Durga

the travelogue of life

Thursday, October 26, 2006

കൂടെയുണ്ടാവണം.


ഇതെനിക്ക് അപരിചിതമായ പാതയാണ്- ഈ വഴിക്ക് ആദ്യമാണ്.
മുന്നോട്ട് നീങ്ങട്ടെ ഞാന്‍? ഇതിലൂടെയുള്ള യാത്ര സുഖകരമാണ്, സ്വച്ഛശീതളമാണ്. ചുറ്റിനും സൌരഭ്യം പരത്തുന്ന പുഷ്പങ്ങള്‍ നിറഞ്ഞ ഉദ്യാനങ്ങള്‍, മുന്നോട്ട് പോകുന്തോറും മനോഹാരിത ഏറുന്നുണ്ടോ? കണ്ണടച്ച് ഞാനീ കൈ പിടിച്ചു കൊള്ളട്ടെ, ഒരു സഹയാത്രികന്റെ കരുതല്‍ പ്രതീക്ഷിച്ചുകൊള്ളട്ടെ? കൂടെയുണ്ടാവണം.

പാത നിര്‍മ്മിച്ചവര്‍ക്കും വഴി കാണിക്കാനാവാത്ത ഇടങ്ങളുണ്ടാകാമിതുവഴി പോകുമ്പോള്‍. വളവും തിരിവുമെല്ലാം നാം സ്വയം മനസ്സിലാക്കേണ്ടിയിരിക്കുന്നു, പുതിയവ വെട്ടിത്തെളിക്കേണ്ടിയിരിക്കുന്നു; കൂടെയുണ്ടാവണം.

തുടക്കത്തില്‍ അപരിചിതത്വം എന്നെ നിന്നില്‍ നിന്നകറ്റിയിരുന്നു, എന്നാല്‍ കാലടികളിലെ ഐകരൂപ്യം നമ്മെ അടുപ്പിച്ചു.ഇപ്പോള്‍ ഭയം അശേഷമില്ല; കൂടെയുണ്ടാവണം.
ഇതാ പാതയോരത്തെ തടാകത്തില്‍ ഞാനെന്റെ മുഖം ഒരു നോക്കു കണ്ടു. ഇതു ഞാന്‍ തന്നെയോ എന്ന് സംശയിച്ചു പോകും വിധം ഏറിയിരിക്കുന്നു സൌന്ദര്യം! യാത്രാക്ഷീണത്താല്‍ അതിനു കോട്ടം തട്ടിയാലും, കൂടെയുണ്ടാവണം.
പോയകാലങ്ങളിലെപ്പോഴൊക്കെയോ ഒറ്റയ്ക്കല്ലാത്ത ഈ യാത്ര ഞാന്‍ സ്വപ്നം കണ്ടിരുന്നതു തന്നെയാണ്; എന്നാല്‍ അപ്പോഴൊക്കെ നിന്റെ മുഖം അവ്യക്തമായിരുന്നു. ഇനിയങ്ങോട്ട്...കൂടെയുണ്ടാവണം.

വാചാലസുന്ദരമായ ഈ മൌനസംവാദത്തിലൂടെ നാമിത്രദൂരം പിന്നിട്ടു; ഇനിയും, എന്നും...കൂടെയുണ്ടാവണം.

കാവിവസ്ത്രമുടുത്ത ഒരു രുദ്രാക്ഷഭസ്മധാരിണിയായി, ഒരു യോഗിനിയായുള്ള ആത്മതപോസഞ്ചാരത്തിന്റെ ഫലപ്രാപ്തിയെന്നോണം തെളിഞ്ഞുവന്ന ഈ പാതയുടെ വില നന്നായറിയാമെനിക്ക്, നിന്റെയും. അതുകൊണ്ട്, കൂടെയുണ്ടാവണം.

