Durga

the travelogue of life

Monday, October 23, 2006

നാരായണീയം.

‘നാരായണീയ‘ത്തോടുള്ള എന്റെ ഭ്രമം തുടങ്ങുന്നത് കുട്ടിക്കാലത്ത് ക്ഷേത്രത്തില്‍ നിന്നും വെളുപ്പിനു അതു കേട്ടുണര്‍ന്നു തുടങ്ങിയതു മുതല്‍ക്കാണ്‍. “മോളതൊന്നു കാണാതെ പഠിച്ച് പാടൂ” ന്നു എന്നെ വളരെ ഇഷ്ടമായിരുന്ന ഷാരസ്യാരമ്മൂമ്മ പറഞ്ഞതോടെ ഇഷ്ടം മൂത്തു.ബിരുദതലത്തിലെത്തിയപ്പോള്‍ ഒരിക്കല്‍ ക്ഷേത്രത്തിലെ പൂജാരിയോട് ആ കാസറ്റ് കടം വാങ്ങി, ഒരു ദിവസത്തേയ്ക്കായി. വേറെ ഒരു കാസറ്റില്‍ റെക്കോര്‍ഡ് ചെയ്തു.
പിന്നെ പഠനം തുടങ്ങി. എനിക്കേറ്റവും ഇഷ്ടം ‘യോഗീന്ദ്രാണാം..’ എന്ന ശ്ലോകമാണ്! അതാണേറ്റവുമാദ്യം മന:പാഠമാക്കിയതും. കഷ്ടിച്ച് മൂന്നാലു ശ്ലോകം പഠിച്ചുകാണും...പരീക്ഷച്ചൂടിലോ മറ്റോ മുങ്ങിപ്പോയി. സംസ്കൃതം അറിയാഞ്ഞിട്ടോ ഭക്തി പോരാഞ്ഞിട്ടോ അര്‍പ്പണമനോഭാവമില്ലാഞ്ഞിട്ടോ എന്തുകൊണ്ടോ എനിക്കു ഇതുവരെ സാധിക്കാത്ത(‘അസാധ്യം‘ എന്ന ഒന്ന് ഇല്ല. ഇച്ഛാശക്തി കുറയുമ്പോള്‍ ആള്‍ക്കാര്‍ ആശ്രയിക്കുന്ന ഒരു പദമാ‍ണത്) ഒരു ആഗ്രഹമായി അതു തുടരുന്നു..
ഇടയ്ക്കിടെ ഗുരുവായൂരപ്പനെ സന്തോഷിപ്പിക്കാന്‍ “സാന്ദ്രാനന്ദ..” യും യോഗീന്ദ്രാണാ”മും മാത്രം ചൊല്ലി നടുക്ക് ‘etc ‘ ഇടും...ബാക്കിയൊക്കെ അങ്ങേയ്ക്കറിയാലോ ന്ന മട്ടില്‍ നോക്കി ഒന്നു ചിരിക്ക്യേം ചെയ്യും.;)

അതുകൊണ്ട് എപ്പോള്‍ എവിടെയതു കേട്ടാലും മനസ്സ് തുള്ളിച്ചാടും-ഗുരുവായൂരെത്തും. പി ലീലയുടെ ശബ്ദത്തില്‍ തന്നെ അതുകേട്ടാലേ പൂര്‍ണ്ണസംതൃപ്തി കിട്ടൂ. എത്ര അനുഗൃഹീതയാണവര്‍, അല്ലേ?എത്രയോ വട്ടം ‘റിപ്പീറ്റ്’‘ കൊടുത്തു കേട്ടിരിക്കുന്നു ചില ദിവസങ്ങളില്‍....മുഴുവന്‍ കേട്ടുകഴിയുമ്പോള്‍ ഒന്നും മനസ്സിലായില്ലെങ്കിലും ‘എല്ലാം’ മനസ്സിലായ പ്രതീതിയാണ്! :-) തീര്‍ത്ഥവും ചന്ദനവും പുരണ്ട തുളസിയിലയുടെ ഗന്ധവും വെണ്ണയുടെ സ്വാദും നൂറേകാദശികളുടെ പുണ്യവുമാണ് അതിലെ ഓരോ ശ്ലോകത്തിനും!

