്രാഃമണന്റെ ഭാര്യയ്ക്ക് പത്താമത്തെ കുഞ്ഞിനു ജന്മം നല്‍കുന്നതിനായി അര്‍ജ്ജുനന്‍ അസ്ത്രങ്ങള്‍ കൊണ്ട് ഒരു ഈറ്റില്ലം തയ്യാറാക്കി, അതിനു കാവലും നിന്നു. തെല്ലു കഴിഞ്ഞ് കുഞ്ഞിന്റെ കരച്ചില്‍ കേട്ടു ആഹ്ലാദപാരവശ്യം കൊണ്ട് ആ ബ്രാഹ്മണശ്രേഷ്ഠന്‍ നന്ദി പറയാന്‍ ഒരുങ്ങിയതും, ഈറ്റില്ലത്തിന്റെ വാതില്‍ തുറന്ന് തോഴിമാര്‍ നിലവിളിച്ചുകൊണ്ട് ഓടി വന്നു പറഞ്ഞു”ഈ കുഞ്ഞും മരിച്ചിരിക്കുന്നു”..
തുടര്‍ന്ന് തീയില്‍ ചാടാനൊരുങ്ങിയ അര്‍ജ്ജുനനെ കൃഷ്ണന്‍ തടഞ്ഞെന്നും, വൈകുണ്ഠത്തില്‍ കൊണ്ടുപോയി ഭഗവത്പാദാരവിന്ദങ്ങളില്‍ ആ പത്തുപുത്രന്മാരെയും കാണിച്ചുകൊടുത്തെന്നും തനിക്കു ഒന്നല്ല തന്റെ പത്തു പുത്രന്മാരേയും തിരിച്ചുതന്ന അര്‍ജ്ജുനനു ബ്രാഹ്മണന്‍ നന്ദി പറഞ്ഞുവെന്നും ആണ്‍ കഥ.
ശുഭപര്യവസായിയായ ഈ കഥയുടെ അന്ത്യത്തില്‍ കര്‍പ്പൂരാരാധനയും മറ്റും നടന്നു. തദവസരത്തില്‍ മക്കളില്ലാത്തവര്‍ മനം നൊന്തു പ്രാര്‍ഥിച്ചാല്‍ പുത്രഭാഗ്യം സിദ്ധിക്കുമെന്നു ഭാഗവതമതം. ഉച്ചയോടെ ദശമസ്കന്ധം തീര്‍ന്നു. പ്രസാദ ഊട്ടിനുശേഷം ഏകാദശസ്കന്ധം പാരായണം തുടങ്ങി. ഉദ്ധവന്റെ പന്ത്രണ്ട് സംശയങ്ങള്‍‍ക്ക് ഭഗവാന്‍ ഉത്തരം കൊടുക്കുകയാണിതില്‍. മോക്ഷപ്രാപ്തിയിലേയ്ക്കുള്ള മാര്‍ഗ്ഗവും മറ്റൂമാണ്‍ പ്രതിപാദ്യം. താത്പര്യമുള്ള വിഷയമാണെങ്കിലും ഉത്തരവാദിത്തബോധവും ക്ഷീണവും എന്നെ വീട്ടിലേയ്ക്ക് നയിച്ചു. ദുര്‍ഗ്ഗാഷ്ടമിയായതിനാല്‍ വൈകീട്ടു പൂജവയ്ക്കണം. അതിനു മുന്‍പു നാലക്ഷരം വായിച്ചേക്കാമെന്നു കരുതി വീട്ടിലേയ്ക്കു നടന്നു. പിന്നെ സന്ധ്യയോടെ ദീപാരാധനയ്ക്കായി വീണ്ടും ക്ഷേത്രത്തിലേയ്ക്.അന്നു എട്ടുമണിയോടെ ഏകാദശസ്കന്ധവും തീര്‍ന്നു.