12 Comments:

  • At 3:20 AM, Blogger മുസാഫിര്‍ said…

    നല്ല വരികള്‍ ദുര്‍ഗ്ഗ,

     
  • At 3:28 AM, Blogger ചില നേരത്ത്.. said…

    പുതിയ വഴിയില്‍ പാരിജാതം പരിമണം പരത്തട്ടെ,
    എക്കാലത്തും വസന്തം വിരിയുന്ന ഋതുവാകട്ടെ ജീവിതം,
    പുതിയ പറവകള്‍ നിങ്ങളെ തേടിയെത്തട്ടെ.
    പുതിയ കാലത്തേക്ക് വാതില്‍ തുറക്കുമ്പോള്‍, എന്റെയും എന്റെ നല്ലപാതിയാകാനിരിക്കുന്നവളുടേയും ആശംസകള്‍!!!
    -ibru-

     
  • At 4:17 AM, Blogger സുല്‍ |Sul said…

    തുടക്കത്തില്‍ അപരിചിതത്വം എന്നെ നിന്നില്‍ നിന്നകറ്റിയിരുന്നു, എന്നാല്‍ കാലടികളിലെ ഐകരൂപ്യം നമ്മെ അടുപ്പിച്ചു.ഇപ്പോള്‍ ഭയം അശേഷമില്ല; കൂടെയുണ്ടാവണം.

    കൂടെയുണ്ടാവും ദുര്‍ഗ്ഗ. നന്നായിരിക്കുന്നു.

     
  • At 5:24 AM, Blogger ഞാന്‍ ഇരിങ്ങല്‍ said…

    കഥയായി കണക്കുകൂട്ടാന്‍ പറ്റില്ലെങ്കിലും വെറുതെ വായിക്കാം അതിലുമുണ്ടൊരു സുഖം അല്ലെ?
    എന്നും കൂടെ ഉണ്ടാവണം.
    കൂരിരിട്ടത്ത് പൂര്‍ണ്ണ ചന്ദ്രനെ കാണുവാന്‍
    കൂടെയുണ്ടാകണം

    കഥകള്‍ പറഞ്ഞ് പറഞ്ഞ് കണ്ണുകള്‍ നനയുവാന്‍
    കൂടെയുണ്ടാ‍കണം

    ചിരിച്ച് ചിരിച്ച്
    പൊട്ടിച്ചിരിക്കാന്‍
    കൂടെ ഉണ്ടാകണം
    അങ്ങിനെ അങ്ങിനെ
    എല്ലാത്തിനും കൂടെ ഉണ്ടാകണം
    അല്ലേ...

     
  • At 5:36 AM, Blogger thoufi | തൗഫി said…

    പോയകാലങ്ങളിലെപ്പോഴൊക്കെയോ ഒറ്റയ്ക്കല്ലാത്ത ഈ യാത്ര ഞാന്‍ സ്വപ്നം കണ്ടിരുന്നതു തന്നെയാണ്; എന്നാല്‍ അപ്പോഴൊക്കെ നിന്റെ മുഖം അവ്യക്തമായിരുന്നു. ഇനിയങ്ങോട്ട്...കൂടെയുണ്ടാവണം.

    കൂടെയുണ്ടാകും,കൂടെയുണ്ടാകണം,കൂടെയുണ്ടായേ തീരൂ.അതിനാകട്ടേ പ്രാര്‍ത്ഥനകള്‍

     
  • At 5:55 AM, Anonymous Anonymous said…

    ഒന്നിച്ച്‌ നടക്കുമ്പൊള്‍,

    വഴികളിലൊക്കേയും പൂക്കള്‍ വിടര്‍ന്നു നില്‍ക്കുമായിരുന്നു.പുലരികള്‍ക്കൊക്കേയും ഇതുവരെ കാണാത്ത സൌന്ദര്യമായിരുന്നു.ഇതുവരെ കേള്‍ക്കാത്ത സിംഫണികൊണ്ടാരോ ഓറൊ ദിനങ്ങള്‍ക്കും പശ്ചാത്തല സംഗീതമൊരുക്കുമായിരുന്നു.

    പകുതി വഴിയില്‍ തനിച്ചായപ്പോള്‍,

    തിരിച്ച് നടക്കേണ്ട വഴികളില്‍ നിറയെ മുള്ളുകളായിരുന്നു. എങ്കിലും പകരമൊരു വഴിവെട്ടി ഞാന്‍ ഒറ്റയ്ക്ക് നടക്കുന്നു.എനിക്കറിയുന്ന സംഗീതം കൊണ്ട് ഞാന്‍ തന്നെയാണിന്ന് എന്റെ ദിനങ്ങള്‍ക്ക് പശ്ചാത്തലസംഗീതമൊരുക്കുന്നു.

