Durga

the travelogue of life

Friday, October 06, 2006

ഗുരുഭക്തി.

**********************************************

ഹേ ഗുരുനാഥ! നമിപ്പു ഞാ-
നുണ്ണി മാതാവെയെന്ന പോല്‍.
അമ്മ തന്‍ വാത്സര്യധാരയാണോയെനി-
ക്കമ്മലര്‍ വാണികളേകിടും സാന്ത്വനം.
...
ആചാര്യനമ്മയെപ്പോലാണെനിക്കെന്നു-
മാചാര്യദേവോ ഭവയെന്നു ചൊല്ലി ഞാ-
നാചരിക്കുന്നിതായേതോ വ്രതം പോലെ-
യാചാര്യപൂജയെന്‍ മാനസത്തില്‍.
---
...
എന്റെയാചാര്യനൊന്നൂറിച്ചിരിച്ചെന്നാ-
ലെന്റെയുള്‍ക്കാമ്പന്നു സ്വര്‍ലോകമായിടും.

**********************************************************
ബാക്കി ഓര്‍ക്കുന്നില്ല...:)

ഗുരുഭക്തി എന്നത് മനസ്സും സന്തോഷം കൊണ്ട് കണ്ണൂം നിറയ്ക്കുന്ന ഒന്നാണ്, അല്ലേ?:) എത്ര പ്രായമായാലും പഠിപ്പിച്ച മാഷ്മ്മാരെയോ റ്റീച്ചര്‍മാരെയോ കണ്ടാല്‍ ഞാന്‍ അമ്മയുടെ സാരിത്തുമ്പില്‍‍ തൂങ്ങുന്ന കൊച്ചു കട്ടിയാവും....മനസ്സു സന്തോഷം കൊണ്ട് തുള്ളിച്ചാടും-ഉള്ളുകൊണ്ട് ആ കാല്‍ക്കല്‍ നമസ്കരിക്കും.:) ചുരുക്കിപ്പറഞ്ഞാല്‍ ഭഗവാന്റെ നടയ്ക്കു മുന്നില്‍ എത്തുന്ന പോലൊരവസ്ഥ.
ഇക്കഴിഞ്ഞ നവരാത്രിക്കു അച്ഛന്‍ താമസിച്ചെത്തിയതിനാല്‍ മഹാനവമീടന്ന് വെളുപ്പിനേ പൂജവയ്ക്കാന്‍ പറ്റിയുള്ളൂ...സരസ്വതീടെ നടയ്ക്കല്‍ ചെന്നപ്പോള്‍ അവിടെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഗുരുനാഥനും(ആരാണോ മേല്‍പ്പറഞ്ഞ കവിത എഴുതാന്‍ എന്നെ സ്വാധീനിച്ചത് അദ്ദേഹം) ഭാര്യയും തിരികൊളുത്തുന്നു..നമസ്കാരം പറഞ്ഞ് ചിരിച്ചപ്പോള്‍ മനസ്സു നിറഞ്ഞു.സത്യത്തില്‍ ആ നടയ്ക്കലും ദേവിയേക്കാള്‍ മുന്‍പ് ഞാന്‍ വണങ്ങീത് സാറിനെയാണ്. സരസ്വതീകടാക്ഷം സാറില്‍ഊടെ എന്നിലേയ്ക്കൊഴുകുന്നതായി തോന്നി. മഹാനവമീടന്നു തന്നെ വിദ്യാരംഭത്തിന്റെ സംതൃപ്തി എനിക്ക്!:)

എത്ര അനുഗൃഹീതമാണ് അധ്യാപനവൃത്തി, അല്ലേ? എത്ര മക്കളാണ് അധ്യാപകര്‍ക്ക്!
ഈ വിഷയം എനിക്കൊരു ദൌര്‍ബ്ബല്യമാണ് . എത്ര പറഞ്ഞാലും തീരില്ല ഇതിനെക്കുറിച്ച്!!! വാക്കുകളുടെ ശോഷിപ്പ് ശരിക്കും അറിയുന്നു ഞാന്‍...ഇതിനെപ്പറ്റി സംസാരിച്ചു തുടങ്ങുമ്പോള്‍..