പിറ്റേന്നു മഹാനവമി. ഉച്ചയോടെ സപ്താഹയജ്ഞസമാപനം. പത്തുമണിയോടെ ചെന്നു.അകത്തു സൂചി കുത്താനിടമില്ല..അന്നേ ദിവസം വരെ തിരിഞ്ഞുപോലും നോക്കാത്ത നാട്ടുപ്രമാണിമാരുമൊക്കെയായി വന്‍ ജനാവലി. കുറച്ചു നേരം അനിയത്തിയും ഞാനും പുറത്തിരുന്നു. പിന്നെ ഇല്ലാത്ത സ്ഥലംമുണ്ടാക്കി അകത്തു കയറി ഇരുന്നു. ദ്വാദശസ്കന്ധം സമാപിക്കാറായിരുന്നു. ഇനി ആറാട്ടാണ്...ഇക്കുറി പുഴയിലേയ്ക്കില്ല, അമ്പലക്കുളത്തില്‍ തന്നെ ഒതുക്ക്വാണെന്നാ കേട്ടത്..പിന്നീട് ചെണ്ടമേളവും താലവുമൊക്കെയായി ആ പൊരിവെയിലില്‍ ആറാട്ട് നടന്നു. പിന്നീട് ഫലശ്രുതി വായനയും ദക്ഷിണയും..അതിനു ശേഷം യജ്ഞശാലയില്‍ നിന്നും ഭഗവത്ചൈതന്യത്തെ ശ്രീകോവിലിലേയ്ക്കാക്കി.
തുടര്‍ന്ന് പ്രസാദ ഊട്ടിനു ശേഷം വീട്ടിലേയ്ക്ക്...വരും വര്‍ഷത്തേയ്ക്കായി ഭാഗവത ചൈതന്യത്തെ നെഞ്ചിലേറ്റിക്കൊണ്ട്.

3 Comments:

 • At 7:17 AM, Blogger Keraleeyan said…

  ഹായ്‌ ദുര്‍ഗ വിവരണം നന്നായിട്ടുണ്ടു. ഒരു സപ്താഹയഞ്ഞം കേട്ടപ്പോള്‍ തന്നെ
  ദുര്‍ഗയുടെ മനസ്സു നിറഞ്ഞു എന്നു തോന്നി. നന്നായി. ഞാന്‍ അംബലപ്പുഴയില്‍ നിന്നാണു.
  ഇവിദെ തുടര്‍ച്ചയായ്‌ 169 സപ്താഹം ഇതുവരെ കഴിഞ്ഞു. എല്ലാ മാസവും സപ്താഹം
  ഉണ്ടു.വീന്‍ഡും കൂദുതല്‍ സപ്താഹങ്ങള്‍ കേള്‍ക്കാന്‍ ദുര്‍ഗയെ അംബലപ്പുഴ കൃഷ്ണന്‍
  അനുഗ്രഹിക്കട്ടെ

   
 • At 6:17 AM, Anonymous Anonymous said…

  ഇനിയും എഴുതുമല്ലോ.!

   
 • At 11:41 PM, Blogger bhattathiri said…

  ഭക്തിയുറച്ചവര്‍ക്ക് അതുവരെയുള്ള ആചാരങ്ങളിലും വ്യവസ്ഥകളിലും വലിയ പ്രാധാന്യം തോന്നിയെന്നുവരില്ല. ഇവര്‍ക്ക് ഏതെങ്കിലും ചട്ടക്കൂടുകള്‍ ബാധകമല്ല. ആകാശപ്പരപ്പുപോലെ തുറന്ന മനസ്സായിരിക്കും അവര്‍ക്ക്. ആ മനസ്സ് മുഴുവന്‍ ഭഗത് പ്രേമമാകുമ്പോള്‍ അവരുടെ പ്രേമം ആകാശംപോലെ പരപ്പുള്ളതും സമുദ്രംപോലെ അഗാധവും കാമബാണംപോലെ ലക്ഷ്യത്തിലേക്ക് കുതിക്കുന്നതും ആയിരിക്കും.