    നിന്റെ മുന്നിലുള്ള വഴിയിലെന്നും പുക്കള്‍ തന്നെയാവട്ടെ.തിരിച്ച് നടക്കേണ്ടി വന്നാല്‍ പുതിയൊരു വഴിവെട്ടാന്‍ ത്രാണിയുണ്ടാവട്ടെ.

     
  • At 5:59 AM, Blogger Aravishiva said…

    യോഗമുണ്ടെങ്കില്‍ കൂടെയുണ്ടാവും..വെരി സിമ്പിള്‍:-)
    നന്നായി എഴുതിയിരിയ്ക്കുന്നു..ഇഷ്ടപ്പെട്ടു..

     
  • At 6:59 AM, Blogger thoufi | തൗഫി said…

    "എന്റെ നല്ലപാതിയാകാനിരിക്കുന്നവളുടേയും ആശംസകള്‍!!!"
    ഇബ്രൂ,എന്തായിത്‌?
    കൂടുവിട്ടു കൂടുമാറ്റം വേണമെന്നു തോന്നുന്നുണ്ടൊ?അതോ നമ്മുടെ മിടുക്കന്റെ വിശേഷമറിഞ്ഞപ്പോള്‍ ഉണ്ടായ ഉള്‍വിളിയോ...?ഏതായാലും അളിയന്‍സും ദില്‍ബുവും ശ്രീയും പച്ചാളവുമൊന്നും അറിയേണ്ട.

     
  • At 9:10 PM, Blogger Durga said…

    i wrote this in english too..;)


    The path is quite strange to me. I am here for the first time. Shall I take my steps ahead? I could see beautiful gardens filled with fragrance around so far, or r the unseen more beautiful? I am closing my eyes and holding your hand, be there always. Even those who made this way for us turn helpless to show the right path . We shud make our own way in this labyrinth; be there always. Gone are the days of timidity in me for you being a stranger, the uniformity in our footsteps pulled us closer; be there always. Just seen the reflection of my face in the pond beside, wondered at the surplus beauty seen there. It may diminish on the way when we get tired of this journey..still, be there always. In bygone days I used to dream of this path and the journey not alone, but ur face then did never come clear.now on, be there always. We conversed thru the bliss of silence so far; be there always.The long, dedicated saffron years turn fruitful to my soul here through you, and I know the real value of it; be there always.

     
  • At 10:32 AM, Blogger ദൈവം said…

    'വാചാലസുന്ദരമായ ഈ മൗനസംവാദം'
    കുട്ടീ, ആരുതന്നൂ നിനക്കീ അഭൗമമായ ഭാഷ?

     
  • At 1:03 AM, Blogger Sreejith K. said…

    ദുര്‍ഗ്ഗേ, വിവാഹമംഗളാശംസകള്‍. എല്ലാ നന്മകളും നേരുന്നു. ആഗ്രഹിച്ച് പോലെ നല്ല പാതി എല്ലായ്പ്പോഴും കൂടെയുണ്ടാകാന്‍ എന്റെ എല്ലാ പ്രാര്‍ത്ഥനകളും.

    ഓ.ടോ: ഇലയിടുമ്പോള്‍ ഒരെണ്ണം മാറ്റി വയ്ച്ചേക്കണേ. ഞാന്‍ എന്തായാലും ഉണ്ടാകും സദ്യയുണ്ണാന്‍.

     
  • At 1:14 AM, Blogger ഏറനാടന്‍ said…

    ദുര്‍ഘടമാം പാത വിട്ട്‌ സുഗമമാം പാതയിലേക്ക്‌ ഗമിക്കുവാന്‍ ദുര്‍ഗ്ഗയ്‌ക്കെന്നും ഈശ്വരന്‍ കാവലാവട്ടെ, തുണയാവട്ടെ..

     

Post a Comment

<< Home