21 Comments:

  • At 1:29 AM, Blogger രാജ് said…

    ദുര്‍ഗേ എന്നെ സ്വാധീനിച്ച അദ്ധ്യാപകന്മാരെ കുറിച്ചു പറയുമ്പോള്‍ ഞാനും എന്റെ കൈവഴക്കത്തിലുള്ള വാക്കുകളുടെ എണ്ണം എത്ര കുറവാണെന്നു തിരിച്ചറിയുന്നു.

     
  • At 1:43 AM, Blogger പട്ടേരി l Patteri said…

    പിന്നെന്തേ ഈ മുത്തശ്ശി ടീച്ചറാവാതിരുന്നേ?

     
  • At 1:45 AM, Blogger Durga said…

    നാം ബഹുമാനിക്കുന്ന എല്ലാവരേയും പോലെ നമുക്കാവണം ന്നു വെച്ചാല്‍ നടക്ക്വോ?? നിയോഗം എന്നൊന്നുണ്ട്.:)

     
  • At 1:54 AM, Blogger വിശ്വപ്രഭ viswaprabha said…

    വിധിയുടെ വഴികളില്‍ അലഞ്ഞുതിരിയുമ്പോള്‍ നല്ലമ്മമാരൂട്ടിയ മക്കള്‍ക്കൊക്കെ അനപത്യതാദുഃഖം പേറേണ്ടി വരുന്നു....

    ഊറിവരുന്ന മുലപ്പാല്‍ ആരാലുമോരാതെ എങ്ങിനിയോ ഉറഞ്ഞുപോവുന്നു...

    തായ്‌വഴി വിട്ട് തന്‍‌നാടും വിട്ട് തപ്പിത്തടയുന്നു...

    യോഗം ചെയ്ത അമ്മമാരാവട്ടെ, ചൊല്ലും ചോറും തേടിപ്പോയ മക്കളെയോര്‍ത്തുമിരിക്കുന്നു....

    വല്ലപ്പോഴുമൊരിക്കല്‍ മക്കള്‍ അഭിജിത്തായി ഉദിച്ചുകാണുമ്പോള്‍ അവരാത്മസായൂജ്യമണയുന്നു...

    സരസ്വതിയും ലക്ഷ്മിയും തമ്മില്‍ എന്തിനേ ഈ ശണ്ഠ?


    ***
    എന്തുകൊണ്ടോ ഈയടുത്ത നാളുകളില്‍ ചു.ചൂ.വിനെ ദീര്‍ഘദീര്‍ഘമായി ഓര്‍ത്തുകൊണ്ടിരിക്കുന്നു. കുട്ടന്മേനോനും പെരിങ്ങോടനും (പിന്നെ ആരൊക്കെയുണ്ടെന്നറിയില്ല,) കൂടി ഉണ്ടാവില്ലേ എന്തെങ്കിലുമൊക്കെ ഓര്‍ക്കാന്‍?

    എന്തെങ്കിലുമൊക്കെ എഴുതണം. ആരെഴുതും?

     
  • At 1:58 AM, Blogger Sreejith K. said…

    ആദ്ധ്യാപകരെ ഇത്രയധികം ബഹുമാനിക്കേണ്ട കാര്യം എനിക്കിത്രകാലമായിട്ടും മനസ്സിലായിട്ടില്ല. അവര്‍ തങ്ങളുടെ ജോലി അല്ലേ ചെയ്യുന്നത്? പിന്നെ, അറിവ് പകര്‍ന്ന് കൊടുക്കുന്നതാണോ അവരുടെ മഹത്വം? ഞാനൊന്ന് ചോദിച്ചോട്ടേ, ആരാണ് അറിവ് പകര്‍ന്ന് കൊടുക്കാത്തത്?

    ഓ.ടോ: ബ്ലോഗ് സ്വന്തം ഡയറിക്കുറിപ്പാക്കിയവരില്‍ പ്രധമസ്ഥാനം ദുര്‍ഗ്ഗയ്ക്ക്. ;)

     
  • At 2:14 AM, Blogger വിശ്വപ്രഭ viswaprabha said…

    ശ്രീജിത്തേ,
    കുപ്പിപ്പാലു കുടിച്ചും മുലപ്പാലു കുടിച്ചും വളരാം.
    കുപ്പിപ്പാലു കുടിച്ചാല്‍ വിവരം കിട്ടും. മുലപ്പാലു കുടിച്ചാല്‍ വിവരവും കിട്ടും പിന്നൊരു സാധനവും കിട്ടും.
    അളന്നുതൂക്കാന്‍ പറ്റാത്ത ആ സാധനമാണ് “ഗുരുത്വം”.