7 Comments:

 • At 1:40 AM, Blogger പെരിങ്ങോടന്‍ said…

  നാരായണീയം എഴുതി തുടങ്ങുന്നതിനു മുമ്പേ എഴുത്തച്ഛന്റെ ഉപദേശം അറിയാന്‍ മേല്പത്തൂര്‍ ആളെ പറഞ്ഞയക്കുകയുണ്ടായി. മേല്പത്തൂരിനോടു ‘മീന്‍‌തൊട്ടുകൂട്ടിക്കോളൂ’ എന്നായിരുന്നുവത്രെ എഴുത്തച്ഛന്‍ പറഞ്ഞതു്. അതിന്റെ നിഗൂഢാര്‍ഥം ഗ്രഹിച്ച മേല്പത്തൂര്‍ മത്സ്യാവതാരം മുതല്‍ കാവ്യസൃഷ്ടി തുടങ്ങി എന്നാണു കഥ. എഴുത്തച്ഛന്റെ ആ വാക്കു്, വരേണ്യ-സംസ്കൃത സാഹിത്യത്തിനോടു ഭാഷാകവിയായ എഴുത്തച്ഛന്‍ നടത്തിയ സാഹിതീയവിപ്ലവത്തിന്റെ സൂചകമാണെന്നു് ‘നിളയുടെ തീരങ്ങളിലൂടെ’ എന്ന കൃതിയില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു.

   
 • At 2:59 AM, Anonymous Anonymous said…

  വെറുതെ ഇത്‌ കൂടി ഒന്ന് വായിച്ചോളു,

  http://www.deshabhimani.com/varika/cover7.htm

   
 • At 4:04 AM, Anonymous Anonymous said…

  I read the "politics of prayer" by Dr.KP Krishnan Kutty. It was wonderful, touching all the aspect of prayer. Honestly speaking I am not able to pray (the so called prayer) for the last 4 or 5 years. It is not becaous I am an atheist but becaous of the attitude I have towards prayer. Prayer for me is silence. So whenever i go to temples or churches or any where, i simply am there.

   
 • At 4:59 AM, Blogger പെരിങ്ങോടന്‍ said…

  കാളിയാ, പ്രാര്‍ത്ഥന വ്യക്തി സ്വയം സൃഷ്ടിച്ചെടുക്കുന്ന ഏകാന്തതയില്‍ മനസ്സിന്റെ ഏകാഗ്രമായ വികാരപ്രകടനമാണു്. ഡോ.പി.കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞ കാര്യങ്ങള്‍ ആരാധനകളെ കുറിച്ചും അനുഷ്ഠാനങ്ങളെ കുറിച്ചുമാണു്, യഥാര്‍ത്ഥത്തില്‍ ഇവ പ്രാര്‍ത്ഥനയ്ക്കുള്ള സാഹചര്യം ഒരുക്കുന്ന കാറ്റലിസ്റ്റുകളാണു്. പ്രാര്‍ത്ഥന തികച്ചും സ്വകാര്യമായ ഒന്നാണെന്നാണു് എന്റെ തോന്നല്‍. കൂട്ടായി പ്രാര്‍ത്ഥിക്കുമ്പോഴും ഓരോരുത്തരും ഒറ്റയ്ക്കൊറ്റയ്ക്കാണു പ്രാര്‍ത്ഥിക്കുന്നതു്. തുളസി തന്ന ലിങ്കിലെ ലേഖകന്‍ പറയുന്നതുപോലെ പ്രാര്‍ത്ഥനയ്ക്കു രാഷ്ട്രീയമൊന്നുമില്ല, പക്ഷെ പ്രാര്‍ത്ഥനയെന്നു തെറ്റിദ്ധരിപ്പിച്ചു നടത്തുന്ന ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും രാഷ്ട്രീയമുണ്ടായേക്കാം. അത്തരത്തില്‍ ചില സ്യൂഡോ-പ്രാര്‍ത്ഥനകളുടെ കള്ളത്തരം തുറന്നുകാട്ടുകയായിരുന്നെന്നു തോന്നുന്നു ലേഖകന്റെ ഉദ്ദേശവും.

   
 • At 5:41 AM, Blogger അരവിശിവ. said…

  നാരായണീയവും ഗുരുവായൂരപ്പനും ഒരു തുളസിക്കതിരിന്റെ വാസനയോടെ,നറുവെണ്ണയുടെ നിറം പോലെ ചുറ്റിനും നിറച്ചതിനു നന്ദി...പീ ലീല അനുഗ്രഹീതയാണെന്നതില്‍ രണ്ടഭിപ്രായമില്ല...

   
 • At 6:23 PM, Blogger Sreekumar said…

  പാടാന്‍ അറിയാമെങ്കില്‍ പാടി റെക്കോര്‍ഡ്‌ ചെയ്തു ഇതില്‍ പോസ്ടികൊള്ളൂ..