  ഭാഗവതം ദശമത്തില്‍ വിപ്രപത്‌നിമാര്‍ ശ്രീകൃഷ്ണഭഗവാന്റെ അനുഗ്രഹം തേടിവരുന്ന ഭാഗം ഇത്തരുണത്തില്‍ പ്രത്യേകം ശ്രദ്ധേയം.ശ്രീകൃഷ്ണഭഗവാന്‍ കൂട്ടുകാരുമൊത്ത് സമീപത്തെത്തിയിട്ടുണ്ടെന്നു കേട്ടതും ആ വിപ്ര പത്‌നിമാര്‍ ഭഗവാന് സമര്‍പ്പിക്കാനുള്ള നിവേദ്യവസ്തുക്കളും എടുത്തുകൊണ്ട് ഭഗവത്‌സന്നിധിയിലേക്കോടി. അവരുടെ വീടുകളില്‍ ഒരുക്കിവച്ചിരുന്ന യജ്ഞസംരംഭങ്ങളെല്ലാം അവര്‍ അവഗണിച്ചു. പോകുന്നതിനെ വിലക്കിക്കൊണ്ടുള്ള ആചാര്യന്മാരുടെ നിര്‍ദ്ദേശങ്ങളും അവര്‍ തള്ളി. പോകരുതെന്ന് ഭര്‍ത്താക്കന്മാര്‍ പറഞ്ഞതും അവര്‍ ചെവിക്കൊണ്ടില്ല. തങ്ങളുടെ ഭഗവാന്‍ മാത്രമായിരുന്നു അവരുടെ ലക്ഷ്യം. ബാക്കിയെല്ലാം അവര്‍ മറന്നു.

  അല്ലെങ്കില്‍ തന്നെ ഈ യജ്ഞങ്ങളെല്ലാം ഭഗവത് പ്രീതീക്കായി കരുതി ചെയ്യുന്നതാണ്. ആ ഭഗവാന്‍ നേരിട്ട് അവ സ്വീകരിക്കാനെത്തിയാല്‍ പിന്നെ എന്തിനായി കാത്തിരിക്കണം. എത്രയും പെട്ടെന്ന് അവയെല്ലാം ഭഗവാന്റെ മുന്നിലെത്തി സമര്‍ഥിക്കുക തന്നെ.
  തിരുപ്പതി ക്ഷേത്രത്തില്‍ ഭണ്ഡാര വരവില്‍ കുറവു വന്നാല്‍ ആ വിവരം അറിഞ്ഞാല്‍ മതി സമീപത്തുള്ള വ്യാപാരികളെല്ലാം ഓടിയെത്തി ഭണ്ഡാര സമര്‍പ്പണം നടത്തും. ഭഗവാന്റെ ആവശ്യമാണ് അവര്‍ക്ക് പ്രധാനം. എന്നാല്‍ ഭഗവാനെ സംബന്ധിച്ചിടത്തോളം ഭക്തിയിലേക്കാണ് ശ്രദ്ധ. ഭക്തന്റെ ആവശ്യമാണ് ഭഗവാന് പ്രധാനം.

  രാമായണത്തില്‍ ശബരി സമര്‍പ്പിക്കുന്ന ഫലങ്ങള്‍ ആചാരാനുസൃതം ഒരുക്കിയിട്ടുള്ളതാണോ കഴുകിയതാണോ ശുദ്ധമാക്കിയതാണോ ഉപസ്തരിച്ചതാണോ എന്നൊന്നും ഭഗവാന്‍ നോക്കിയില്ല. ഭക്തയുടെ സമര്‍പ്പണമായതിനാല്‍ ആ ഫലങ്ങള്‍ എച്ചിലായതാണോ എന്നുപോലും ഭഗവാന്‍ അന്വേഷിക്കുന്നില്ല. സന്തോഷത്തോടെ സ്വീകരിക്കുന്നു. മഹാഭാരതത്തില്‍ വിദുരന്റെ അതിഥിയായി എത്തിയപ്പോഴും ഭഗവാന്‍ ഇത്തരത്തില്‍ ഭക്തിയെ സ്വീകരിച്ചതായി നാം കണ്ടു.
  മേല്‍പുത്തൂരിന്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയെ ഇഷ്ടപ്പെടുന്നു ഭഗവാന്‍ എന്ന് മഹാകവി വള്ളത്തോള്‍ എടുത്തുപറഞ്ഞുവല്ലോ. ഇതില്‍ വിഭക്തി എന്നത് ചിട്ടവട്ടങ്ങളേയും ഭക്തിയെന്നത് പ്രേമബുദ്ധിയെയും സൂചിപ്പിക്കുന്നു.

   

Post a Comment

<< Home