    ചില അമ്മമാര്‍ക്കേ അതു തരാനാവൂ.
    ഇപ്പോ അധികവും കുപ്പിപ്പാലാണ് കിട്ടുന്നത്.
    അഞ്ചും പത്തും ലക്ഷത്തിന്റെ ഹോര്‍മ്മോണ്‍ ദുര്‍മ്മേദസ്സില്‍നിന്നും പാലൂറില്ല.

    ***
    ക്ഷമിക്കണം, ഒരു ഓണ്‍ ടോപ്പിക്ക്: ദുര്‍ഗ്ഗയുടെ ബ്ലോഗ്ഗ് ഞാന്‍ സ്ഥിരമായി വളരെശ്രദ്ധിച്ചുവായിക്കുന്ന ഒന്നാണ്.
    ലളിതം, മനോഹരം, നിര്‍മ്മലം!

     
  • At 2:47 AM, Blogger കിരണ്‍ തോമസ് തോമ്പില്‍ said…

    ശ്രീജിത്ത്‌ പറഞ്ഞതിലും കാര്യമുണ്ട്‌. അദ്ധ്യാപകര്‍ അവരുടെ ജോലി ചെയ്യുന്നു. ഭൂരിപക്ഷവും അവരുടെ ജോലിയായി മാത്രം കരുതുന്നവരാണ്‌. പിന്നേ ഗുരു ഭക്തിക്ക്‌ നമ്മുടെ പാരമ്പര്യവുമായി ഒരു ബന്ധമുണ്ട്‌ . പ്രതിഫലേഛയില്ലാതേ വിദ്യപകര്‍ന്നിരുന്ന ഒരു തലമുറയുണ്ടയിരുന്നു പണ്ട്‌. അതു കൊണ്ടാണ്‌ മാത പിതാ ഗുരു ദൈവമെന്ന്‌ നാം പറഞ്ഞിരുന്നത്‌. ഈ പാരമ്പര്യത്തിന്റെ ബലത്തിലാണ്‌ അദ്ധ്യാപകര്‍ ഇപ്പോഴും വിലയിരുത്തപ്പെടുന്നത്‌. ശമ്പള വര്‍ദ്ധനക്കു വേണ്ടി 1 മാസ്സത്തില്‍ക്കൂടുതല്‍ സമരം ചെയ്തവരാണ്‌ നമ്മുടെ പുതു അദ്ധ്യാപക തലമുറ. അദ്ധ്യാപകരേ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനം കൊണ്ടുവന്നപ്പോള്‍ എതിര്‍ത്തു തോല്‍പ്പിച്ചു ഇവര്‍. വിദ്യ പകരുന്നതിനേക്കാള്‍ അവകാശം സംരക്ഷിക്കാനാണ്‌ ഇപ്പോള്‍ ഇവര്‍ കൂടുതല്‍ ശ്രമിക്കുന്നത്‌. ഒരു കാര്യം കൂടി പുതിയ വിദ്യാഭ്യാസ പദ്ധതി സര്‍ക്കാര്‍ കൊണ്ടു വന്നപ്പോള്‍ തങ്ങള്‍ക്ക്‌ അധ്യനഭാരം കൂടുതലാണ്‌ എന്നതിനാല്‍ എതിര്‍ത്തു തോല്‍പ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. നാമിന്നും പഴയ അധ്യാപക തലമുറയുടെ മധുരമുള്ള ഗൃഹാതുരത്ത്ത്തിലാണ്‌ എന്നാല്‍ ഇവര്‍ ഇന്ന് അധ്യാപക തൊഴിലാളികളാണ്‌

     
  • At 2:56 AM, Blogger Sreejith K. said…

    കൊച്ചിന്‍ യൂനിവേര്‍സിറ്റി ഐ.ഐ.റ്റി ആക്കാന്‍ നോക്കിയപ്പോള്‍ അവിടുത്തെ അദ്ധ്യാപകര്‍ അതിനെ എതിര്‍ത്ത് സമരം വരെ നടത്തി. കാരണം: ഐ.ഐ.റ്റി ആക്കിയാല്‍ എല്ലാ അദ്ധ്യാപകരും നിര്‍ബന്ധമായി പി.എച്ഛ്.ഡി എടുക്കണം. പഠിപ്പിക്കാനുള്ള സാമര്‍ദ്ധ്യം സ്വയം പഠിക്കേണ്ട ഒരു അവസ്ഥ വന്നപ്പോള്‍ കാറ്റത്ത് പറന്നു. ഇവരെ എങ്ങിനെ ബഹുമാനിക്കണം എന്നാണ് ദുര്‍ഗ്ഗ പറയുന്നത്? അതിന് എന്നെക്കിട്ടൂല.