   
 • At 11:35 PM, Blogger bhattathiri said…

  ഹന്ത! ഭാഗ്യം ജനാനാം

  മത്സ്യം തൊട്ടുകൂട്ടുക.’ പറഞ്ഞത്‌ തുഞ്ചത്തെഴുത്തച്ഛനും കേട്ടത്‌ മേല്‍പത്തൂര്‍ നാരായണന്‍ ഭട്ടതിരിയും. തുഞ്ചത്തെഴുത്തച്ഛന്‍ വെറുതെ പറയില്ല. മേല്‍പത്തൂര്‍ അതിന്റെ പൊരുള്‍ തേടിയപ്പോള്‍ ലഭിച്ചത്‌ മത്സ്യാവതാരം മുതലുള്ള ഭഗവാന്റെ ദശാവതാരം പഠിക്കാനുള്ള സന്ദേശം. അച്യുത പിഷാരടി എന്ന തന്റെ ഗുരുവിന്റെ വാതരോഗം യോഗബലത്താല്‍ മേല്‍പത്തൂര്‍ ഏറ്റെടുത്തതിന്റെ അവശത അറിയിച്ചപ്പോഴായിരുന്നു എഴുത്തച്ഛന്റെ ഉപദേശം. രോഗശമനത്തിനായി എഴുത്തച്ഛന്റെ നിര്‍ദ്ദേശാനുസരണം കൊല്ലവര്‍ഷം 761 (1587) ചിങ്ങം 19നാണ്‌ മേല്‍പത്തൂര്‍ ഗുരുവായൂരെത്തുന്നത്‌. 18000 ശ്ലോകങ്ങളുള്ള ഭാഗവതത്തിന്റെ ഉരുക്കഴിച്ച മേല്‍പത്തൂര്‍ ഭഗവാനോടുള്ള ഉള്ളുരുകിയ പ്രാര്‍ത്ഥനയായാണ്‌ നാരായണീയം രചിച്ച്‌ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ചത്‌. ഭാഗവതത്തിന്റെ സാരാംശം ചോരാതെ ഒരുദിവസം പത്ത്‌ ശ്ലോകം എന്ന കണക്കിലാണ്‌ നാരായണീയം മുഴുമിപ്പിച്ചത്‌. ചില ദിവസങ്ങളില്‍ പത്തില്‍ കൂടി. അങ്ങനെ, 1036 ശ്ലോകങ്ങള്‍.
  ‘സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം’ എന്നു തുടങ്ങിയ ആദ്യശ്ലോകം അവസാനിക്കുന്നത്‌ ‘തത്താവദ്ഭാതി സാക്ഷാദ്‌ ഗുരുപവനപുരേ, ഹന്ത! ഭാഗ്യം ജനാനാം’എന്ന വരിയോടെയാണ.്‌ നൂറാം ദശകം പൂര്‍ത്തിയാക്കിത ‘സ്ഫീതം ലീലാവതാരൈരിദമിഹ കുരുതാമായുരാരോഗ്യസൗഖ്യം’ എന്ന വരിയോടെയും. 1587 നവംബര്‍ 27നാണ്‌ ‘ആയുരാരോഗ്യസൗഖ്യം’ എന്ന അവസാന വാക്ക്‌ എഴുതിചേര്‍ത്ത്‌ മേല്‍പത്തൂര്‍ ദശകത്തിന്‌ സമാപ്തി കുറിച്ചതെന്നാണ്‌ കണക്കാക്കുന്നത്‌. ഇത്‌ മേല്‍പത്തൂരിന്റെ 27-ാ‍ം വയസ്സിലും. അവസാന ദശകം എഴുതിയതും സമര്‍പ്പിച്ചതും ഭഗവാന്റെ അതിമനോഹരവും തേജസ്സുറ്റതുമായ ദര്‍ശനത്തോടെയാണ്‌. താന്‍ കണ്ട ഭഗവാന്റെ കേശാദിപാദം വര്‍ണനക്കുശേഷം ‘ഈ ഭക്തികാവ്യം ഈ ലോകത്തില്‍ ആയുസ്സും ആരോഗ്യവും സൗഖ്യവും പ്രദാനം ചെയ്യട്ടെ എന്നാശിച്ചുകൊണ്ടാണ്‌. അതോടെ മേല്‍പത്തൂരിന്‌ പൂര്‍ണ ആരോഗ്യം വീണ്ടുകിട്ടുകയും ചെയ്തു.

   

Post a Comment

<< Home