     
  • At 3:08 AM, Blogger Durga said…

    ദ്രോണാചാര്യര്‍ മൈന്‍ഡ് ചെയ്യാതിരുന്നിട്ടും ഏകലവ്യന്‍ ഭക്തിയോടെ തന്റെ പെരുവിരല്‍ ദക്ഷിണ വയ്ക്കാന്‍ തയ്യാറായില്ലേ? അതാണ് യഥാര്‍ത്ഥ ഗുരുഭക്തി! നമ്മെ സ്നേഹിച്ചില്ലെങ്കിലും നമുക്കു ബഹുമാനിക്കാതിരിക്കാനാവില്ല..അതു ശിഷ്യഗണത്തിന്റെ ദൌര്‍ബ്ബല്യമാണ്.

     
  • At 3:12 AM, Blogger മുല്ലപ്പൂ said…

    ഇക്കാര്യത്തില്‍ ദുര്‍ഗയുടെ കൂടെയോ, ശ്രീജിയുടെ കൂടെ യൊ ഞാനില്ല.

    ഒന്നാം ക്ലാസ്സില്‍ സ്വന്തം കുട്ടിയെക്കാളേറെ മറ്റു കുട്ടികളെ സ്നേഹിച്ച കര്‍ത്താവു സാറിനോട് , ആവാം ഗുരുഭക്തി.

    പക്ഷേ, പ്രൊഫഷണല്‍ കോളേജില്‍, സ്വന്തം കടമ പേരിനു പോലും നിര്‍വഹിക്കാത്ത സാറിനോട് എന്തു ഗുരുഭക്തി.

     
  • At 3:18 AM, Blogger മുല്ലപ്പൂ said…

    ചോദ്യം ദുര്‍ഗയോട്,
    എന്തുകൊണ്ട് പെരുവിരല്‍ ആവശ്യപ്പെട്ടു?
    “ശിക്ഷണം, അതു പരോക്ഷമായിരുന്നെങ്കിലും, മികവുറ്റതായിരുന്നു.”

    അതല്ലേ കാരണം.

     
  • At 3:41 AM, Blogger ജ്യോതിര്‍മയി /ज्योतिर्मयी said…

    ദുര്‍ഗ്ഗ, (ദുര്‍ഗ്ഗേ എന്നെങ്ങിനെയെഴുതും?)

    നന്നായി.

    ഒരു ചെറിയ വിശദീകരണം അസ്ഥാനത്താവില്ലെന്നു കരുതുന്നു.

    ശിഷ്യന്‍ നേടേണ്ട വിദ്യാഭ്യാസമെല്ലാം നേടി, സമൂഹത്തില്‍ ജീവിയ്ക്കാന്‍ [giving more than what one takes; produsing more than what one consumes!?]സമര്‍ഥനായി എന്നു കണ്ട്‌ ഉപനിഷദാചാര്യന്‍ അവനെ സമാവര്‍ത്തനം (graduation) നടത്തി യാത്രയാക്കുന്ന സമയത്ത്‌ ഉപദേശിയ്ക്കുന്ന വാക്യങ്ങളാണ്‌-

    "മാതൃദേവോ ഭവ,
    പിതൃദേവോ ഭവ
    ആചാര്യദേവോ ഭവ
    അതിഥിദേവോ ഭവ"
    എന്നത്‌.

    അര്‍ഥം-

    നീ മാതൃദേവനായിത്തീരൂ...
    അഥവാ, അമ്മ നിനക്ക്‌ കണ്‍കണ്ടദൈവമാകട്ടെ, അച്ഛന്‍ നിനക്ക്‌ കണ്‍കണ്ട ദൈവമാകട്ടെ, ആചാര്യന്‍ നിനക്ക്‌ കണ്‍കണ്ടദൈവമാകട്ടെ, എന്നിങ്ങനെ. അമ്മയാകട്ടെ നിനക്ക്‌ ഈശ്വരന്‍, അച്ഛനാകട്ടെ നിനക്ക്‌ ഈശ്വരന്‍, ആചാര്യനാവട്ടെ നിനക്കീശ്വരന്‍... എന്നു തന്നെ.
    പൂവിലും പുഴുവിലും നദിയിലും മലയിലും ഒക്കെ ഈശ്വരചൈതന്യം കാണാന്‍ പരിശീലിയ്ക്കുന്ന നമുക്ക്‌
    ഇത്‌ ഉത്തേജനം നല്‍കുന്നു, ആശയക്കുഴപ്പം സൃഷ്ടിക്കുന്നില്ല.

     
  • At 3:45 AM, Blogger മനോജ് കുമാർ വട്ടക്കാട്ട് said…

    ഒരു മനുഷ്യക്കുഞ്ഞിന്റെ വളര്‍ച്ചയ്കിടയില്‍ അച്ചനും അമ്മയും കഴിഞ്ഞാല്‍ അവനെ/അവളെ സ്വാധീനിക്കുന്ന അടുത്ത വ്യക്തി തീര്‍ച്ചയായും അദ്ധ്യാപകന്‍ തന്നെ. കാലഘട്ടത്തിനനുസരിച്ച്‌ കാഴ്ചപ്പാടില്‍ വന്ന വ്യതിയാനമാണ്‌ അദ്ധ്യാപന്റെ role നെക്കുറിച്ചുള്ള സംശയങ്ങള്‍ ഉയര്‍ത്തിയത്‌. ഇതിന്‌ പ്രധാന കാരണക്കാര്‍ അദ്ധ്യാപക വര്‍ഗ്ഗം തന്നെ.
    "നീയൊന്നും പഠിച്ചില്ലെങ്കിലും മാസം ഒന്നാം തീയതി കൃത്യമായി ശമ്പളം എനിക്കു കിട്ടുമെന്ന്" സര്‍ക്കാര്‍ അദ്ധ്യാപകനും, "ലക്ഷങ്ങള്‍ എണ്ണിക്കൊടുത്താണ്‌ താന്‍ പോസ്റ്റ്‌ ഒപ്പിച്ചത്‌, മനസ്സുണ്ടെങ്കില്‍ പഠിച്ചാല്‍ മതിയെന്ന്" എയ്ഡഡ്‌ സ്കൂള്‍ അദ്ധ്യാപകനും തുറന്നടിക്കാന്‍ തുടങ്ങിയ നിമിഷം മുതല്‍ അദ്ധ്യാപകനും അദ്ധ്യാപനവും മാറ്റി നിര്‍വ്വചിക്കപ്പെട്ടു എന്നെനിക്ക്‌ തോനുന്നു.

     
  • At 3:48 AM, Blogger ജ്യോതിര്‍മയി /ज्योतिर्मयी said…

    ശ്രീജിത്തേ,

    കടമയേക്കാള്‍ അവകാശത്തിന്‌ മുന്‍തൂക്കം കൊടുക്കുന്നവരാണ്‌ എപ്പോഴും ആവലാതിപ്പെടുന്നവര്‍. അവകാശസ്ഥാപനസമരങ്ങള്‍ കൈകടത്തിയിട്ടുള്ള എല്ലാ മേഖലകളിലും ഈയൊരു വിഷം കലക്കിയിട്ടുണ്ട്‌.

    ഏതു കര്‍മ്മവും മഹത്താണ്‌. 'ഈ രംഗത്ത്‌ എനിയ്ക്കിനി എന്തെല്ലാം ചെയ്യാന്‍ പറ്റും? എന്റെ roleഇനിയും നന്നാക്കാന്‍, പുത്തന്‍ സാധ്യതകള്‍ എന്തൊക്കെ' എന്നെല്ലാം കണ്ടെത്തി ചെയ്യുന്നവര്‍ ഉത്സാഹത്തോടെ അവരവരുടെ ജോലി ചെയ്യും. അവര്‍ക്ക്‌ ജോലി രസമാണ്‌. ഭാരമല്ല. അവരെ ചൂഷണം ചെയ്യാന്‍ ആരും മുതിരാതിരിയ്ക്കുമ്പോള്‍ എല്ലാം നന്നായി നടക്കും.

    ടീച്ചര്‍ പഠിപ്പിയ്ക്കുന്നുണ്ടെങ്കില്‍, അവന്‍/അവള്‍ ശമ്പളം വാങ്ങുന്നുണ്ടല്ലോ. ജോലിയ്ക്കു കൂലി അല്ലേ? ആ മാനസികാവസ്ഥയോടെ ജോലിയെടുക്കുന്നവരെല്ലാം കൂലിയുടെ അടിമകളാണ്‌. അതെ, ജോലിയുടേയും അടിമ.

     
  • At 3:54 AM, Blogger Durga said…

    കള്ളനാണയങ്ങള്‍ എല്ലാ തുറകളിലുമുണ്ടാകും. നന്മ എവിടെയുണ്ടോ അവിടെ തിന്മയുമുണ്ട്. വിളവു തിന്നുന്ന വേലികള്‍ എല്ലായിടത്തുമുണ്ട്. ഞാന്‍ പറഞ്ഞത് ശിഷ്യര്‍ക്കു ഗുരുവിനോടുള്ള കറയറ്റ ഭക്തിയെക്കുറിച്ച് മാത്രമാണ്. കച്ചവടവത്കരണം അധ്യാപനവൃത്തിയേയും കേവലം ഒരു ജോലിയായി മാത്രം കാണാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നുണ്ടാകാം. എന്നാല്‍ മൂല്യങ്ങള്‍ക്കു മരണമില്ല, ഉണ്ടായിക്കൂട.

    മുല്ലപ്പൂ, ദ്രോണാചാര്യര്‍ പെരുവിരല്‍ ചോദിച്ചത് തന്റെ അരുമശിഷ്യനെ രക്ഷിക്കാനായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഏകലവ്യനോട് വാത്സല്യം തെല്ലും ഉണ്ടായിരുന്നില്ലെന്ന് ഭാരതത്തിലെങ്ങും പറഞ്ഞു കാണുന്നില്ല. ചതിയോ നയതന്ത്രമോ എന്നു വ്ഏര്‍തിരിച്ചറിയാനാകാത്തവ നിറഞ്ഞ ഏടുകളല്ലേ ഭാരതകഥയിലെങ്ങും?

     
  • At 3:59 AM, Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said…

    ശ്രീജിത്തിണ്റ്റെ വാക്കുകള്‍ എണ്റ്റെ ഗുരുക്കന്‍മാരെക്കുറിച്ച്‌ എനിക്കുള്ള ബഹുമാനം ഒന്നുകൂടി കൂട്ടൂവാന്‍ സഹായിച്ചു.

    ദൈവാധീനമായിരിക്കാം ഞങ്ങള്‍ക്ക്‌ കിട്ടിയത്‌ നല്ല ഗുരുനാഥന്‍മാരെയായിരുന്നു, അല്ലാതെ അതില്‍ ധ്വനിച്ച പോലെ "ജോലിചെയ്തിട്ടു" പോകുന്നവരായിരുന്നില്ല. അവര്‍ ആ തരക്കാരല്ലായിരുന്നെങ്കില്‍ ഞാനൊന്നും ഇങ്ങിനെയാകുമായിരുന്നോ എന്നുപോലും സംശയമാണ്‌.

    എണ്റ്റെ ഗുരുക്കന്‍മാരെ ഒന്നുകൂടി പ്രണമിക്കാന്‍ ഈ അവസരം ഞാനുപയോഗിക്കട്ടെ.

    പിന്നെ ദ്രോണരുടെ കാര്യം (ദുര്‍ഗയോടുള്ള ചോദ്യത്തിന്‌) വിശദമായിട്ടെഴുതേണ്ടതുണ്ട്‌.

    "യദാ യദാ ഹായ്‌ ധര്‍മ്മസ്യ ഗ്ളാനിര്‍ഭവതി ---" അന്നേരം അധര്‍മ്മികളെ കൊള്ളാന്‍ ഞാന്‍ വരും എന്നു പറഞ്ഞ കൃഷ്ണന്‍ നയിച്ച സേനയില്‍ ദ്രോണരില്ലായിരുന്നു എന്നും, കൃഷ്ണന്നെതിരായ സൈന്യത്തിണ്റ്റെ നായകനായിരുന്നുവെന്നും കൂടി ഓര്‍ക്കുക,

     
  • At 4:48 AM, Anonymous Anonymous said…

    പ്രതികരണണ്‍ഗള്‍ വായിച്ചു. പലര്‍ക്കും വളരെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍. നമുക്ക് ആയിരക്കണക്കിന് അധ്യാപകരുണ്ട്, അവരാരും ഗുരുക്കന്മാരാവണമെന്നില്ല. അധ്യാപനം തൊഴിലാണ്. നിരവധി ഗുരുക്കന്മാരെ ഞാന്‍ കണ്ട്ട്ടുണ്ട്. പല തവണ. ഗുരുവിന്‍റെ ഹൃദയം അനുഭവിച്ചിട്ടുണ്ട്. അവരാരും എന്നെ സ്ക്കൂളിലോ കോളെജിലോ പഠിപ്പിച്ചിട്ടില്ല.

     
  • At 6:19 AM, Blogger ഡാലി said…

    ഞാന്‍ ദുര്‍ഗ്ഗയോടും യോജിക്കുന്നു, ശ്രീജിത്തിനോടും യോജിക്കുന്നു.

    രണ്ട് വഞ്ചിയിലും കാല്. അപ്പോള്‍ വിശദീകരണം വേണം.

    സ്കൂളില്‍ പഠിപ്പിച്ച പ്രതിഭ ടീച്ചറിനെ ഓര്‍ക്കുമ്പോള്‍ എനിക്ക് ദുര്‍ഗ്ഗയെ പോലെ വാക്കുകള്‍ കിട്ടാതാവുന്നു. ആ സിന്ദൂരം തൊട്ട നെറ്റി ദേ ഇപ്പഴും ഞാന്‍ കാണുന്നു. നാട് വിടുന്നതിനും മുന്‍പ് റബ്ബര്‍ ചെരിപ്പിട്ട ആ കാലില്‍ ഞാന്‍ തൊട്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞെങ്കില്‍ അത് ഗുരുഭക്തി തന്നെ.

    ഏറ്റവും വലിയ ക്ലാസ്സില്‍ പഠിപ്പിച്ച ചില അദ്ധ്യാപകര്‍ ഒരുക്ലാസ്സ് പോലും പഠിപ്പിക്കാതെ പൊതുകാര്യം പറഞ്ഞിരിക്കുന്നത് കണ്ടപ്പോള്‍‍ ശ്രീജിത്ത് പറഞ്ഞ വികാരം ഞാനും അനുഭവിച്ചു.

    പക്ഷേ ഗുരു എന്നു വിളിക്കപ്പെടേണ്ടവന്റെ നിര്‍വചനം ആദ്യ അനുഭവത്തില്‍ ഒതുക്കി നിര്‍ത്താനായതുകൊണ്ട് എന്റെ ഗുരുക്കളെല്ലാം എനിക്കാരാധ്യര്‍.

     
  • At 8:54 AM, Blogger myexperimentsandme said…

    എന്റെ കൂട്ടുകാരന്‍ എല്ലാ രീതിയിലും ബഹുമാനിക്കുന്ന, അവനോട് പ്രത്യേകമായി മമതയൊന്നുമില്ലാത്ത ഒരു അദ്ധ്യാപകനെ എനിക്ക് ബഹുമാനിക്കാന്‍ തോന്നുന്നില്ലെങ്കില്‍ (നേരേ തിരിച്ചും) പ്രശ്‌നം ഈ പറയുന്ന ശിഷ്യഗണങ്ങളുടേതുമാണെന്നാണ് എനിക്ക് തോന്നുന്നത്.

    സ്കൂളിലെ രീതിയല്ല പ്രൊഫഷണല്‍ കോഴ്‌സുകളില്‍. പക്ഷേ അവിടെയും നമുക്ക് ഗുരുക്കന്മാരെ ബഹുമാനിക്കാം. ബഹുമാനിക്കാനും കണ്ടീഷനുകള്‍ വേണോ നമുക്ക്?‍

    പ്രൊഫഷണല്‍ കോളേജുകളില്‍ ചില അദ്ധ്യാപകര്‍ ക്ലാസ്സില്‍ വരുന്നില്ലായിരിക്കാം. പക്ഷേ എത്രപേര്‍ അവരുടെ അടുത്ത് പോയി സംശയം ചോദിക്കുന്നുണ്ട്? അദ്ധ്യാപകര്‍ അവകാശങ്ങള്‍ ചോദിക്കുന്നു എന്ന് പറയുന്ന വിദ്യാര്‍ത്ഥികളില്‍ എത്ര പേര്‍ അവരുടെ കടമകളായ നേരാം‌വണ്ണം പഠനം, വായന, ലൈബ്രറിയില്‍ പോക്ക് തുടങ്ങിയവ നടത്തുന്നു? ജ്യോതിടീച്ചറിന്റെയും ഉമേഷ്‌ജിയുടെയും പോസ്റ്റുകളില്‍ പണ്ട് പറഞ്ഞതുപോലെ ഒരു അവര്‍ ഫ്രീ കിട്ടിയാല്‍ മലര്‍ക്കെ തുറന്ന് കിടക്കുന്ന ലൈബ്രറി വാതിലിന്റെ മുന്നിലൂടെയും ടീച്ചര്‍മാരുടെ റൂമിനു മുന്നിലൂടെയും സിനിമാ തീയറ്ററിലേക്ക് ഓടുന്ന നമ്മളാണ് അദ്ധ്യാപകരുടെ കടമകളെപ്പറ്റി ഏറ്റവും ആദ്യം ആവേശം കൊള്ളുന്നത്

    ഏതു മേഖലയിലുമുള്ള ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ അദ്ധ്യാപന മേഖലയിലുമുണ്ട്. പക്ഷേ ഇങ്ങോട്ടൊന്നും ആഗ്രഹിക്കാതെ ഏതൊരു വിദ്യാര്‍ത്ഥിക്കും ചെയ്യാവുന്ന ഒരു കാര്യമാണ് പഠിപ്പിക്കുന്ന അദ്ധ്യാപകനെ ബഹുമാനിക്കുക എന്നത്-യാതൊരു കണ്ടീഷനുമില്ലാതെ. അതുകൊണ്ട് ഗുണമേ വരൂ.

    (ശ്രീജിത്തേ, കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകര്‍ ഐ.ഐ.റ്റി ആക്കുന്നതിനെതിരെ പി.എച്ച്.ഡി എടുക്കണമെന്നതിന്റെ പേരില്‍ സമരം നടത്തിയോ?)

     
  • At 9:06 AM, Blogger രാജേഷ് പയനിങ്ങൽ said…

    ഗുരുത്വം എന്ന വാക്കില്‍ നിന്നാണോ ഗുരു ഉണ്ടായത്.?
    അതോ ഗുരു വില്‍ നിന്നും ഗുരുത്വമോ.

    ആദ്യാക്ഷരം പറഞ്ഞുതന്ന അധ്യാപകനും അവസാന വര്‍ഷ പ്രൊജെക്‍റ്റിന്‍റെ ഗൈഡിനും ഇടയില്‍,എനിക്ക് അറിവ് പകര്‍ന്ന് തന്ന ഒരുപാട് പേര്‍. അതില്‍ ആരൊ ഓരാള്‍ ഏന്നെ ഞാനായിത്തീരുന്നതില്‍ ഏറെ സ്വാധീനിച്ചിരിക്കുന്നു.

    അയാള്‍ ക്ലാസ്മുറിയുടെ നാലുചുവരുകള്‍ക്കും പുറത്ത്, കവലകളിലും, അമ്പലപ്പറമ്പിലും വച്ച് കണ്ടാലും എന്നെ തിരിച്ചറിഞ്ഞിരുന്നു.എന്നോട് ചിരിച്ചിരുന്നു.
    എന്‍റെ അചനേയും, അമ്മയേയും അനിയനേയും അയാള്‍ക്കറിയാമായിരുന്നു.അവര്‍ക്ക് സുഘമാണൊ എന്ന് പിന്നീട് കാണുമ്പോള്‍ എല്ലാം അയാള്‍ ചോദിച്ചിരുന്നു.

    പഠിപ്പിക്കേണ്ട പാഠങ്ങളില്‍ നിന്നും മാറി എന്‍റെ കയ്യക്ഷരം നന്നാക്കേണ്ടതിനെപ്പറ്റി പറഞ്ഞു തന്നത് അയാളാണ്.വായിക്കേണ്ട പുസ്തകങ്ങളുടെ പേരുകള്‍ പറഞ്ഞ് തന്നതും അയാള്‍ തന്നെ.
    .....................
    .....................
    ....................
    ......................
    അയാളെ മാത്രം ഞാന്‍ ഗുരു എന്ന് വിളിക്കും.
    ബാക്കിയുള്ളവര്‍ വെറും അധ്യാപകര്‍.

     
  • At 12:06 AM, Blogger തറവാടി said…

    കവിത ഇഷ്ടപ്പെട്ടു

     

Post a Comment

<< Home